കുഞ്ഞിരാമന്‍ കെ.കെ.ആര്‍ മെഡിക്കല്‍ ക്ലിനിക്കിന് മുമ്പിൽ. ചിത്രങ്ങൾ: പ്രജുൽ പ്രഭാകർ

കേരളത്തിലെ ആതുരാലയങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതിലെ ഏറ്റവും വൈകാരികമായ ഏടാണ് തിരുവനന്തപുരം എസ്.എ.ടി അഥവാ അവിട്ടം തിരുനാള്‍ ആശുപത്രിയുടെ പിറവിക്കു പിന്നിലെ കഥ. ഏഴാം വയസ്സില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച അവിട്ടം തിരുനാള്‍ ബാലരാമ വര്‍മയുടെ ഓര്‍മക്കാണ് പിതാവ് കേണല്‍ ഗോദവര്‍മ രാജയുടെയും മാതാവ് കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെയും ആഗ്രഹപ്രകാരം രാജകുടുംബം ആശുപത്രി പണിതത്. ഇന്ന് സംസ്ഥാനത്ത് അമ്മക്കും കുഞ്ഞിനുമായുള്ള ഏറ്റവും മികച്ച ആശുപത്രിയായി എസ്.എ.ടി മാറുകയും ചെയ്തു.

ഇത്തരത്തില്‍ ജൂണ്‍ അവസാന വാരം കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.കെ.ആര്‍ മെഡിക്കല്‍ ക്ലിനിക്കും കേരളത്തിന്റെ ആതുരാലയ ചരിത്രത്തില്‍ പുതിയൊരധ്യായവും ഉദാത്തമായ മാതൃകയുമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ക്ലിനിക്കിന്റെ പിറവിക്കു പിന്നിലെ കഥക്കൊപ്പംതന്നെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കല്ലുകെട്ട് തൊഴിലാളിയാണ് ഈ ആശുപത്രിയുടെ ഉടമസ്ഥന്‍ എന്നുകൂടി അറിയുമ്പോഴാണ് കെ.കെ.ആര്‍ മെഡിക്കല്‍ ക്ലിനിക്കിന് ആതുരസേവന രംഗത്ത് തിളക്കമേറുന്നത്. കണ്ണങ്കൈ കുഞ്ഞിരാമന്‍ എന്ന കല്ലുകെട്ട് തൊഴിലാളിയുടെ വര്‍ഷങ്ങളുടെ ആഗ്രഹസാഫല്യമാണ് ഈ ആശുപത്രി.

12 വര്‍ഷം പിന്നോട്ട് പായുന്ന ഓര്‍മകള്‍

12 വര്‍ഷം മുമ്പ് താന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കുറച്ചു ദിനങ്ങളുടെ കഥയാണ് ക്ലിനിക്കിന്റെ പിറവിക്കു പിന്നിലെന്ന് കുഞ്ഞിരാമന്‍ പറയുന്നു. ചില ശാരീരിക പ്രയാസങ്ങൾ ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ അമ്മയെ പരിശോധനക്കായി ഇടക്കിടെ ഡോക്ടറെ കാണിക്കാറുണ്ടായിരുന്നു. അതിനിടെയാണ് അമ്മക്ക് കലശലായ നെഞ്ചുവേദന ഉണ്ടാകുന്നത്. പതിവായി കാണിക്കുന്ന കാസര്‍കോടുള്ള ഡോക്ടര്‍ ഉള്ളതിനാല്‍ ആദ്യം അവിടേക്കാണ് പോയത്. 12 ദിവസത്തില്‍ കൂടുതല്‍ അമ്മ ജീവിച്ചിരിക്കില്ലെന്നും സർജറി കൊണ്ട് കാര്യമില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും വേദന സഹിക്കാനാകാതെ പുളയുന്ന അമ്മയുടെ ദയനീയാവസ്ഥ കണ്ട് കണ്ണൂരിലെ ഒരാശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, അവിടെവെച്ച് ഡോക്ടര്‍മാര്‍ അമ്മക്ക് ശസ്ത്രക്രിയ നടത്താമെന്നും മറ്റു പ്രയാസങ്ങളൊന്നുമുണ്ടാവില്ലെന്നും ഉറപ്പ് നൽകി. എന്നാൽ ശസ്ത്രക്രിയ പൂർത്തിയായി മൂന്നാം ദിവസം രാത്രി അമ്മ അബോധാവസ്ഥയിലായി. മറ്റു മാര്‍ഗമൊന്നുമില്ലാതായതോടെ അന്നു രാത്രിതന്നെ മംഗലാപുരത്തെ പ്രശസ്ത ഹൃദയാശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. ഒന്നരമാസത്തെ ചികിത്സക്കൊടുവില്‍ പഴയതുപോലെ അമ്മ തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്തു.

