‘ബ്ലഡ് പ്രഷര്‍ കുറയുക, രോഗങ്ങൾ വേഗത്തിൽ സുഖപ്പെടുക, ആയുസ്സ് മെച്ചപ്പെടുക... നല്ല സൗഹൃദങ്ങള്‍ ശാരീരികാരോഗ്യത്തിനും ഗുണകരമാണ്’

‘‘ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തില്‍ വസിക്കുന്നതാണ്’’ -അരിസ്റ്റോട്ടില്‍ ആഗസ്റ്റിലെ ആദ്യ ഞായര്‍ ഇന്ത്യയില്‍ അന്തർദേശീയ സൗഹൃദദിനമാണ്. സുഹൃത്തുക്കള്‍ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്.

തീവ്രതക്കനുസരിച്ച് സൗഹൃദങ്ങളെ വെറും പരിചയം, കാഷ്വല്‍ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. മിക്കവരും ഏതു സദസ്സിലും ഫോൺചതുരത്തിന്റെ നിശ്ചേതനത്വത്തിലേക്ക് ഉൾവലിയുന്ന ഒരു കാലത്ത്, ഗാഢസൗഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.


* ഉപകാരങ്ങള്‍

• സമ്മർദവേളകളില്‍ സഹാനുഭൂതിയും പിന്തുണയും ലഭ്യമാവുക.

• തനിച്ചല്ലെന്ന ബോധം കിട്ടുക. നമ്മേക്കുറിച്ച് കൂടുതലറിയാനും ഉള്ളിനെയലട്ടുന്ന രഹസ്യങ്ങള്‍ സധൈര്യം പങ്കുവെക്കാനും അവസരമൊരുങ്ങുക.

• മനസ്സന്തുഷ്ടിയും സ്വയംമതിപ്പും പ്രശ്നപരിഹാരശേഷിയും മെച്ചപ്പെടുക.

• ജീവിതത്തിന് ഒരു ലക്ഷ്യബോധവും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനുള്ള പ്രോത്സാഹനവും ലഭിക്കുക.

• നാം യാഥാർഥ്യബോധത്തോടെയല്ലാതെ പെരുമാറുന്നെങ്കില്‍ (തീരെ ചേരാത്ത ഒരു ഡ്രസ് ധരിക്കുന്നതു തൊട്ട് ഒരു മോശം വ്യക്തിയെ പ്രേമഭാജനമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാര്യങ്ങളില്‍) അതു ചൂണ്ടിക്കാണിക്കാൻ അടുത്തകൂട്ടുകാർക്കേ ധൈര്യവും സ്വാതന്ത്ര്യവും കാണൂ.

ശാരീരികാരോഗ്യത്തിനും നല്ല സൗഹൃദങ്ങള്‍ ഗുണകരമാകുന്നുണ്ട്. ബ്ലഡ് പ്രഷര്‍ കുറയുക, രോഗങ്ങൾ താരതമ്യേന വേഗത്തിൽ സുഖപ്പെടുക, ആയുസ്സ് മെച്ചപ്പെടുക എന്നിവ ഉദാഹരണമാണ്. സൗഹൃദങ്ങള്‍ ആയുർദൈർഘ്യത്തെ തുണക്കുന്നത് ഗർഭധാരണം, ആശുപത്രിവാസം, ഉറ്റവരുടെ വിരഹം തുടങ്ങിയ വേളകളില്‍ സഹായസഹകരണങ്ങള്‍ ലഭ്യമാക്കിയും വ്യായാമവും ആരോഗ്യകരമായ ഭക്ഷണശൈലിയുംപോലുള്ള നല്ല രീതികള്‍ പ്രോത്സാഹിപ്പിച്ചും ലഹരിയുപയോഗംപോലുള്ള ദുശ്ശീലങ്ങളിൽനിന്നു പിന്തിരിപ്പിച്ചുമൊക്കെയാണ്. സാമൂഹികബന്ധങ്ങളുടെ അഭാവം ആയുസ്സ് കുറക്കുന്നതിന്‍റെ തോത്, ദിനേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യവും അമിതവണ്ണം, മദ്യപാനം, വായുമലിനീകരണം എന്നിവയുടേതിൽനിന്നു കൂടുതലുമാണ്.

