ആഗോളതലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചും അത്യപൂർവ നേട്ടം കൈവരിച്ചും ശ്രദ്ധേയമാവുന്ന മലയാളികൾ നിരവധിയാണ്. അത്തരമൊരു അസാധാരണ നേട്ടത്തിനു ഉടമയാണ് 19 കാരനായ ഡോ. തനിഷ്‌ക് മാത്യു എബ്രഹാം. ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, പി.എച്ച്.ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി എന്നീ നേട്ടമാണ് തനിഷ്കിനെ തേടിയെത്തിയത്. പി.എച്ച്.ഡി നേടാനുള്ള ശരാശരി പ്രായം 31 വയസ്സ് ആയിരിക്കെയാണിത്. കാലിഫോർണിയ സർവകലശാലയിൽനിന്ന് ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം 14ാംവയസ്സിലാണ് ഗവേഷണത്തിലേക്കു തിരിഞ്ഞത്.
ഡയഗ്നോസ്റ്റിക് പാത്തോളജിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംവിധാനങ്ങളുടെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഡേവിസിൽ നിന്നാണ് ഗവേഷണം പൂർത്തീകരിച്ചത്. "ഡീപ് ലേണിങ് വിത്ത് സ്ലൈഡ്-ഫ്രീ മൈക്രോസ്കോപ്പി ഇമേജുകളുടെ വെർച്വൽ സ്റ്റെയിനിങ്" എന്ന ഡോക്ടറൽ പ്രബന്ധം, മെഡിക്കൽ പ്രഫഷനലുകൾ വിവിധ രോഗങ്ങൾ കണ്ടെത്തുന്ന രീതിയിൽ വിപ്ലവകരമായ മാറ്റത്തിന് എ.ഐയുടെ സാധ്യതകൾ അന്വേഷിക്കുന്നു. മെഡിക്കൽ ഇമേജുകൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിപുലമായ അൽഗോരിതങ്ങളുടെയും ആഴത്തിലുള്ള പഠന സാങ്കേതികതകളുടെയും പ്രയോഗത്തിലേക്ക് തനിഷ്കിന്റെ ഗവേഷണം മുന്നേറുന്നു. കൂടുതൽ കൃത്യവും സമയബന്ധിതവുമായ രോഗനിർണയം നടത്താൻ ഇത് ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.
തനിഷ്‌കിന്‍റെ നേതൃത്വത്തില്‍, മെഡിക്കല്‍ എ.ഐ രംഗത്ത് മെഡാര്‍ക്ക് ഇതിനകം തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. തന്‍റെ പി.എച്ച്.ഡി സമയത്ത് മെഡിക്കൽ എ.ഐയുടെ സാധ്യത തിരിച്ചറിഞ്ഞ്, തനിഷ്‌ക്, മെഡിക്കൽ എ.ഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഗവേഷണ കേന്ദ്രമായ മെഡിക്കൽ എ.ഐ റിസർച് സെന്‍റർ (MedARC)സ്ഥാപിച്ചിരുന്നു.
കാലിഫോർണിയയിലെ സാക്രമെന്‍റെയിൽ ജനിച്ച് വളർന്ന തനിഷ്‌ക് 2 വയസ്സുള്ളപ്പോൾതന്നെ പഠനത്തിൽ അസാധാരണ വൈദഗ്ധ്യം പ്രകടമാക്കിയിരുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയറായ പിതാവ് ബിജു എബ്രഹാമും വെറ്ററിനറി ഡോക്ടറായ മാതാവ് താജി എബ്രഹാമുമാണ് കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനവും പിന്തുണയും നൽകിയത്. പത്തനംതിട്ടയിൽനിന്ന് 1978ൽ യു.എസിൽ എത്തിയ ബിജു ന്യൂയോർക്കിലാണ് വളർന്നത്. മകൾ ടിയാര എബ്രഹാം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.