കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു- വി.ശിവൻകുട്ടി

കോഴിക്കോട് : സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങി ഏതു പ്രശ്‌നങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ തുടങ്ങിയ സഹജ കോൾസെന്റർ സംവിധാനമാണ് ഇതിൽ ഏറ്റവും പുതിയത്.

തൊഴിൽ വകുപ്പിന്റെ സജീവമായ ഇടപെടൽ എല്ലാ തൊഴിൽ മേഖലയിലുമുണ്ടെന്നും വികസന സൗഹൃദ തൊഴിൽ സംസ്‌കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ സ്വീകരിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമായി നിലവിലുള്ള നിയമങ്ങളിൽ ഒൻപത് നിയമഭേദഗതികളാണ് കഴിഞ്ഞ വർഷം വകുപ്പ് കൊണ്ടുവന്നത്.

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചതും ചുമട് ഭാരം 75 കിലോയിൽ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകൾക്കും കൗമാരക്കാർക്കും എടുക്കാവുന്ന പരമാവധി ചുമട് ഭാരം 35 കിലോയാക്കി. ഇന്ന് ഏറെ വിഷമതകൾ നേരിടുന്ന അസംഘടിതരായ ഗാർഹിക തൊഴിലാളി മേഖലയുടെ പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന പ്രകാശന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങി. ലേബർ കമ്മിഷണർ അനുപമ ടി വി, എംപ്ലോയ്‌മെന്റ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, തൊഴിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി.രാമചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Workplaces are becoming more women-friendly in Kerala - Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.