തുറവൂരിൽ ചെളിയിൽ താഴ്​ന്ന ആനയെ 16 മണിക്കൂർ പരിശ്രമത്തിനൊടുവിൽ  കരക്കുകയറ്റി

തുറവൂർ: ക്ഷേത്ര എഴുന്നള്ളത്ത്​ കഴിഞ്ഞ്​ കൊണ്ടുവരുകയായിരുന്ന ആന ഇരുമ്പുകൂട്​ തകർത്ത്​ ലോറിയിൽനിന്ന്​ ഇറങ്ങിയോടി. കനത്ത നാശംവരുത്തി മൂന്ന്​ കിലോമീറ്ററോളം ഒാടിയ ആന ഒടുവിൽ ചതുപ്പ്​ നിറഞ്ഞ തോട്ടിൽ വീണു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ചൊവ്വാഴ്​ച രാത്രി എ​േട്ടാടെ ആനയെ കരക്കുകയറ്റി.

ചൊവ്വാഴ്​ച പുലർച്ച നാലോടെയാണ്​ സംഭവം. ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തി​െല ബാലകൃഷ്​ണൻ എന്ന കൊമ്പനാണ്​ തുറവൂർ ആലക്കാപറമ്പ്​ ഭാഗത്തുവെച്ച്​ വിരണ്ട്​ ലോറിയിൽനിന്ന്​ ഇറങ്ങിയോടിയത്​. തൃക്കാക്കര ക്ഷേത്രത്തിലെ ചടങ്ങിനുശേഷം ആലപ്പുഴക്ക്​ കൊണ്ടുവരുകയായിരുന്നു. തുറവൂർ മൂർ കമ്പനി റോഡിലൂടെ ഓടിയ ആന വൃക്ഷങ്ങളും മതിലുകളും കുത്തിമറിച്ചു. നാട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ ആന വിരണ്ടത് പലരും അറിഞ്ഞില്ല. മൂന്നുകിലോമീറ്റർ ഓടിയ ആന വളമംഗലം എട്ടുകോൽത്തറ വത്സലയുടെ വീട് തകർത്തു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പുളിത്തറ പാലം കയറിയിറങ്ങി വൈദ്യുതി പോസ്​റ്റും അനന്തൻകരി രാധാകൃഷ്​ണ​​​െൻറ ഓട്ടോയും തകർത്തു. തുടർന്നാണ്​ തുറവൂർ പഞ്ചായത്ത്​ 15ാം വാർഡിലെ അനന്തൻകരി തോട്ടിൽ വീണത്​. ചതുപ്പിൽ താഴ്​ന്ന്​ കാലുകൾ പൊക്കാൻ കഴിയാത്ത അവസ്ഥയായി. സംഭവം വൈകിയാണ്​ നാട്ടുകാർ അറിഞ്ഞത്​. വാഹനങ്ങൾക്ക്​ എത്താനാവാത്ത സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ക്ലേശകരമായിരുന്നു. 

ശരീരം ചതുപ്പിൽ മുങ്ങിയതിനാൽ വടം​ ഉപ​യോഗിച്ച്​ കയറ്റാനുള്ള ശ്രമങ്ങൾ വിഫലമായി. ആന അവശനിലയിലായതോടെ ഗ്ലൂക്കോസ്​ നൽകി. പൊലീസും ഫയർഫോഴ്​സും എലിഫൻറ് സ്​ക്വാഡും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും വൈകീട്ടായിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ആനയെ രക്ഷിക്കാൻ മുഖഭാഗവും മുൻകാലുകളും ഒരുവിധത്തിൽ കരയോട്​ ചേർത്തുവെച്ച്​ സംരക്ഷിച്ചു. തോട്ടിലെ വെള്ളം ​വറ്റിക്കുകയും ചളി നീക്കുകയും ചെയ്​തു. പലകകൾ കരയോട്​ ചേർത്ത്​ തോടി​​​െൻറ അടിത്തട്ടുവരെ നിരത്തി അതിൽ നിർത്തിയാണ്​ രാത്രി എ​േട്ടാടെ ആനയെ കരക്ക്​ എത്തിച്ചത്​. തീർത്തും ക്ഷീണിതനായ ആനക്ക്​ തോടിന്​ സമീപത്ത്​ വിശ്രമത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​.
 

Tags:    
News Summary - ​Thuravur elephant-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.