തിരുവനന്തപുരം: ഗുണ്ടാകുടിപ്പകയെ തുടർന്ന് ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. പേട്ട താഴശ്ശേരി ടി.സി 56-1441 വയ ലിൽ വീട്ടിൽ വിപിൻ (36) എന്ന കൊച്ചുകുട്ടനെയാണ് ഞായറാഴ്ച പുലർച്ചയോടെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്ത ിൽ ആറുപേർ പൊലീസിൽ കീഴടങ്ങി.
കടകംപള്ളി കല്ലുംമൂട് തണൽവീട്ടിൽ റിജു (28), പേട്ട ജയലക്ഷ്മി ഭവനിൽ ശിവപ്രതാപ് (37), ചാക്ക മുടുമ്പിൽ വീട്ടിൽ ജയദേവൻ (27), ചാക്ക വൈ.എം.എ റോഡിൽ മണലിൽ വീട്ടിൽ റസീം (30), ചാക്ക മുരുകൻ കോവിലിന് എതിർവശം മുടു മ്പിൽ വീട്ടിൽ അനുലാൽ (26), ചാക്ക റെയിൽവേ പാലത്തിന് സമീപം പുത്തൻവീട്ടിൽ വിനീഷ് (23) എന്നിവരാണ് തുമ്പ സി.ഐക്ക് മുന്നിൽ കീഴടങ്ങിയത്. ഇവരെ പേട്ട പൊലീസിന് കൈമാറി. കൊല്ലപ്പെട്ട വിപിൻ 2014ൽ കാരാളി സ്വദേശിയും വർക്ക്ഷോപ്പ് ജീവനക്കാരനു മായ അനൂപിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയാണ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുമുണ ്ട്.
ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് ഈഞ്ചക്കലിലെ ട്രാവൻകൂർ മാളിന് സമീപം ഓട്ടോ ഓടുന്ന വിപിനെ ആനയറ സ്വകാ ര്യ ആശുപത്രിയിലേക്കെന്നും പറഞ്ഞ് റസീമാണ് ഓട്ടം വിളിച്ചത്. തുടർന്ന്, ഇവരെ ബൈക്കിൽ പിന്തുടരുകയായിരുന്ന സംഘം ലോർഡ്സ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ െവച്ച് ഓട്ടോ തടഞ്ഞ് വിപിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് വലതുകാലും വലതു കൈയും ഇടതുപാദവും വേർപ്പെട്ട നിലയിലായിരുന്ന വിപിനെ പിന്നീട് അതുവഴിവന്ന ബൈക്ക് യാത്രക്കാരാണ് കണ്ടത്. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു.
കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസ് സംഘം ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിപിൻ കുപ്രസിദ്ധ ഗുണ്ട ചാക്ക മുരുകെൻറ സംഘത്തിലെ ചിലരുമായി ഉരസലിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഈഞ്ചക്കലിലെ ബാറിൽെവച്ച് വിപിനും മുരുകനും തമ്മിൽ അടിപിടി നടന്നിരുന്നു. അന്ന് മുരുകനെയും ഒപ്പമുണ്ടായിരുന്ന വൈശാഖിനെയും കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വിപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ബാറിൽ െവച്ച് അക്രമിച്ചതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പേട്ട സി.ഐയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട വിപിൻ എ.ഐ.ടി.യു.സി അംഗമാണ്. ഭാര്യ അനിത. മക്കൾ: ആർദ്രൻ (അഞ്ച് വയസ്സ്), ആതിര (മൂന്ന് വയസ്സ്).
സർ, നിങ്ങളന്വേഷിക്കുന്ന കൊലപാതകികൾ ഞങ്ങളാണ്...
തിരുവനന്തപുരം: വിപിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത് ഒരുകൂസലുമില്ലാതെ. സ്റ്റേഷനിലേക്ക് കയറിയ ആറുപേരോടും എന്താണ് സംഭവമെന്ന് അന്വേഷിച്ച പൊലീസുകാരനോട് ‘സർ, പേട്ടയിലെ കൊലപാതകത്തിൽ നിങ്ങൾ അന്വേഷിക്കുന്നവർ ഞങ്ങളാണെന്നും കീഴടങ്ങാൻ എത്തിയതാണ്’ എന്നുള്ള മറുപടിയാണ് പ്രതി അനുലാൽ നൽകിയത്. ഇതുകേട്ട് എസ്.ഐ ശ്രീകുമാർ ആദ്യമൊന്ന് അന്താളിച്ചെങ്കിലും ഉടൻ വിവരം കൊലപാതകം അന്വേഷിക്കുന്ന പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമീഷണറെയും അറിയിച്ചു. അഭിഭാഷകനൊപ്പമാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്.
വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡിൽ ഉപേക്ഷിച്ചത്. എന്നാൽ ആഴത്തിൽ വെട്ടേറ്റ വിപിൻ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടാൻ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് മരണകാരണമായത്.
53 വെട്ടുകൾ വിപിെൻറ ശരീരത്തുണ്ടായിരുെന്നന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വെട്ടേറ്റ് വലതുകാൽ വേർപെട്ടും വലതു കൈയും ഇടതുപാദവും തൂങ്ങിയ നിലയിലുമായിരുന്നു.
ചാക്ക മുരുകെൻറ ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാൽ അറിയാമെന്നും വിപിൻ മരണമൊഴി നൽകിയിരുന്നു. പുലർച്ചെ നടന്ന കൊലപാതകത്തിൽ പ്രതികൾക്കായി സിറ്റി പൊലീസും ഷാഡോ പൊലീസും വ്യാപക തെരച്ചിലാണ് നടത്തിയത്. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും ജാഗ്രത പുലർത്തി. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ പുലർച്ച നഗരത്തിൽ പെയ്ത കനത്ത മഴ ഉൗർജിതമായ അന്വേഷണത്തിന് തടസ്സവുമായി. ഇതിനിടെയായിരുന്നു തുമ്പ സ്റ്റേഷനിലെത്തി പ്രതികളുടെ കീഴടങ്ങൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.