കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്. ഇത്തരത്തിൽ തീരുമാനമെടുത്താൽ അത്, 'ലിവ്-ഇൻ' ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ യൂനിയൻ വനിതാ ലീഗ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തരുതെന്നാവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രിക്ക് കത്തുനൽകിയതായി ജനറൽ സെക്രട്ടറി പി.കെ. നൂർബിന റഷീദ് പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക. ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽനിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് നൂർബിന സൂചിപ്പിച്ചു. '2006ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ശക്തമായ നിയമനടപടികളും ജയിൽ ശിക്ഷ ഉൾപെടെയുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്. ആ നിയമം കർശനമായി നടപ്പാക്കുന്നതിനുപകരം സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തർഥമാണുള്ളത്' -നൂർബിന പറഞ്ഞു. മുസ്ലിം ലീഗുമായി ഈ വിഷയം തങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും വനിതാ ലീഗിെൻറ നിലപാടാണ് ഇതെന്നും നൂർബിന പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത് എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവെര വ്യക്തമാക്കിയിട്ടില്ല. 'ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്' പ്രധാനമന്ത്രി പറഞ്ഞത്. "നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടൻ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കും"-കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.