12 ദിവസം പോലും ജീവിക്കില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയ അമ്മ ആറരവര്‍ഷത്തോളം ജീവിച്ചു. ഈ അനുഭവത്തില്‍നിന്നാണ് 24 മണിക്കൂറും അത്യാവശ്യ സേവനങ്ങള്‍ ലഭ്യമാകുന്ന സൗകര്യങ്ങളോടുകൂടിയ ആശുപത്രി പണിയണമെന്ന ചിന്ത തന്നില്‍ ഉടലെടുത്തതെന്നാണ് ഇദ്ദേഹം പറയുന്നത്. പിന്നീട് പടിപടിയായുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ഒരു വര്‍ഷം കൊണ്ടാണ് കല്ലുകെട്ട് തൊഴിലാളിയായ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സ്വന്തമായൊരു ആശുപത്രി യാഥാർഥ്യമാകുന്നത്.


അനുഭവങ്ങള്‍ പകര്‍ന്ന കരുത്ത്

കൂലിപ്പണിക്കൊപ്പംതന്നെ നാട്ടില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് അത്യാവശ്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുഞ്ഞിരാമന്‍ സജീവമായിരുന്നു. സമാഹരിച്ച സാമ്പത്തിക സഹായവുമായി ഒാരോ വീട്ടിലേക്കും എത്തുമ്പോള്‍ കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങളാണ് ഈ സ്വപ്‌നയാത്രയില്‍ ഉറച്ചുനില്‍ക്കാന്‍ കുഞ്ഞിരാമനെ പ്രേരിപ്പിച്ചത്.

ഒരു തവണ സഹായവുമായെത്തിയത് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് ഓട്ടോ ഓടിച്ച് കിട്ടുന്ന തുകകൊണ്ട് ജീവതം മുന്നോട്ടുപോയിരുന്ന ആ കുടുംബത്തിന് കനത്ത പ്രഹരമായിരുന്നു ഉള്ള വരുമാനം കൂടി നിലക്കുമെന്ന അവസ്ഥ. ഡോക്ടര്‍മാര്‍ കണ്ണിന് ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും താങ്ങാനാകാത്ത സാമ്പത്തിക ചെലവ് കാരണം ആ പ്രതീക്ഷയും അസ്ഥാനത്തായിരുന്നു. ഈ സമയത്താണ് കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം സഹായവുമായെത്തുന്നത്. കുടുംബത്തിന്റെ അവസ്ഥ കണ്ട് കൂടുതല്‍ തുക സമാഹരിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.

കാല്‍ മുറിച്ചു മാറ്റണമെന്ന് വിധിയെഴുതിയ മറ്റൊരു യുവാവിനെ സഹായിച്ച കഥയും കുഞ്ഞിരാമന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അമ്മയുടെ മുഖമായിരുന്നു ഇങ്ങനെയുള്ള ഒരോ ആള്‍ക്കാരിലും ഇദ്ദേഹം കണ്ടത്. ഇത്തരം ചെറുതും വലുതുമായ നിരവധി സന്ദര്‍ഭങ്ങളില്‍ നിന്നാണ് സാധാരണക്കാര്‍ക്കും പ്രാപ്യമായ അത്യാധുനിക രീതിയിലുള്ള ഒരു ആശുപത്രി എന്ന തന്റെ സ്വപ്‌നം യാഥാർഥ്യമാക്കാന്‍ കുഞ്ഞിരാമന് കരുത്ത് ലഭിക്കുന്നത്.


