കിളിമാനൂർ: പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ബന്ധുക്കളെ ക്ഷണിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. നഗരൂർ ചെമ്മരത്തുമുക്ക് രാലൂർക്കാവ് പുതുശേരി വിളാകത്ത് വീട്ടിൽ എസ്.ആർ. സിബിൻ (25) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മൈൽക്കുറ്റിയിലിടിച്ച് മറിഞ്ഞ് റോഡരികിലെ ഓടയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
ഞായറാഴ്ച രാത്രി 10.40ന് കിളിമാനൂർ -ആലംകോട് റോഡിൽ ചൂട്ടയിൽ മുസ്‍ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം. വിദേശത്ത് ജോലി ചെയ്തിരുന്ന സിബിൻ രാലൂർക്കാവിൽ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കായാണ് കഴിഞ്ഞമാസം നാട്ടിലെത്തിയത്.
ചടങ്ങിന് അടുത്ത ബന്ധുക്കളെ ക്ഷണിക്കാൻ പോയശേഷം രാത്രി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. സിബിൻ സഞ്ചരിച്ച ബൈക്ക് ചാറ്റൽമഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ മൈൽകുറ്റിയിലിടിച്ച് ഓടയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
അപകട സമയത്ത് മറ്റാരും ഇല്ലാത്തതിനാൽ അരമണിക്കൂറോളം സിബിൻ അവിടെ രക്തം വാർന്നുകിടന്നു. അപകടവിവരം അറിഞ്ഞ് പൊലീസും സിബിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സിബിൻ പുതുതായി നിർമ്മിച്ച വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. എം. സ്വാമിദാസ്, ജി.എസ്.രാജേശ്വരി (അങ്കണവാടി ടീച്ചർ) ദമ്പതികളുടെ മകനാണ്. സഹോദരൻ: സിജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.