തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇൗ മാസം 22ന് തൃശൂരിൽ തുടക്കം. 25വരെ നീളുന്ന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തയാറെടുപ്പുകള്‍ ഇ.പി. ജയരാജെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി ചര്‍ച്ചചെയ്തു. 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582പേര് പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ 22-ന് രാവിലെ മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദന് പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗറില്‍ 21-ന് വൈകീട്ട് ആറിന് സ്വാഗതസംഘം ചെയര്മാന് ബേബിജോണ്‍ പതാക ഉയര്‍ത്തും. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുമുള്ള ദീപശിഖകള്‍ 21-ന് വൈകീട്ട് തൃശൂരിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദീപശിഖ തെളിക്കും. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, ബൃന്ദാകാരാട്ട്, എ.കെ. പത്മനാഭൻ, എം.എ. ബേബി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
കൊടിമരം വയലാറില്‍നിന്ന് പതാക കയ്യൂരില്‍നിന്നുമാണ് കൊണ്ടുവരുന്നത്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദെൻറ നേതൃത്വത്തില്‍ വയലാറില്‍നിന്ന് 19ന് ആരംഭിക്കുന്ന കൊടിമര ജാഥ വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദന് മാസ്റ്ററുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക് കൊണ്ടുവരുന്ന പതാക ഫെബ്രുവരി 16ന് കയ്യൂരില്‍ ഇ.പി. ജയരാജന്, ഗോവിന്ദന് മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. 577 രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍നിന്ന് പുറപ്പെടുന്ന ദീപശിഖ പ്രയാണത്തിെൻറ തിരുവനന്തപുരം പാറശ്ശാലയിലെ ഉദ്ഘാടനം എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വന് വ്യാഴാഴ്ച നിര്‍വഹിച്ചു.
വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പൈവെളികയില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണത്തിെൻറ ഉദ്ഘാടനം പി. കരുണാകരന് എം.പി നിര്‍വഹിക്കും. കാര്യമായ വിഭാഗീയതയൊന്നുമില്ലാതെ ജില്ല സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിന് കഴിഞ്ഞദിവസങ്ങളിൽ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ അംഗീകാരം നൽകി. റിപ്പോർട്ടിൽ സി.പി.െഎക്കെതിരെയും വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശങ്ങളുള്ളതിനാൽ ചൂടേറിയ ചർച്ചകൾക്ക് സമ്മേളനം സാക്ഷ്യംവഹിക്കും. ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ കൈക്കൊള്ളേണ്ട നിലപാട് സംബന്ധിച്ചും വിശദമായ ചർച്ചയുണ്ടാകും. നിലവിലെ സ്ഥിതിയിൽ കോടിയേരി ബാലകൃഷ്ണൻ തന്നെ വീണ്ടും സെക്രട്ടറിയായി തുടരാനുള്ള സാധ്യതയാണ് ഏറെ. സംസ്ഥാന സമിതി അംഗങ്ങളിൽ ചിലർ മാറാൻ സാധ്യതയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.