തൃശൂർ: തിരുവോണ ദിനത്തിൽ തൃശൂരിൽ രണ്ടിടങ്ങളിൽ കൊലപാതകം. ഇരിഞ്ഞാലക്കുടയിലും ചെന്ത്രാപിന്നിയിലുമാണ് കൊലാപതകങ്ങളുണ്ടായത്. ഇരിഞ്ഞാലക്കുടയിൽ വീട്ടുവാടകയെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് മർദനമേറ്റു മരിക്കുകയായിരുന്നു. ചെന്ത്രാപിന്നിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ബന്ധുവിൻെറ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.
ഇരിഞ്ഞാലക്കുടയിൽ മനപ്പടി സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുടമയെയും സംഘത്തെയും പൊലീസ് തിരയുന്നു. നേരത്തെ മുതൽ വാടക സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. വീട്ടുടമ സംഘം ചേർന്ന് എത്തി ബലമായി വീട് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ താമസക്കാരായ ശശിധരനും മകൻ സൂരജിനും മർദനമേൽക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെയോടെ സൂരജ് മരിക്കുകയുമായിരുന്നു.
ഒളിവിൽ പോയ വീട്ടുടമ ലോറൻസിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ചെന്ത്രാപിന്നിയിൽ, സുരേഷ് (52) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ നേരത്തെയും കുടുംബപരമായി തർക്കം നിലനിന്നിരുന്നു. കഴുത്തിൽ കത്തികൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തതായാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.