കൊച്ചി: പറ്റുന്ന നിയമലംഘനങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ല, ഹെൽമറ്റും മാസ്കും ഉടുപ്പും ധരിച്ചിട്ടില്ല... ഓടിക്കുന്നതോ രൂപമാറ്റം വരുത്തിയ ബൈക്കും. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ നിയമങ്ങൾ കാറ്റിൽ പറത്തി ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പൊലീസ് വലയിലാക്കുകയും ചെയ്തു.
ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനെയാണ് പൊലീസ് പിടികൂടിയത്. നിയമലംഘനം നടത്തി റിച്ചൽ ബൈക്കോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളാണ് മറ്റൊരു ബൈക്കിൽ യാത്ര ചെയ്ത് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ പരിശോധിച്ച സൈബർ പൊലീസ് എറണാകുളം മുനമ്പത്തുനിന്നുള്ള വീഡിയോ ആണ് ഇതെന്ന് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് റിച്ചൽ പിടിയിലായത്. മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസൻസില്ലാതെയും ഹെൽമറ്റില്ലാതെയും വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് നിയമം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. റിച്ചലിന്‍റെ സുഹൃത്തിന്‍റെയാണ് ബൈക്ക്. അനുമതിയില്ലാതെ ബൈക്കിൽ രൂപമാറ്റം വരുത്തിയതിനും കേസുണ്ട്. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കുമെന്നു മുനമ്പം എസ്.ഐ പറഞ്ഞു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് സുഹൃത്തിനെതിരെയും നടപടിയുണ്ടാകും. മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്‍റിനു ഇതുസംബന്ധിച്ച വിവരം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.