ചടയമംഗലം (കൊല്ലം): യുവ അഭിഭാഷക ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം മേടയിൽ ശ്രീമൂലത്തിൽ കണ്ണൻ നായരാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നാണ് ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താനെ (25) ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവിൽനിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാതെയാണ് ആത്മഹത്യയെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പൊലീസിൽ ഐശ്വര്യയുടെ സഹോദരൻ അതുൽ പരാതി നൽകിയിരുന്നു. തുടർന്ന് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഐശ്വര്യയുടെ ഡയറി വീട്ടിൽനിന്ന് കണ്ടെത്തി. അതിൽ താൻ അനുഭവിച്ചിരുന്ന പീഡനങ്ങളെക്കുറിച്ചും ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിനുകാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിരുന്നു. തുടർന്നാണ് ചടയമംഗലം പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
മൂന്നു വർഷം മുമ്പാണ് മംഗലത്ത് വീട്ടിൽ പരേതനായ അരവിന്ദാക്ഷൻപിള്ളയുടെയും റിട്ട. അധ്യാപിക ഷീലയുടെയും മകളായ ഐശ്വര്യയെ കണ്ണൻ നായർ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഒരുവർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസലിങ് നടത്തി ഒരുമിച്ചു താമസിച്ചുവരുകയുമായിരുന്നു. ക്രൂരപീഡനമാണ് ഐശ്വര്യ ഭർത്താവിൽനിന്ന് നേരിട്ടതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ് ചെറിയ കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനമാണ് ഏല്‍ക്കുന്നതെന്നും ഡയറിയിലുണ്ട്. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.