ലോക ശ്രദ്ധനേടുന്ന ബഹുഭൂരിപക്ഷം ചലനങ്ങൾക്കും സംഭവങ്ങൾക്കും പിന്നിലെ ഒരു മലയാളിക്കരുത്ത് പലപ്പോഴും വാർത്തയാവാറുണ്ട്.
പ്രപഞ്ച ഗവേഷണങ്ങളിൽ വഴിത്തിരിവാകുമെന്ന് നിരീക്ഷിക്കപ്പെടുന്ന ഒരു കണ്ടെത്തൽ ആഗോളതലത്തിൽ വലിയൊരു ചുവടുവെപ്പായിരുന്നു. ഭീമൻ തമോഗർത്തങ്ങളിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗത്തിന്‍റെ ആരവം കണ്ടെത്തിയതായിരുന്നു അത്. ഇതിൽ മലയാളികൾക്കും അഭിമാനിക്കാൻ വകയേറെ. ഇന്ത്യ, യു.എസ്, കാനഡ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള ശാസ്‌ത്രജ്‌ഞർ അടങ്ങിയ ഗവേഷണസംഘത്തിന് നേതൃത്വം നൽകിയത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെന്‍റൽ റിസർച്ചിലെ പ്രഫസർ എറണാകുളം സ്വദേശി ഡോ.എ. ഗോപകുമാറായിരുന്നു.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ അസ്ട്രോണമിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ. എം.എ. കൃഷ്ണകുമാർ, അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാല-മിൽവാകിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ അഭിമന്യൂ സുശോഭനൻ, ഹൈദരാബാദിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർഥി കെ. നോബിൾസൺ, കൊൽക്കത്ത ഐസറിലെ ഗവേഷണ വിദ്യാർഥിയായ ഫസൽ കരീം എന്നീ മലയാളികളും സംഘത്തിലുണ്ടായിരുന്നു.
ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തൽ.
ക്ഷീരപഥത്തിലെ ഇരട്ട തമോഗർത്തങ്ങളിൽനിന്നുള്ള തരംഗങ്ങളെയാണ് ഇവർ തിരിച്ചറിഞ്ഞത്.
ആവൃത്തി കുറഞ്ഞ ഗുരുത്വാകർഷണ തരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമായ പൾസാർ ടൈമിങ് അറേയുടെ ഭാഗമായുള്ള കണ്ടെത്തൽ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന ജേർണലിൽ ജൂൺ 29നു പ്രസിദ്ധീകരിച്ചിരുന്നു. പരസ്‌പരം ഭ്രമണം ചെയ്യുന്ന തമോഗർത്തങ്ങളെയാണ് സംഘം നിരീക്ഷിച്ചത്. ഇവയിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗങ്ങളുടെ ആവൃത്തി വളരെ കുറവാണ്. എന്നാൽ, ഇവയുടെ തരംഗദൈർഘ്യം പ്രകാശവർഷങ്ങൾ നീളും. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം തിരിച്ചറിയുക പ്രയാസകരമാണ്.
1916 ൽ ആൽബർട്ട് ഐൻസ്റ്റൈൻ ആണ് ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 2015ൽ ആദ്യമായി ആവൃത്തി കൂടിയ ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയിരുന്നു.
ആവൃത്തി കുറഞ്ഞവ കണ്ടെത്താനുമായില്ല. ലോകമാകെ 115 പൾസറുകളിൽ (പൾസറുകൾ എന്ന പ്രപഞ്ചവസ്തുക്കളെ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ അതിദൈർഘ്യ ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയത്.
വലിയ നക്ഷത്രങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങൾക്കു വിധേയമായ ശേഷം അവശേഷിക്കുന്ന വസ്തുക്കളാണ് പൾസറുകൾ. ഇവ കൃത്യമായ ഇടവേളകളിൽ പ്രകാശകിരണങ്ങൾ പുറപ്പെടുവിക്കും. ഗുരുത്വതരംഗങ്ങളുടെ സാമീപ്യത്തിൽ ഇവയുടെ പ്രകാശ ബഹിർസ്ഫുരണത്തിൽ വ്യതിയാനം വരും. ഇതുവഴിയാണ് നാനോ-ഹെർട്സ് ഗുരുത്വാകർഷണ തരംഗങ്ങളുടെ ആരവം തിരിച്ചറിഞ്ഞത് )
‘ഗുരുത്വാകർഷണ തരംഗങ്ങളുടെ പഠനത്തിൽ പുതിയ ഒരധ്യായം തുറക്കുന്ന നിർണായകമായ ഒരു നാഴികക്കല്ലാണിത്.
പുണെ നാഷനൽ സെന്‍റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്‌സിലെ ജയന്‍റ് മെട്രോവേവ് റേഡിയോ ടെലിസ്‌കോപ്പ് പുതിയ കണ്ടെത്തലിന് നിർണായക വിവരങ്ങൾ ലഭ്യമാക്കി. 40 ൽ ഏറെ ഇന്ത്യൻ ശാസ്ത്രജ്ഞരും ഗവേഷണത്തിന്‍റെ ഭാഗമായതായി ഡോ. എ.ഗോപകുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.