കെ.എസ്.ഇ.ബിയിൽ ജോലിഭാരം: ആദ്യ ആഴ്ചയിൽ സേവനങ്ങൾ ലഭ്യമാകാതെ സെക്ഷൻ ഓഫിസുകൾ

പാലക്കാട്: എല്ലാ മാസവും ആദ്യ ആഴ്ച കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ സേവനം തേടിയെത്തുന്നവരോട് പല സബ് എൻജിനീയർമാരും പറയുന്ന വാക്കുണ്ട്- ‘അടുത്ത ആഴ്ച നോക്കാം’. ഉപഭോക്താക്കളോട് മുഖം തിരിക്കുന്നതല്ല, ഒരു പാട് ജോലികൾ ആദ്യ ആഴ്ചകളിൽ തീർക്കാനുള്ളതിനാലാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പുതിയ കണക്ഷൻ നൽകൽ, താരിഫ് മാറ്റം, ലോഡ് മാറ്റം, മീറ്റർ മാറ്റൽ, ലൈൻ മാറ്റൽ തുടങ്ങിയ ജോലികൾക്കടക്കം മേൽനോട്ടം നടത്തേണ്ടതിനാലാണ് സബ് എൻജിനീയർമാർക്ക് ആദ്യ ആഴ്ച സെക്ഷൻ ഓഫിസുകളിലെ സാധാരണ സേവനങ്ങൾ നൽകാൻ സാധിക്കാത്തത്. മാത്രമല്ല, പുതിയ ലൈൻ നിർമാണം അടക്കമുള്ള ഒരു ജോലികളും മാസത്തിലെ ആദ്യ ആഴ്ചകളിൽ സെക്ഷൻ ഓഫിസുകളിൽ നടക്കുന്നില്ല. വ്യവസായ കണക്ഷൻ കൂടുതലുള്ളതും നഗരപ്രദേശങ്ങളിലുള്ളതുമായ വിതരണ വിഭാഗം സെക്ഷൻ ഓഫിസുകളിലാണ് ഈ അവസ്ഥ.

കെ.എസ്.ഇ.ബി ഓഫിസിലെ ദൈനംദിന ജോലികൾ മുന്നോട്ടുകൊണ്ടുപോകുന്നത് സബ് എൻജിനീയർമാരാണ്. വ്യവസായ-സോളാർ കണക്ഷൻ നൽകൽ, സർക്കാർ സ്ഥാപനങ്ങളടക്കമുള്ളവയുടെ പ്രതിമാസ റീഡിങ് എന്നിവയുടെ ചുമതലയും സബ് എൻജിനീയർമാർക്കാണ്. അടുത്തകാലത്ത് സോളാർ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. അതോടെ സബ് എൻജിനീയർമാർ പ്രതിമാസ റീഡിങ് എടുക്കേണ്ട കണക്ഷനുകളുടെ എണ്ണത്തിലും വൻ വർധന വന്നു. പ്രതിമാസ റീഡിങ് അഞ്ചാം തീയതിക്കുള്ളിൽ തീർക്കണമെന്നാണ് നിർദേശം.

ഈ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായി ധൃതി പിടിച്ച് റീഡിങ് എടുക്കുമ്പോൾ തെറ്റുകൾ വരുന്നതും തുടർന്ന് ഓഡിറ്റർമാർ സബ് എൻജിനീയർമാർക്ക് എതിരെ നടപടി എടുക്കുന്നതും പതിവാണ്. റീഡിങ്ങിന്റെ കുറച്ചുഭാഗം ഓവർസിയർമാർ എടുക്കുന്നുണ്ടെങ്കിലും ദൈനംദിന സെക്ഷൻ ഓഫിസ് ജോലി തടസ്സപ്പെടുന്നതിനാൽ അധിക ബാധ്യത ഏറ്റെടുക്കാറില്ല. പലതവണ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്നാണ് പരാതി. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ അടക്കം മീറ്റർ റീഡിങ് മീറ്റർ റീഡർമാർക്ക് നൽകിയാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടേക്കുമെന്നും പറയുന്നു.

Tags:    
News Summary - Work load at KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.