ഏഴാം ക്ലാസിൽനിന്ന് കല്ലുവെട്ട് തൊഴിലിലേക്ക്

അച്ഛനും അമ്മയും ഏഴു മക്കളും അടങ്ങുന്ന കുടുംബത്തിൽ അഞ്ചാമനാണ് കുഞ്ഞിരാമന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചെത്തുകാരനായ അച്ഛന്‍ മരിക്കുന്നത്. പ്രാരബ്ധം നിറഞ്ഞ അക്കാലത്തും ഏഴാം ക്ലാസ് വരെ ചേട്ടന്മാർ അദ്ദേഹത്തെ പഠിപ്പിച്ചു. കുടുംബം പുലര്‍ത്തുന്നതിനൊപ്പം തന്നെ പഠിപ്പിക്കാനും ചേട്ടന്മാര്‍ കഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയതോടെ കുഞ്ഞിരാമന്‍ പഠനം നിര്‍ത്തി.

നാട്ടിൽ കല്ലുചെത്ത് മേസ്തിരിമാര്‍ക്കൊപ്പം സഹായിയായാണ് തുടക്കം. അക്കാലത്ത് മെഷീന്‍കല്ലുകള്‍ സജീവമാകാത്തതിനാല്‍തന്നെ ചെത്തുകല്ലുകള്‍ക്കായിരുന്നു ആവശ്യക്കാരേറെ. പണി പഠിച്ചതോടെ പതിയെ നിര്‍മാണ മേഖലയിലെ മറ്റു തൊഴിലിലേക്കും കടന്നു.

സ്ഥിരം കാഴ്ചക്കാരനിൽനിന്ന് നാടക നടനിലേക്ക്

ആശുപത്രിയുടെ കാര്യത്തിലെന്നപോലെ എന്നും വേറിട്ടതായിരുന്നു കണ്ണങ്കൈ കുഞ്ഞിരാമന്റെ ജീവിതവും. നാടക നടനിലേക്കും അവിടെനിന്ന് സിനിമ നിർമാതാവിലേക്കുമുള്ള യാത്രയുെട രസകരമായ കഥയും അദ്ദേഹത്തിനുണ്ട്. ജോലിക്കുശേഷം വൈകുന്നേരങ്ങളില്‍ വീടിനോട് ചേര്‍ന്നുള്ള നാടക ക്യാമ്പിൽ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഒരു ദിവസം ക്യാമ്പിൽ പതിവ് സന്ദര്‍ശനത്തിനെത്തിയപ്പോൾ ആരുമില്ലായിരുന്നു. പരിശീലകനായി മുനമ്പത്ത് ഗോവിന്ദനോട് കാര്യം തിരക്കിയപ്പോഴാണ് ഒരു നടൻ വരാത്തതുകൊണ്ട് റിഹേഴ്സൽ നിർത്തിവെച്ചെന്ന കാര്യം അറിഞ്ഞത്.

ഒപ്പം അയാൾക്ക് പകരക്കാരനായി നിനക്ക് നിന്നുകൂടേ എന്ന ഗോവിന്ദന്‍റെ ചോദ്യത്തെ ആദ്യം കുഞ്ഞിരാമൻ ചിരിച്ചുതള്ളി. അഭിനയ മോഹം മനസ്സിലുണ്ടെങ്കിലും പേടിയായിരുന്നു കാരണം. ഗോവിന്ദൻ ധൈര്യം നൽകിയതോടെ ആലവട്ടം എന്ന നാടകത്തിലെ ജോസ് എന്ന കഥാപാത്രമായി കുഞ്ഞിരാമന്‍ ആദ്യമായി തട്ടില്‍ കയറി. കഥാപാത്രം ശ്രദ്ധനേടിയതോടെ നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞിരാമന്‍ ‘ജോസ് കുഞ്ഞിരാമനാ’യി.

