കൊച്ചി: അച്ചടക്കനടപടി നേരിടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. സുജിത്ദാസ് തന്റെ ഭർത്താവിനെയും സുഹൃത്തുക്കളെയും വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട ഹരജി ബുധനാഴ്ച ഹൈകോടതിയുടെ പരിഗണനക്ക്. 2018ൽ ആറ് യുവാക്കളെ ലഹരിമരുന്നു കേസിൽ കുടുക്കിയെന്നാരോപിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഒന്നാംപ്രതി സുനിൽകുമാറിന്റെ ഭാര്യ രേഷ്മ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടുമാസം മുമ്പ് നൽകിയ ഹരജിയിൽ കോടതി സർക്കാറിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. സുജിത്ദാസിനെതിരെ വകുപ്പുതല നടപടിക്ക് നിർദേശിക്കണമെന്ന ആവശ്യവും ഹരജിയിലുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരിയിൽ ആലുവ എടത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്ന് നർകോട്ടിക്സ് സെൽ എ.എസ്.പിയായിരുന്ന സുജിത്ദാസിന്റെ തിരക്കഥപ്രകാരം ഇത് മയക്കുമരുന്ന് കേസാക്കുകയും പ്രതികളെ മറ്റൊരു കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് ഹരജിയിൽ പറയുന്നത്. ഇവരുടെ വാഹനങ്ങളിൽനിന്ന് രണ്ടര ഗ്രാം കഞ്ചാവ് പിടിച്ചെന്നാണ് കേസെടുത്തത്.
എന്നാൽ, എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് എ.എസ്.പി, സ്പെഷൽ ബ്രാഞ്ച് എ.എസ്.പി എന്നിവർ നടത്തിയ അന്വേഷണത്തിൽ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തുകയും സുജിത്ദാസിനെതിരെ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും സുജിത് ദാസിനെതിരെ സർക്കാർ എടുത്തില്ല. ആറുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്ന് മാത്രമല്ല, അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്റെ മറുപടി. പൊലീസിന്റെ അന്വേഷണം മതിയാവുന്നതല്ലെന്നും സി.ബി.ഐ പോലുള്ള ഏജൻസിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.