‘ബി.ജെ.പി സഹയാത്രികനല്ല, നരേന്ദ്ര മോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ’; മുഖ്യമന്ത്രിയെ വിമർശിച്ച് യൂത്ത് ലീഗ് നേതാവ്

കോഴിക്കോട്: മലപ്പുറത്തെ സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി. സംഘ് പരിവാറിന്‍റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽനിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സി.പി.എം തയാറാവാത്തത്?’ -അഷ്റഫലി കുറിപ്പിൽ ചോദിച്ചു.

ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിർത്തുക. അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാറിനെ മുസ്‍ലിം വിരുദ്ധമായി ചിത്രീകരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത്. സ്വർണക്കടത്തു വഴിയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന പണം രാജ്യ, സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യന്ത്രി അഭിമുഖത്തിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;

പി.വി അൻവറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പിണറായി വിജയൻ മലപ്പുറത്തെ ആക്ഷേപിച്ച് രക്ഷപ്പെടേണ്ട. സംഘ് പരിവാറിൻ്റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു വിഴുങ്ങി എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറാവാത്തത്?

കൂടെക്കിടന്നവന് രാപ്പനി മാത്രമല്ല, കൂർക്കം വലിയും അറിയാൻ പറ്റും. കഴിഞ്ഞ ദിവസംവരെ സിപിഎമ്മിന്റെ സഹയാത്രികനായിരുന്ന അൻവർ തന്നെയാണല്ലോ ഈവക കാര്യങ്ങൾ ആരോപിച്ചതും.

തീവ്ര മുസ്ലിംകൾക്ക് എതിരെ നടപടിയെടുത്തതിന്റെ പേരിൽ സിപിഎം മൊത്തം മുസ്ലിംകൾക്കും എതിരാണെന്ന് ചിത്രീകരിക്കുന്നു എന്നാണു മറ്റൊരു വ്യാകുലത. മുസ്ലിംകളായ എത്ര തീവ്രവാദികളെയാണ് നിങ്ങളിതുവരെ പിടികൂടി തൂക്കിക്കൊല്ലുകയോ കേന്ദ്രത്തിനു കൈമാറുകയോ ചെയ്തിട്ടുള്ളത്. അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണം.

തന്റേയും മകളുടേയും അഴിമതി മറക്കാനും, പിടിക്കാൻ വരുന്നവരെ കൊണ്ട് പൊറുപ്പിക്കാനുമായി ഒരു സംസ്ഥാനത്തിന്റെ മൊത്തം സമാധാനവും രാഷ്ട്രീയ പാരമ്പര്യവും തീറെഴുതി നൽകിയ മുഖ്യമന്ത്രി എന്നപേരിലായിരിക്കും ഇയാൾ അറിയപ്പെടുക. സിപിഎം പ്രതിസന്ധിയിലാവുമ്പോൾ വർഗ്ഗീയ രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് മുഖം മറക്കാൻ എപ്പോഴുമുപയോഗിക്കുന്ന പ്രദേശമാണ് മലപ്പുറം.

മലയാളത്തിൽ പറയാറും ചെയ്യാറുമുള്ള വർഗ്ഗീയത പരിഭാഷപ്പെടുത്തി ഇംഗ്ലീഷിൽ പറഞ്ഞുവെന്നു കരുതി നുണകൾ സത്യമാവുന്നില്ല. പണ്ട് ലൗ ജിഹാദിന് ആധികാരികത നൽകാൻ യോഗി ആദിത്യനാഥ് വി.എസ് അച്യുതാനന്ദന്റെ നുണപ്രസ്താവന ഉപയോഗിച്ച പോലെ പിണറായി വിജയനെ ഉദ്ധരിച്ചുള്ള രാഷ്ട്രീയ ഉദ്ധാരണമായിരിക്കും ഇനി ബി.ജെ.പി നടത്തുക.

അതുകൊണ്ട് ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിറുത്തുക, അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർത്ഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂ.

Full View
Tags:    
News Summary - Youth League leader criticizes Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.