അവിടെ തുടങ്ങിയ നാടകയാത്ര ഒടുവില്‍ ‘കണ്ണങ്കൈ നാടക കലാസമിതി’ എന്ന നാടക സമിതിയുടെ രൂപവത്കരണത്തിലേക്കും അതിന്റെ അമരക്കാരനായി കുഞ്ഞിരാമന്റെ വളര്‍ച്ചയിലേക്കും വഴിവെച്ചു. സമിതി രൂപവത്കരിച്ചതോടെ ജോസ് കുഞ്ഞിരാമന്‍ കണ്ണങ്കൈ കുഞ്ഞിരാമനായി. അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേശം ‘വേഷം’ എന്ന നാടകത്തിലെ അഭിനയത്തിനുള്ള 2003ലെ മികച്ച നാടകനടനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിന് അർഹനാക്കി. ഇതിനകം സമിതിയുടെ നേതൃത്വത്തില്‍ മുപ്പതോളം അമച്വര്‍ നാടകങ്ങളും നിർമിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്.


ഒടുവിൽ സിനിമ നിർമാതാവും

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കയ്യൂര്‍ സമരത്തെ ആധാരമാക്കി ഒരുക്കിയ ‘അരയാക്കടവില്‍’ എന്ന സിനിമയുടെ നിർമാതാവിന്റെ റോളിലേക്ക് കുഞ്ഞിരാമനെ എത്തിച്ചത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗിരീഷ് ഗ്രാമികയുമൊത്ത് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ആലോചനയിലാണ് കുഞ്ഞിരാമന്‍. കലാരംഗത്ത് സജീവമാകുമ്പോഴും അതില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇദ്ദേഹം വിനിയോഗിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ സഹായമെത്തിക്കുന്നതിനായി സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് നാടകസമിതിയുടെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവാതിര, ചിട്ടികള്‍ എന്നിവയും നടത്തിവരുന്നുണ്ട്.

കെ.കെ.ആര്‍ മെഡിക്കല്‍ ക്ലിനിക് എന്ന സ്വപ്നം

ചെറുവത്തൂർ റെയില്‍വേ സ്റ്റേഷനു സമീപം സ്വന്തംപേരിലുള്ള എട്ട് സെന്റ് സ്ഥലത്താണ് തന്റെ സ്വപ്‌നം ഇദ്ദേഹം യാഥാർഥ്യമാക്കിയത്. കുഞ്ഞിരാമന്റെയും സുഹൃത്തുക്കളുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ മെഡിക്കല്‍ ക്ലിനിക്. ആശുപത്രി എന്ന സ്വപ്‌നത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. സമിതിയിലെയും തൊഴിലിടത്തിലെയും കൂട്ടുകാരോടാണ് ആദ്യം ആശയം പങ്കുവെക്കുന്നത്. ആരും നിരുത്സാഹപ്പെടുത്തിയില്ലെങ്കിലും ഇപ്പോള്‍ തങ്ങള്‍ നടത്തുന്ന സഹായപ്രവര്‍ത്തനങ്ങള്‍ പോലെയല്ല ആശുപത്രി എന്ന യാഥാർഥ്യം എല്ലാവരിലും ആശങ്കയുണ്ടാക്കിയിരുന്നു. പക്ഷേ, കുഞ്ഞിരാമന്‍ മുന്നില്‍ നിന്നതോടെ കട്ട സപ്പോര്‍ട്ടുമായി എല്ലാവരും കൂടെ നിന്നു.

ആവശ്യമായ പേപ്പറുകള്‍ ശരിയാക്കുകയായിരുന്നു ആദ്യപടി. അത് പൂര്‍ത്തിയായതോടെ തുക കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തി. ചിട്ടികള്‍ വഴിയും ബാങ്ക്‌ ലോണെടുത്തും ജോലിയില്‍ നിന്നു കിട്ടുന്ന പണവും എല്ലാം സ്വരുക്കൂട്ടി. നിർമാണ മേഖലയില്‍ ആയതിനാല്‍ നേരത്തേ രണ്ട് മൂന്ന് ആശുപത്രികൾ നിർമിച്ച പരിചയം ക്ലിനിക്കിന്റെ പ്ലാന്‍ തയാറാക്കുന്നതിലും നിർമാണത്തിലും സഹായകമായി. ഒരു വർഷംകൊണ്ട് കുഞ്ഞിരാമന്‍റെ നേതൃത്വത്തിൽ പണികളെല്ലാം പൂർത്തിയായി.

