കോഴിക്കോട്: മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഒന്നാം വർഷ വിദ്യാർഥി കോഴ്സ് വിട്ടു. വിദ്യാർഥിയുടെ പരാതിയിൽ രണ്ട് പി.ജി വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രിന്‍സിപ്പലിന്‍റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസ്ഥിരോഗ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥി കൊല്ലം സ്വദേശി ഡോ. ജിതിൻ ജോയി നൽകിയ പരാതിയിലാണ് രണ്ടാം വർഷ വിദ്യാർഥികളായ ഡോ. ജെ. എച്ച്. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവരെ സസ്പെൻഡ് ചെയ്തത്.
സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജോലി ഭാരവും സീനിയേഴ്സിന്‍റെ സമ്മർദവും താങ്ങാനാകുന്നില്ലെന്നും ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യേണ്ടി വരുന്നുവെന്നുമാണ് പരാതി. അതുകൊണ്ട് കോഴ്സ് നിർത്തി മറ്റൊരു കോഴ്സ് തിരഞ്ഞെടുക്കുകയാണെന്ന് ജിതിൻ കോളജ് അധികൃതരെ അറിയിച്ചു.
തുടർന്ന് കോളജിൽ ആന്‍റി റാഗിങ് സ്ക്വാഡ് രൂപവത്കരിക്കുകയും ജിതിന് മാനസിക സമ്മർദമുണ്ടാകുന്ന തരത്തിൽ ജോലി നൽകിയ രണ്ട് മുതിർന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. അതേസമയം, കോവിഡ് തുടങ്ങിയതു മുതൽ ഊണും ഉറക്കവുമില്ലാതെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പി.ജിക്കാർ ജോലി ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതും പി.ജി ഡോക്ടർമാരാണ്.
ഫാക്കൽറ്റികളും പി.ജി വിദ്യാർഥികളും ആവശ്യത്തിനു പോലുമില്ലാത്ത അവസ്ഥയാണ് നിലവിൽ മെഡിക്കൽ കോളജിലുള്ളത്. രോഗികളുടെ എണ്ണം വളരെ കൂടുതലും. പുതുതായി വന്ന വിദ്യാർഥിക്ക് ഈ സമ്മർദം താങ്ങാനാവാത്തതാണ് പ്രശ്നം. കൂടുതൽ ഫാക്കൽറ്റികളെയും പി.ജി സീറ്റുകളും അനുവദിച്ച് ജോലി ഭാരം കുറക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.