നെടുമങ്ങാട്: വിക്രം സാരാഭായ് സ്‍പേസ് സെന്ററിൽ (വി.എസ്.എസ്.സി) ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒരാളെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാർ (42) ആണ് പിടിയിലായത്.
ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് വി.എസ്.എസ്.സിയുടെ തുമ്പ, വട്ടിയൂർകാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ, പി.ആർ.ഒ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിൽ 750ലധികം ഒഴിവുകളുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. തുമ്പ വി.എസ്.എസ്.സി സീനിയർ ഹെഡ് ബി. അനിൽകുമാർ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രതി സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.