ആലപ്പുഴ: ‘‘വയസ്സ് 101 ആയി, ഒരുപാട് നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ -വനിതാ മതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി. സുധാകരനോട് ആദ്യ കേരളമന്ത് രിസഭയിലെ ഏക വനിതസാന്നിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വനിതാമതിൽ കാലഘട്ടത്തിെൻറ അനിവാര്യതയാണ്.
അടിച്ചമർത്തപ്പെട്ട സ്ത്രീസമൂഹത്തിന് ഉയർത്തെഴുന്നേൽക്കാനുള്ള സുവർണാവസരമാണ് വനിതാമതിൽ. പ്രായാധിക്യമുണ്ടെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും ഗൗരിയമ്മ പറഞ്ഞു. ശവക്കോട്ടപ്പാലത്തിന് വലതുഭാഗത്ത് നിൽക്കുമെന്നാണ് ഗൗരിയമ്മ അറിയിച്ചിരിക്കുന്നത്. വനിതാമതിലിനുള്ള തെൻറ സന്ദേശവും ഗൗരിയമ്മ മന്ത്രിക്ക് കൈമാറി.
അക്ഷരം പഠിക്കാനോ അന്യരെ ദർശിക്കാനോ മാറുമറക്കാനോ സ്വാതന്ത്ര്യമില്ലാതെ ശരീരാവയവങ്ങൾക്കുപോലും നികുതി കൊടുക്കേണ്ടിവന്നിരുന്ന നവോത്ഥാന പൂർവകാലത്തുനിന്ന് നവോത്ഥാന പ്രസ്ഥാനങ്ങൾ നേടിക്കൊടുത്ത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് തടയിടണമെന്ന് ഗൗരിയമ്മ സന്ദേശത്തിൽ പറഞ്ഞു.
നവോത്ഥാന നേട്ടങ്ങളില്ലാതാക്കി സ്ത്രീകളെ വീണ്ടും ചരിത്രത്തിെൻറ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.