പത്തനംതിട്ട: ആയുഷ് നിയമന കോഴക്കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള അഖിൽ സജീവ് സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു തട്ടിപ്പിന് ഒപ്പം ചേർത്തത് യുവമോർച്ച നേതാവിനെ. കേന്ദ്ര സര്‍ക്കാറിനു കീഴിലെ സ്‌പൈസസ് ബോർഡുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പിലാണ് യുവമോര്‍ച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് ജൂഡോ രാജേഷ് രണ്ടാം പ്രതി സ്ഥാനത്തുള്ളത്.
അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിയാക്കിയത്. ഓമല്ലൂർ സ്വദേശിയിൽനിന്ന് നിയമന വാഗ്ദാനം നല്‍കി നാലുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് എടുത്തിരിക്കുന്നത് പത്തനംതിട്ട പൊലീസാണ്. മലയാലപ്പുഴ സ്വദേശിയായ ജൂഡോ രാജേഷിന്‍റെ അക്കൗണ്ടിലൂടെയാണ് നാലുലക്ഷം വാങ്ങിയതെന്നാണ് അഖിലിന്റെ മൊഴി. ഇതിന് പുറമെ യുവമോര്‍ച്ചയുടെ തന്നെ മറ്റൊരു നേതാവും സംശയനിഴലിലാണ്. ഇയാൾ പത്തനംതിട്ട പൊലീസ് മുമ്പ് രജിസ്റ്റർ ചെയ്ത കവർച്ചാക്കേസിലെ പ്രതികൂടിയാണ്.
അഖിൽ സജീവിനെതിരെ 2013 മുതൽ പത്തനംതിട്ട സ്റ്റേഷനിൽ നിരവധി കേസുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ്. ഈ സംഘം ഒരു കേന്ദ്ര മന്ത്രിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. സി.ഐ.ടി.യു ഓഫിസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് മുന്നോട്ടു കൊണ്ടുപോകാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ നേതാക്കൾ ഒരു താൽപര്യവും കാട്ടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
അപഹരിക്കപ്പെട്ട പണത്തിൽ നല്ലൊരു പങ്കും തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, നേതാക്കളുടെ ഒപ്പും സീലുമൊക്കെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം അപഹരിച്ചയാളെ സംരക്ഷിച്ചു നിർത്താൻ ആരൊക്കെയോ ശ്രമിച്ചുവെന്നത് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.