കൊച്ചി: അധികച്ചുമതലകളും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മൂലം ജോലിഭാരത്താൽ വീർപ്പുമുട്ടി തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ. ജോലിഭാരത്തിലും തൊഴിൽ പ്രശ്നങ്ങളിലും മുന്നിൽ നിൽക്കുന്ന വകുപ്പായി തദ്ദേശ സ്വയംഭരണം മാറിയെന്നാണ് കണക്കുകൾ നിരത്തി ജീവനക്കാർ പറയുന്നത്. 42 വർഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണിന് പുറമെ എടുത്താൽ പൊങ്ങാത്ത ജോലികളും കൂടിയായതോടെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നാളുകളായി താളംതെറ്റിയ അവസ്ഥയിലാണ്.
ജോലിഭാരവും ഇതുമൂലമുള്ള മാനസിക സമ്മർദവും ജീവനക്കാരുടെ ആത്മഹത്യക്കും അകാലമരണത്തിനും വരെ കാരണമാകുന്നുവെന്നും ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന അടുത്തിടെ സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇതര വകുപ്പുകളിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്ന ചുമതലകൾക്ക് അനുസരിച്ച് ജീവനക്കാരെ അധികമായി നൽകാത്തതാണ് ജോലിഭാരം വർധിക്കാൻ കാരണമായി പറയുന്നത്.
സാമൂഹിക സുരക്ഷാ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങളെ ഏൽപിച്ചപ്പോൾ മറ്റ് വകുപ്പുകളിൽനിന്ന് ജീവനക്കാരെ പുനർവിന്യസിച്ചെങ്കിലും ഇവർ പിന്നീട് മാതൃവകുപ്പിലേക്ക് മടങ്ങി. വിവിധ മിഷനുകൾ വഴിയുള്ള പ്രവർത്തനങ്ങളുടെ നിർവഹണത്തിന് നോഡൽ ഏജൻസിയായി തദ്ദേശസ്ഥാപനങ്ങളെ നിശ്ചയിച്ചതോടെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയായി.
പ്രതിവർഷം നൂറോളം ജീവനക്കാർ സർവിസിലിരിക്കെയും കോവിഡിനുശേഷം മുന്നൂറിലധികം ജീവനക്കാർ അകാലത്തിലും മരണപ്പെട്ടതായും ഇതിന് പ്രധാന കാരണം ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദമാണെന്നും കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൻ. പ്രമോദ് പറയുന്നു.
അസി. എൻജിനീയർ തസ്തിക വേണ്ടെന്ന് വെച്ച് മാതൃവകുപ്പിൽ ഓവർസിയറായി തുടരാൻ താൽപര്യപ്പെടുന്നവരും വകുപ്പ് വിട്ടുപോയവരും ഏറെയാണ്. 1982ലെ സ്റ്റാഫ് പാറ്റേണാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇപ്പോഴും.
ഇതിന് പുറമെയാണ് അതിദാരിദ്ര്യ നിർമാർജനം, ഡിജി കേരള പദ്ധതി, മാലിന്യ സംസ്കരണം, തദ്ദേശ അദാലത്, വോട്ടർപട്ടിക പുതുക്കൽ, വാർഡ് വിഭജനം, കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് തുടങ്ങിയ പുതിയ ജോലികൾ കൂടി പഞ്ചായത്ത് ജീവനക്കാരുടെ തലയിലായത്.
ജില്ലതോറും നൂറുകണക്കിന് അസി. സെക്രട്ടറിമാരുടെയും എൻജിനീയർമാരുടെയും ക്ലറിക്കൽ ഉദ്യോഗസ്ഥരുടെയും ഒഴിവുണ്ടെങ്കിലും നികത്താൻ തയാറായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.