കണ്ണൂരിൽനിന്ന് ട്രെയിൻ കിട്ടിയില്ല, ബോംബ് ഭീഷണി മുഴക്കി വൈകിപ്പിച്ച് ഷൊർണൂരിൽനിന്ന് കയറി; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: റിസർവ് ചെയ്ത ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പിടിയിൽ. വെസ്റ്റ്ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് (19) കണ്ണൂര്‍ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

വിദ്യാര്‍ഥിയായ സൗമിത്ര മണ്ഡൽ കണ്ണൂരിലെ ബന്ധുവീട്ടില്‍ സന്ദർശനം നടത്തിയശേഷം ഞായറാഴ്ച പുലർച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂർ റെയിൽവേ സ്​റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിൻ വിട്ടു. വണ്ടിയിൽ കയറാനാവാത്ത അമർഷത്തിൽ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചതായി പറയുകയായിരുന്നു.

ഇതോടെ ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തി. 50 മിനിറ്റോളം വൈകി 5.27നാണ് വെസ്റ്റ് കോസ്റ്റ് ഷൊർണൂരിലെത്തിയത്. പുലർച്ചെ രണ്ടരയോടെ കണ്ണൂരിലെത്തിയ കൊച്ചുവേളി-ചണ്ഡിഗഢ് എക്സ്പ്രസിൽ കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയ സൗമിത്ര, വെസ്റ്റ് കോസ്റ്റില്‍ കയറിപ്പറ്റുകയും ചെയ്തു.

ഇതിനിടെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കാളുകളും സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൗമിത്രയെ പിന്തുടരുകയായിരുന്നു. ചെന്നൈയില്‍നിന്നാണ് ഇയാൾ പിടിയിലായത്. 

Tags:    
News Summary - Youth arrested for bomb threat in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.