തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം മാനിക്കാത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.
ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർക്ക് പരിക്കേറ്റെങ്കിലും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, പന്തളത്ത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ശബരിമല എക്സിക്യുട്ടീവ് ഓഫീസറെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. പന്തളത്തെ ദേവസ്വം ബോർഡ് ഓഫീസിൽ എത്തിയപ്പോഴായിരുന്നു എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി എന്നിവരെ ഉപരോധിച്ചത്. ഇരുവരെയും പാർട്ടി പ്രവർത്തകർ ദേവസ്വം ബോർഡ് ഒാഫീസിൽ പൂട്ടിയിട്ടു.
പൊലീസ് എത്തി ഇരുവരെയും രക്ഷിച്ചെങ്കിലും പ്രവർത്തകരുമായി കശപിശ ഉണ്ടാവുകയും സംഘർഷത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.