തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരി സാറാ തോമസിന് അക്ഷരകേരളത്തിന്‍റെ അന്ത്യാഞ്ജലി. പാറ്റൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്ഥാന ബഹുമതികളോടെ ശനിയാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിച്ചു.
നന്ദാവനം പൊലീസ് ക്യാമ്പിന് എതിര്‍വശത്തുള്ള വസതിയായ പ്രശാന്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, എ.ഡി.ജി.പി മനോജ് എബ്രഹാം, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു തുടങ്ങിയ പ്രമുഖര്‍ മലയാളത്തിന്റെ പ്രിയകഥാകാരിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. വിവിധ സാഹിത്യസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും പ്രതിനിധികളും യാത്രാമൊഴി ചൊല്ലാന്‍ എത്തിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വൈകീട്ട് മൃതദേഹം പാറ്റൂര്‍ പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുവന്നു. മക്കളായ ശോഭ ജോര്‍ജ്, ദീപ തോമസ് എന്നിവരും ബന്ധുക്കളും വിലാപയാത്രയെ അനുഗമിച്ചു. മാര്‍ത്തോമ സഭ സഫ്രഗന്‍ മെത്രാപൊലീത്ത ജോസഫ് മാർ ബര്‍ണബാസ് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി.
സാഹിത്യനിരൂപകനും പണ്ഡിതനുമായ ഡോ.കെ.എം. ജോര്‍ജ് അന്ത്യവിശ്രമം കൊള്ളുന്ന പാറ്റൂര്‍ പള്ളിയിലെ മണ്ണിലാണ് സാറാ തോമസിനും കല്ലറ തീര്‍ത്തത്. മരണാനന്തര പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് നാലിന് നന്ദാവനത്തെ വസതിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.