മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷ പബ്ലിക് ഹിയറിങ് നടത്തും -വനിത കമ്മീഷന്‍

കോട്ടയം: മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു കേള്‍ക്കുന്നതിനായി കോട്ടയം ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിങ് നടത്തുമെന്ന് കേരള വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളില്‍ തൊഴില്‍ സുരക്ഷയും സ്ത്രീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിനായി സംസ്ഥാന സര്‍ക്കാരിലേക്ക് മാര്‍ഗരേഖയും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി ഇ.എം.എസ്. ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴിലാളി സംഘടനകള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് അന്തസോടെ തൊഴിലെടുക്കാന്‍ സാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കുടുംബ പ്രശ്‌നങ്ങളെല്ലാം അതിസങ്കീർണമായ രീതിയിലേക്ക് മാറുകയാണ്. ഭാര്യ, ഭര്‍ത്താക്കന്മാര്‍ തമ്മിലും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ സങ്കീർണമായാണ് ഇന്ന് പലയിടത്തും മുന്നോട്ടു പോകുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണെന്നും അവര്‍ ഒറ്റപ്പെടലുകളും മാനസിക സംഘര്‍ഷങ്ങളും നേരിടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. ഇവരെ നോക്കാന്‍ മക്കള്‍ തയാറാണെങ്കില്‍ പോലും മക്കള്‍ക്കൊപ്പം നില്‍ക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ തയാറാകുന്നില്ല.

മുതിര്‍ന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പകല്‍ വീടുകള്‍ സ്ഥാപിക്കണം. വാര്‍ഡ് തലങ്ങളിലെ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പൊതുസമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

56 കേസുകള്‍ പരിഗണിച്ചതില്‍ 12 എണ്ണം തീര്‍പ്പാക്കി. നാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കമ്മീഷന്റെ പാനല്‍ അഭിഭാഷകരായിട്ടുള്ള അഡ്വ. ഷൈനി ഗോപി, അഡ്വ. സി. എ. ജോസ്, അഡ്വ. സി. കെ. സുരേന്ദ്രന്‍, വനിതാ സെല്‍ ഉദ്യോഗസ്ഥരായ റംല ബീവി, സി.പി.ഒ ഷാഹിന എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Women's safety in media houses will hold public hearing - Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.