തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർകോട് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പൊലീസിൽ കിഴടങ്ങിയത്. യൂത്ത് കോൺഗ്രസ് കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി നിർദേശപ്രകാരം കീഴടങ്ങിയ ജയ്‌സനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഇയാളെ ചോദ്യം ചെയ്തു. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലും സംഘവുമാണ് ചോദ്യംചെയ്തത്. ജയ്‌സന്റെ നേതൃത്വത്തിലാണ് വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ‘ആപ്’ നിർമിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദൻ ഉൾപ്പെടെ കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ജയ്സനെ ആപ് നിർമിക്കാൻ സഹായിച്ചത് രാകേഷായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്. തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമിച്ചതെന്നും വ്യാജ കാർഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേർത്തെന്നും പരാതിയിൽ പറഞ്ഞിരുന്നു.
സി.ആർ കാർഡ് എന്ന ആപ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം. ആപ്ലിക്കേഷന്റെ ലിങ്കും പരാതിക്കൊപ്പം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് പരാതിയിലെ ആവശ്യം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് ദേശീയ പ്രസിഡന്റ്, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.