പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ മാ​ർ​ച്ച്​ സം​ഘ​ർ​ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ അ​ബി​ൻ വ​ർ​ക്കി​യെ പൊ​ലീ​സ്​ വ​ള​ഞ്ഞി​ട്ട്​ ത​ല്ലു​ന്നു          -ഫോട്ടോ: പി.​ബി. ബി​ജു

ഡി.വൈ.എഫ്.ഐക്കാരനായ എസ്.ഐ പ്രകോപനമുണ്ടാക്കി, അടികൊള്ളാൻ തയാറായാണ് വന്നത് -അബിൻ വർക്കി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കാരനായ കന്‍റോൻമെന്‍റ് എസ്.ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വർക്കി. എ.ഡി.ജി.പിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം നടത്തിയാൽ അടി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്. ഇനിയും അടിക്കട്ടെ, അടികൊള്ളാൻ തയാറായിതന്നെയാണ് വന്നത്. അടിച്ച് സമരം തീർക്കാൻ നോേക്കണ്ട. യുവജന സമരത്തെ അടിച്ചൊതുക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഹേമ കമ്മിറ്റി വിഷയത്തിൽ പരാതി കൊടുത്തപ്പോഴേ ഈ അടി പൊലീസിൽ നിന്ന് പ്രതീക്ഷിച്ചതാണ്. എ.കെ.ജി സെന്ററിൽനിന്ന് ആളെ വിട്ടാണ് ഞങ്ങളെ അടിച്ചതെന്ന് അബിന്‍ വർക്കി പറഞ്ഞു.

കൊമ്പുകോർത്തു; പിന്നെ തല്ലിച്ചതച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് യൂത്ത് കോൺഗ്രസുകാർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് എബിൻ വർക്കി എന്നിവർ പ്രസംഗിച്ചതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്‌. ആദ്യം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇത് ആവർത്തിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാതെ പ്രവർത്തകർ പ്രതിഷേധിച്ചതോടെ തുടർച്ചയായി നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസുമായി കൊമ്പുകോർത്തു. പ്രകോപന മുദ്രാവാക്യം വിളികളുമായി തള്ളിക്കയറി. ജലപീരങ്കി വാഹനത്തിന് നേരെയും പാഞ്ഞടുത്തു. കൊടികെട്ടിയ കമ്പും ചെരിപ്പും വലിച്ചെറിഞ്ഞു.

വാഹനത്തിന് മുൻവശത്തേക്ക് കയറിയും വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധം തുടർന്നു. ഇതിനിടെ ചിലർ വീണ്ടും പൊലീസുമായി വാക്കേറ്റവും കൈയാങ്കളിയുമായി.

പിന്നാലെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഒരു ഭാഗത്ത് പ്രതിഷേധം തുടരുന്നതിനിടെ വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ചു. അകത്ത് നിലയുറപ്പിച്ച പൊലീസുകാർ ഇത് തടഞ്ഞു. പ്രവർത്തകയെ ലാത്തികൊണ്ട് മർദിച്ചതായി ആരോപിച്ച് രാഹുലും എബിനും ഉൾപ്പെടെ മതിലിന് മുകളിൽ കയറി പ്രതിഷേധിച്ചു.

വീണ്ടും റോഡിലിറങ്ങിയ പ്രവർത്തകർ ഒട്ടേറെ തവണ പൊലീസുമായി വാക്കേറ്റമായി. മർദിക്കാനും തല്ലാനും പൊലീസിനെ വെല്ലുവിളിച്ചു. പൊലീസ് ഷീൽഡ് പിടിച്ചു വാങ്ങി റോഡിൽ അടിച്ചു പൊട്ടിച്ചു. പൊലീസിനെ പിടിച്ച് തള്ളി‌. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്ന് എബിൻ വർക്കിയെ വളഞ്ഞിട്ട് അടിച്ചു.

റോഡിൽ വീണ് കിടന്നിടത്തിട്ടും പൊതിരെ തല്ലി. ലാത്തിയടിയേറ്റ് തല പൊട്ടിയിട്ടും ചാടി എഴുന്നേറ്റ് വീണ്ടും അടിക്കാൻ പൊലീസുകാരെ വെല്ലുവിളിച്ചു. ഇദ്ദേഹത്തിന് ഒപ്പം പ്രവർത്തകരും ചേർന്നു. കുന്നുകുഴിയിലെ മുൻ നഗരസഭ കൗൺസലർ ഐ.പി. ബിനുവിനൊപ്പം നടക്കുന്ന ഡി.വൈ.എഫ്.ഐക്കാരുടെ കൂട്ടുകാരനായ എസ്.ഐ ജിജു കരുതിക്കൂട്ടി തലയ്ക്ക് അടിച്ചതായി ആരോപിച്ച് എബിൻ വർക്കിയും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെ റോഡ് ഉപരോധിച്ചു.

ആശുപത്രിയിൽ പോകാനായി ആംബുലൻസ് എത്തിച്ചെങ്കിലും എബിൻ വർക്കി വഴങ്ങിയില്ല. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു നടുറോഡിൽ കിടന്നുള്ള പ്രതിഷേധം. പൊലീസ് ഒട്ടേറെ തവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ, പരിക്കേറ്റ മറ്റു രണ്ടുപേരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

കണക്ക് പറയേണ്ടി വരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പൊലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

ആയുസ്സ് അറ്റുപോകാറായസർക്കാറിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം വിദൂരമല്ല. ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പൊലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈയിലുണ്ട്. അവരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. നരനായാട്ടിന് നേതൃത്വം നൽകിയ പൊലീസുകാരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് മുൻ ആഭ്യന്തര മന്ത്രികൂടിയായ ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Youth Congress protests demanding Chief Minister Pinarayi Vijayan’s resignation turn violent, DYFI SI provoked - Abin Varkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.