കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവരുേമ്പാൾ പ്രതിഷേധങ്ങളും പരിഭവങ്ങളും പതിവാണ്. നേതാക്കൻമാരുടെ ആശ്വാസവചനങ്ങളിൽ ആ പ്രതിഷേധങ്ങൾ തണുത്തലിയും. പട്ടികയിൽ ഇടംകിട്ടാതെ പോയ വനിതാ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ഇക്കുറി കോൺഗ്രസിനെയും ബി.ജെ.പിയെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളം കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു പ്രതിഷേധങ്ങൾ. കോൺഗ്രസിൽ നിന്ന് ലതികാ സുഭാഷാണ് കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതെങ്കിൽ, ശോഭാ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ പരസ്യമായി പരിഹസിച്ചു
സ്ഥാനാർഥി പട്ടികയിൽ പേരില്ലെന്നുറപ്പായാതോടെ ലതിക സുഭാഷ് മുടി മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. അസാധരണമായ നടപടി കേരളത്തിനിതാദ്യമായിരുന്നു. മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച അവർ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞു.പ്രവർത്തന പാരമ്പര്യവും, നടത്തിയ പോരാട്ടങ്ങളും, നേരിടേണ്ടി വന്ന ആക്ഷേപങ്ങളും അവർ നേതാക്കളെ ഓർമ്മിച്ചു.
മുതിർന്ന ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ആർക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കെ. സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നൽകിയിരിക്കുന്നത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പരിഹാസം. രണ്ട് സീറ്റിലും കെ.സുരേന്ദ്രന് ശോഭ വിജയാശംസകൾ നേരുകയും ചെയ്തു.
കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് തൻെറ സ്ഥാനാർത്ഥിത്വത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ മാധ്യമപ്രവർത്തകരോട് തുറന്ന് പറഞ്ഞതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഇനിയും കലഹം അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ ബിന്ദുകൃഷ്ണയും മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി രമണി പി. നായരും രാജിവെച്ചു.വനിതാ നേതാക്കളുടെ തുറന്ന പ്രതികരണങ്ങൾ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.