കൊച്ചി: ജീവിതത്തിന് മുന്നിൽ കോവിഡ് ഇരുൾപരത്തുേമ്പാൾ കാഴ്ചവൈകല്യം നേരിടുന്ന മൂവർ സംഘം വീണ്ടും കൈയൂന്നുകയാണ് സംഗീതത്തിെൻറ 'വൈറ്റ് കെയ്നി'ൽ.
ആലപ്പുഴക്കാരൻ തബലിസ്റ്റ് ജയ്മോനും തൃശൂരിൽനിന്നുള്ള ഫ്ലൂട്ടിസ്റ്റ് മുത്തുവും എറണാകുളത്തെ ഗിറ്റാറിസ്റ്റ് ബെന്നിയും പരസ്പരം കണ്ടിട്ടില്ല.
പക്ഷെ, സംഗീത വഴിയിൽ ഒന്നിച്ചിട്ട് പതിറ്റാണ്ട് പിന്നിട്ടു.ബുധനാഴ്ച തമ്മനത്തെ റെക്കോഡിങ് സ്റ്റുഡിയോയിൽ ഏതാനും ട്രെയിലർ ചെയ്തു, പ്രശസ്ത മലയാളം, ഹിന്ദി, തമിഴ് പാട്ടുകൾ പാടി. മഹാമാരി കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ വെർച്വൽ മ്യൂസിക് ഷോയിലേക്ക് നീങ്ങുകയാണ് ലക്ഷ്യം.
ജന്മദിനങ്ങളിലോ വിശേഷദിവസങ്ങളിലോ ആർക്കും ഇവരുടെ സംഗീതം ഓൺലൈനിൽ ലൈവായി ലഭിക്കും. ആവശ്യപ്പെടുന്ന ഏത് പാട്ടും പാടും. ഫേസ്ബുക്കിൽ ലൈവായി പരിപാടി അവതരിപ്പിച്ച് സംഭാവന സ്വീകരിച്ചും ജീവിതവഴി നിലച്ചുപോകാതെ നോക്കാനുള്ള ശ്രമത്തിലാണ് സംഘം.
സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഫോർ വിഷ്വലി ചലഞ്ച്്ഡ് എന്ന സന്നദ്ധ സംഘടനയുടെ ശ്രമഫലമായി ഒന്നിച്ചവരാണ് മൂവരും. 2005ൽ രൂപവത്കരിച്ച കാഴ്ച വൈകല്യമുള്ളവരുടെ ഓർക്കസ്ട്രയിൽ ഇവർ അംഗമായിരുന്നു. പിന്നീട് ഗിറ്റാർ, ഫ്ലൂട്ട്, തബല എന്നിവയുമായി ഇവർ അവതരിപ്പിച്ച ഇൻസ്ട്രുമെൻറൽ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു.
രണ്ടുവട്ടം വിദേശത്തും ഷോ അവതരിപ്പിച്ചു. അങ്ങനെ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിലും ആസ്റ്റർ മെഡ്സിറ്റിയിലും സംഗീതം അവതരിപ്പിക്കാൻ സ്ഥിരമായി അവസരം കിട്ടി. ഉച്ചക്കും വൈകീട്ടുമായി രണ്ടിടത്തും പരിപാടികൾ നടത്തിവന്നു. അതിലൂടെ ലഭിച്ച വരുമാനത്തിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവുമായി മുന്നോട്ടുപോകുേമ്പാഴാണ് കോവിഡ് വന്നത്.
വരുമാനമില്ലാതെ വീട്ടിൽ ഇരിക്കുന്ന സ്ഥിതി വന്നതോടെയാണ് അതേ സന്നദ്ധ സംഘടന പ്രോജക്ട് ഡയറക്ടർ എം.സി. റോയി, സെക്രട്ടറി സുനിൽ ജെ. മാത്യു എന്നിവർ പുതിയ ആശയം മുന്നോട്ടുവെച്ചത്. സംഗീതം വീണ്ടും ഓൺലൈനിലൂടെ കൈപിടിക്കുമെന്ന ഉറപ്പിൽ അവർ അങ്ങനെ റെക്കോഡിങിൽ മുഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.