കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.15നായിരുന്നു അന്ത്യം.
ആശുപത്രിയിലുള്ള ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചക്ക് രണ്ടുമണിക്ക് സംസ്കാര കർമങ്ങൾ നടക്കും.
അഴകപ്പുറം കുബേരൻ നമ്പൂതിരിയുടെയും കിഴക്കേ കോവിലകത്ത് കുഞ്ഞുമ്പാട്ടി തമ്പുരാട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1925ൽ ആയിരുന്നു ജനനം. കോട്ടക്കൽ രാജാസ് ഹൈസ്കൂൾ, കോഴിക്കോട് സാമൂതിരി കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മദ്രാസിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്തി. പഠനം പൂർത്തിയാക്കിയ ശേഷം പെരമ്പൂർ കോച്ച് ഫാക്ടറി, ജംഷെഡ്പുരിലെ ടെൽക്കോ, കളമശ്ശേരി എച്ച്.എം.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ മെക്കാനിക്കൽ എൻജിനീയർ ആയി പ്രവർത്തിച്ചു.
സാമൂതിരി സ്വരൂപത്തിലെ മുതിർന്ന സ്ഥാനമായ സാമൂതിരി രാജ പദവി കൈവന്നത് 2014 മേയ് 13നാണ്. സാമൂതിരി രാജയുടെ ട്രസ്റ്റി ഷിപ്പിലുള്ള ക്ഷേത്രങ്ങളുടെയും സാമൂതിരി ഗുരുവായൂരപ്പൻ കോളജിന്റെയും സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിന്റെയും ഭരണനിർവഹണം കഴിഞ്ഞ 11 വർഷമായി നിർവഹിച്ചുവരുന്നു. അടുത്ത കാലം വരെ പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഉണ്ണി അനുജൻ രാജ.
പരേതയായ കണ്ണമ്പ്ര മാലതി രാജയാണ് ഭാര്യ. മക്കൾ: സരസിജ, ശാന്തി ലത, മായ ഗോവിന്ദ്. മരുമക്കൾ: പരേതനായ അഡ്വ. അജിത് കുമാർ, പരേതനായ പി. ബാലഗോപാൽ, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ. കോട്ടക്കൽ കോവിലകത്തെ കെ.സി. രാമചന്ദ്ര രാജയാണ് സാമൂതിരി രാജവംശത്തിന്‍റെ അടുത്ത അനന്തരാവകാശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.