നൃത്ത ശിൽപം മുതൽ പഴയിടം സദ്യവരെ; ഈ കലോത്സവം സമ്മാനിച്ച ചർച്ചകൾ ഒറ്റനോട്ടത്തിൽ

61ാമത് സംസ്ഥാന സ്കൂൾ കലോത്സവമാണ് കോഴിക്കോട് അരങ്ങേറിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കത്തിന് ശനിയാഴ്ച കോഴിക്കോട് വിക്രം മൈതാനിയിൽ തിരശ്ശീല വീഴുമ്പോൾ ഒരുപിടി ആരോഗ്യകരമായ ചർച്ചകളും വിവാദങ്ങളും ഒക്കെ ഇക്കുറി കലോത്സവത്തിന്റെ ഭാഗമായി.

തിരശ്ശീല ഉയർന്നതുതന്നെ ഒരു കല്ലുകടിയോടെയായിരുന്നു. പ്രമുഖ കവി പി.കെ ഗോപി രചിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‍കാരം വിവാദം ക്ഷണിച്ചുവരുത്തി. അതിരാണിപ്പാടം എന്ന് പേരിട്ട ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരുടെ മുന്നിലാണ് വിവാദ ദൃശ്യാവിഷ്കാരം അരങ്ങേറിയത്. ഒരു മതവിഭാഗത്തിന്റെ വസ്ത്രങ്ങൾ തീവ്രവാദിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചു എന്നതായിരുന്നു വിവാദം. ‘മാധ്യമം ഓൺലൈൻ’ ഇത് വാർത്തയാക്കിയതിന് പിന്നാലെ വിവാദം മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.

വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചു. മാതാ പേരാമ്പ്ര എന്ന സംഘടന തയ്യാറാക്കിയ നൃത്തശിൽപം സംബന്ധിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ് എന്നിവർ അറിയിച്ചു. അതോടെ വിവാദം കുറച്ചൊക്കെ കെട്ടടങ്ങി. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നു. രണ്ടാമത് കലോത്സവ പന്തലിൽ വിതരണം ചെയ്യുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്.

വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്ത് സംസ്ഥാന കലോത്സവം അരങ്ങേറിയപ്പോൾ സംഘാടക സമിതിയും അവിടുത്തെ ചില സന്നദ്ധ സംഘടനകളും അവസാന ദിവസം ബിരിയാണി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഒരു പ്രമുഖ പത്രം ഇതിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിനെ തുടർന്ന് വിവാദം ഭയന്ന് ഒടുവിൽ സംഘാടകർ പിൻമാറി. ഇക്കുറിയും ഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയർന്നു. സ്കൂൾ കലോത്സവത്തിന് നോൺ വെജ് ഭക്ഷണവും വിതരണം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു.

കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം, എഴുത്തുകാരൻ അശോകൻ ചെരുവിൽ, മാധ്യമപ്രവർത്തകൻ അരുൺ കുമാർ എന്നിവരുടെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചു. മാധ്യമപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട ചോദ്യവുംമന്ത്രിമാരോട് ഉന്നയിച്ചു. അടുത്ത വർഷം മുതൽ നോൺ വെജ് വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

അങ്ങനെ ആ വിവാദത്തിനും തിരശ്ശീലവീണു. ഹൈസ്കൂൾ വിഭാഗം നാടക വേദിയാണ് പിന്നീട് തർക്കങ്ങളുടെ കേന്ദ്രമായി മാറിയത്. കോഴിക്കോട് ജില്ലയിൽനിന്നെത്തിയ ‘ബൗണ്ടറി’ എന്ന നാടകം ​കലോത്സവത്തിൽ അവതരിപ്പിച്ചാൽ തടയുമെന്ന് സംഘ്പരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഫാത്തിമ സുൽത്താന എന്ന ക്രിക്കറ്റ് താരമായ പെൺകുട്ടി ക്രിക്കറ്റിൽ പാകിസ്താൻ ടീമിനെ അഭിനന്ദിച്ചു എന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നതിനെ സംബന്ധിച്ചായിരുന്നു നാടകം. ഹിന്ദുത്വ ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു നാടകങ്ങൾ അ​രങ്ങേറിയത്. ആയിരങ്ങൾ തിങ്ങിനിറഞ്ഞ സദസ് ഓരോ നാടകത്തിനും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

എല്ലാ നാടകങ്ങളും സാമൂഹ്യ വിമർശനങ്ങൾ നിറഞ്ഞതായിരുന്നു. കൗമാര കലകൾക്ക് താൽക്കാലിക കൊടിയിറങ്ങുമ്പോൾ ഒട്ടേറെ ആരോഗ്യപരമായ ചർച്ചകൾക്കും വേദിയായി എന്നത് നേട്ടമാണ്.

Tags:    
News Summary - kerala state school kalolsavam kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.