നാട്ടുകാരുടെ ചോയ്സിനൊത്ത ഡോക്ടർമാർ

ഡോക്ടര്‍മാരെ തിരഞ്ഞെടുക്കലായിരുന്നു അടുത്ത കടമ്പ. ഇവിടെയും കുഞ്ഞിരാമന് അദ്ദേഹത്തിന്റെതായ വഴികള്‍ ഉണ്ടായിരുന്നു. ഏതൊക്കെ ഡോക്ടര്‍മാര്‍ വേണമെന്ന് നാട്ടുകാരോടാണ് അദ്ദേഹം ആദ്യം തിരക്കിയത്. ഒരു ജനറല്‍ മെഡിസിനും ഒരു ശിശുരോഗ വിദഗ്ധനും വേണമെന്നായിരുന്നു അവരുടെ നിർബന്ധം. തുടര്‍ന്ന് പരിചയമുള്ള ഡോക്ടര്‍മാരുമായി സംസാരിച്ചു.

നിർമാണത്തൊഴിലാളി മുതലാളിയായ ആശുപത്രിയില്‍ പോയാല്‍ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങുമോ എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാല്‍ എന്ത് മുടങ്ങിയാലും ശമ്പളം മുടങ്ങില്ലെന്നും ആശുപത്രിയില്‍നിന്ന് തുക കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കുമെന്നുമുള്ള ഉറപ്പിൽ ഡോക്ടര്‍മാരും സമ്മതം മൂളി. തന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായതോടെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും നല്ല പിന്തുണയും സഹകരണവും ലഭിച്ചെന്ന് അ​ദ്ദേഹം പറയുന്നു.

ലാഭമല്ല, മികച്ച ചികിത്സ മാത്രമാണ് ലക്ഷ്യം

രണ്ട് നിലകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരുടെയും ആഴ്ചയില്‍ വിവിധ ദിവസങ്ങളില്‍ സന്ദര്‍ശക ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. പത്ത് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തിനൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ഓട്ടോമാറ്റിക് അത്യാധുനിക ലബോറട്ടറി, ഇ.സി.ജി, സ്‌കാനിങ്, മെഡിക്കല്‍ സ്റ്റോര്‍ എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 15 സ്റ്റാഫുകളാണുള്ളത്. ലാഭമല്ല, സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ മികച്ച ചികിത്സ മാത്രമാണ് ലക്ഷ്യമെന്ന് കുഞ്ഞിരാമന്‍ അടിവരയിടുന്നു. ഒപ്പം ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്ന രീതിക്കനുസരിച്ച് കൂടുതല്‍ ചികിത്സ സൗകര്യവും ലക്ഷ്യമിടുന്നു.

ഒരു മുതലാളിയുടെ വേഷമല്ല കുഞ്ഞിരാമന് ഇവിടെ. മറിച്ച് ഡോക്ടര്‍മാരുടെ നിർദേശപ്രകാരം മരുന്ന് ശേഖരണം ഉൾപ്പെടെ തന്നാല്‍ കഴിയുന്ന സഹായവുമായി ജീവനക്കാരിലൊരാളായി അദ്ദേഹം ക്ലിനിക്കില്‍ ഉണ്ട്. കെട്ടിട നിർമാണവും നാടക, സിനിമാ ഭ്രമവും ഒപ്പം ഉറവവറ്റാത്ത ജീവകാരുണ്യത്തിന്റെ മിടിപ്പുമായി കുഞ്ഞിരാമന്‍ തന്റെ അയനം തുടരുകയാണ്...

Tags:    
News Summary - A stone mason lives his dream, constructs his own hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.