കോഴിക്കോട്: ആയിരക്കണക്കിന് കുട്ടികൾക്ക് ബിരുദപ്രവേശനം വെല്ലുവിളിയായിരിക്കേ, സർക്കാർ അനുവദിച്ച സീറ്റ് വർധനപോലും വെട്ടിക്കുറച്ച് കാലിക്കറ്റ് സർവകലാശാല. പഠിപ്പിക്കാനും മറ്റുമായി കൂടുതൽ ജോലി ചെയ്യേണ്ടതിനാൽ പ്രമുഖ അധ്യാപക സംഘടനകളുടെ എതിർപ്പാണ് സീറ്റ് വർധിപ്പിക്കാൻ തടസ്സമാകുന്നത്. ഇതോടെ, മലബാറിൽ പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് കോളജ് പ്രവേശനം കടുത്ത വെല്ലുവിളിയാകും.
കഴിഞ്ഞ അധ്യയന വർഷം സീറ്റ് ഗണ്യമായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. ബിരുദത്തിന് 70 കുട്ടികൾക്ക് വരെ പ്രവേശനം നൽകാമെന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഇറക്കിയ ഉത്തരവിലുണ്ടായിരുന്നത്. പി.ജി ക്ലാസുകളിൽ സയൻസ് വിഷയങ്ങൾക്ക് 25ഉം ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30ഉം സീറ്റ് വരെയാകാമെന്നും നിർദേശിച്ചിരുന്നു. സർക്കാറിന് അധിക ബാധ്യത വരാതെയുള്ള ഈ നീക്കം വിദ്യാർഥികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, ബിരുദപ്രവേശന നടപടികൾ തുടങ്ങാനിരിക്കെയാണ് കാലിക്കറ്റിൽ സീറ്റ് വർധനവിൽ വെള്ളം ചേർത്തത്. ഈ അധ്യയന വർഷം സീറ്റ് വർധിപ്പിക്കണോ അല്ലെങ്കിൽ കുറക്കണോയെന്ന് സർക്കാർ തീരുമാനമെടുക്കുന്നതിനുമുമ്പാണ് ഈ നടപടി. ബി.എ, ബി.കോം ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകൾക്ക് പരമാവധി 20 കുട്ടികളാക്കി ഒതുക്കി. എം.എസ് സിക്ക് 25 പേരെ പ്രവേശിപ്പിക്കാമെങ്കിലും 20 ആയി ചുരുക്കി.
കൂടുതൽ വിദ്യാർഥികളെത്തുമ്പോൾ അധ്യാപകർക്ക് ജോലി കൂടുമെന്ന് ചില സംഘടനകൾ ശ്രദ്ധയിൽപെടുത്തിയതിനാലാണ് സീറ്റ് കുറച്ചതെന്ന് ആക്ഷേപമുണ്ട്. സ്കൂളുകളിൽ കുട്ടികൾ വർധിക്കുമ്പോൾ പുതിയ ബാച്ചുകളുണ്ടാകാറുണ്ട്. എയ്ഡഡ് സ്ഥാപനങ്ങൾക്ക് അധ്യാപക നിയമനത്തിനും അവസരമൊരുങ്ങും. എന്നാൽ, എയ്ഡഡ് കോളജുകളിൽ ഈ അവസരമില്ലാത്തതിനാൽ നിലവിലെ അധ്യാപകരും മാനേജ്മെന്റും സീറ്റ് വർധന നിരുത്സാഹപ്പെടുത്തുകയാണ്. മുൻവർഷങ്ങളിൽ സീറ്റ് വർധനക്ക് പല സർക്കാർ കോളജുകളും അപേക്ഷിച്ചിരുന്നില്ല. പ്ലസ് ടു ഫലമനുസരിച്ച് 1.68 ലക്ഷം വിദ്യാർഥികൾ മലബാറിൽ മാത്രം ബിരുദപ്രവേശനത്തിന് കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 69,582 പേർക്ക് മാത്രമാണ് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ പ്രവേശനം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.