കാഞ്ഞങ്ങാട്: ബസ് പണിമുടക്ക് ദിവസം കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ ഉപദ്രവിച്ചയാളെ യുവതി ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് തന്നെ ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണിൽവെച്ച് സിനിമാസ്റ്റൈലിൽ പിടികൂടിയത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു.
കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയായയിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ആരതി കയറിയ കെ.എസ്.ആർ.ടിസി ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള സഹയാത്രികർ ആരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാൻ ബാഗില്‍നിന്ന് ഫോണെടുത്തു. ഇതിനിടെ പ്രതി രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തിരുന്നു.
ബസ് കാഞ്ഞങ്ങാട്ടെത്തിയതോടെ പ്രതി ഇറങ്ങിയോടി. പിന്നാലെ ആരതിയും ഇറങ്ങി. ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. ഒടുവില്‍ പ്രതി ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെ വിവരമറിയിച്ചു.
ഉടൻ തന്നെ കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരം സാമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ, 'ഒരുത്തീ'യിലെ നായിക നവ്യആ നായർ അടക്കമുള്ളവർ ആരതിയുടെ ധൈര്യത്തെയും ചെറുത്തുനിൽപിനെയും പുകഴ്ത്തി രംഗത്തെത്തി. 'ആരതി മറ്റൊരുത്തീ ... ഒരുത്തീ 🔥🔥🔥' എന്ന അടിക്കുറിപ്പോടെയാണ് വിവരം നവ്യാനായർ പങ്കുവെച്ചത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളജിലെ എന്‍.സി.സി സീനിയര്‍ അണ്ടര്‍ ഓഫിസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ പൊലീസിൽ പരാതിപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.