ശാസ്താംകോട്ട: എട്ടാം ക്ലാസ് മുതലുള്ള സ്വപ്നത്തിനായി ഉറക്കമിളച്ചിരുന്ന് പഠിച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനെത്തിയ 18കാരിയുടെ മനഃസാന്നിധ്യംതന്നെ തകർത്തുകൊണ്ട് ആ പരിശോധക ചോദിച്ചു, നീറ്റ് പരീക്ഷ എഴുതണോ വസ്ത്രം ധരിക്കണോ? ചോദ്യത്തിന് മുന്നിൽ പതറിപ്പോയതോടെ ഏറെ ആഗ്രഹത്തോടെ എഴുതാനെത്തിയ പരീക്ഷയുടെ ഉത്തരങ്ങൾ ആകെ തെറ്റിപ്പോയത് ഓർത്ത് കടുത്ത സങ്കടത്തിലാണ് ആ വിദ്യാർഥിനി. ആയൂരിലെ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ നിന്ന് ശൂരനാട്ടെ വീട്ടിലെത്തിയിട്ടും, മണിക്കൂറുകൾ കഴിഞ്ഞ് പരാതിയിൽ മൊഴിയെടുക്കാൻ പൊലീസ് എത്തിയിട്ടും, ആ സങ്കടം വിട്ടൊഴിയാത്ത സ്വരത്തിലാണ് വിദ്യാർഥിനി സംസാരിച്ചത്.
നീറ്റ് നിർദേശിച്ച തരത്തിൽ വസ്ത്രം ധരിച്ചാണ് കുട്ടി കോളജിനകത്ത് പ്രവേശിച്ചത്. 10 മിനിറ്റിന് ശേഷം കരഞ്ഞുകൊണ്ട് ഗേറ്റിനടുത്തെത്തിയ കുട്ടി മാതാവിന്റെ ഷാൾ വാങ്ങി തിരികെ പോയി. പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതിയ രക്ഷിതാക്കൾ മടക്കയാത്രയിൽ മാനസികമായി തകർന്ന നിലയിൽ കുട്ടിയെ കണ്ട് വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങൾ മാതാവിനോട് പറഞ്ഞത്.
'മൂന്ന് വനിത ഉദ്യോഗസ്ഥരാണ് പരിശോധനക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു ഉദ്യോഗസ്ഥയാണ് കർശന നിലപാട് സ്വീകരിച്ചത്. അടിവസ്ത്രം അഴിച്ചുമാറ്റാതെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് നിർബന്ധം പിടിച്ചു. നീറ്റ് പരീക്ഷ എഴുതണോ വസ്ത്രം ധരിക്കണോ എന്നാണ് ചോദിച്ചത്. അപ്രകാരം അനുസരിച്ചതിനെ തുടർന്നാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. അടിവസ്ത്രത്തിലെ ലോഹ കൊളുത്തുകൾ കാരണം സ്കാനിങ്ങിൽ ശബ്ദമുണ്ടായതാണ് അഴിച്ചുവെപ്പിക്കാൻ കാരണമായി പറഞ്ഞത്. കോളജിൽ പരീക്ഷക്കെത്തിയ നിരവധി പെൺകുട്ടികൾക്ക് ഇതേ അനുഭവമാണ് ഉണ്ടായത്. എല്ലാവരുടെയും അടിവസ്ത്രങ്ങൾ വാങ്ങി കൂട്ടിയിടുകയായിരുന്നു'.
മാനസികസമ്മർദം മൂലം പരീക്ഷ നന്നായി എഴുതാൻ കഴിയാതെപോയെന്നും അപമാനിതയായെന്നും ചൂണ്ടിക്കാട്ടി പരീക്ഷ കഴിഞ്ഞുള്ള മടക്കയാത്രയിൽ കുട്ടിയുടെ പിതാവ് കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം സ്റ്റേഷനിലെ വനിത എസ്.ഐ പ്രിയയുടെ നേതൃത്വത്തിൽ പൊലീസ് കുട്ടിയുടെ ശൂരനാട്ടെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.