തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. അടൂർ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്.
പിടിയിലായ കൊടുമൺ സ്വദേശിനിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമൺ പൊലീസിന് കൈമാറി. അനിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയിൽ ഹാജരാക്കും.
യുവതിയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്. മുറിയിൽ നിന്ന് ലഭിച്ച യുവാവിന്റെ ബാഗിൽ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
എലിപ്പനി ബാധിതനായി അനിൽ കുമാർ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊടുമൺ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.