കൗമാരത്തിലും വാർധക്യത്തിലുമാണ് സൗഹൃദങ്ങള്‍ ഏറ്റവും പ്രയോജനകരമാകുന്നത്. ഏകാന്തത, വാർധക്യത്തില്‍ മാനസിക സമ്മർദവും രോഗപ്രതിരോധശേഷിയും ഹൃദയാരോഗ്യവും വഷളാക്കുന്നുണ്ട്. പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്തുക ആ പ്രായത്തില്‍ എളുപ്പമാകില്ല എന്നതിനാല്‍ അതിനുള്ള നടപടികള്‍ മുമ്പേ സ്വീകരിക്കുന്നതാകും നല്ലത്. മറുവശത്ത്, അമിതവണ്ണം, ഉറക്കമൊഴിക്കല്‍, പുകവലി, മദ്യപാനം തുടങ്ങിയവയുള്ള കൂട്ടുകാരിൽനിന്ന് അവ പകർന്നുകിട്ടാമെന്ന അപകടവുമുണ്ട്. സൗഹൃദങ്ങള്‍ മാനസിക സമ്മർദത്തിനു വഴിയിടുന്നതും അപൂർവമല്ല.


* നല്ല ബന്ധങ്ങളുടെ ലക്ഷണങ്ങള്‍

• ആ വ്യക്തിയുടെ സാമീപ്യത്തില്‍ നമുക്കു നല്ല സന്തോഷവും സുരക്ഷിതത്വബോധവും ഉളവാകുക (ഒന്നിച്ചു സമയം ചെലവിടേണ്ടിവരുമ്പോഴൊക്കെ എന്തോ കടമ തീർക്കു ന്ന പ്രതീതി തോന്നുന്നെങ്കില്‍ സൗഹൃദം മങ്ങിത്തുടങ്ങിയെന്നർഥം).

• മിക്കപ്പോഴും പരസ്പരം ലഭ്യരായിരിക്കുക.

• സഹായസഹകരണങ്ങള്‍: ഇതു വൈകാരികമാകാം-കരുതല്‍, അംഗീകരണം, സ്നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ അനുകമ്പയുടെയോ പ്രകടനം എന്നിങ്ങനെ. അല്ലെങ്കില്‍ വസ്തുവകകളാലോ സാമ്പത്തികമായോ ആകാം. അതുമല്ലെങ്കില്‍ ഉപകാരപ്രദമായ വിവരങ്ങളോ ഉപദേശങ്ങളോ മുഖേനയാകാം.

• വെറും ‘വണ്‍വേ’ ആകാതെ ഒരു അന്യോന്യത നിലനിൽക്കുക. ഇതിനർഥം ഓരോ സഹായത്തിനുമുള്ള കടപ്പാട് ഉടനടി വീട്ടിത്തീർക്കണമെന്നല്ല; പിന്നീടെന്നെങ്കിലും ഒരാവശ്യംവരുമ്പോഴാണെങ്കിലും മറ്റേയാള്‍ തിരിച്ചും ഇടപെടണമെന്നാണ്.

• പരസ്പരം നല്ല സ്വീകാര്യതയും വിശ്വാസവും ബഹുമാനവും ആത്മാർഥതയും നിലവിലുണ്ടാവുക.

• പ്രോത്സാഹനവും ശരിവെക്കലുകളും വഴി, നല്ല സ്വയംധാരണയും ആത്മവിശ്വാസവും പ്രാപ്തമാകാന്‍ അന്യോന്യം സഹായിക്കുക.

• വികാരവിചാരങ്ങളെ, വിലയിരുത്തപ്പെടലോ പരിഹാസമോ കുറ്റപ്പെടുത്തലോ ഭയക്കാതെ, തുറന്നും സത്യസന്ധമായും പ്രകടിപ്പിക്കാവുന്ന സാഹചര്യമുണ്ടാവുക.

• വിനോദങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍, വെറും പരിചയം മാത്രമുള്ളവരെ അപേക്ഷിച്ച്, ഉറ്റസുഹൃത്തുക്കൾക്ക് മ റ്റേയാള്‍ എന്തു വിചാരിക്കുമെന്ന അലട്ടലില്ലാതെ, ഔപചാരികതയൊഴിവാക്കി സംസാരിക്കാനും തമാശകള്‍ പുറത്തെടുക്കാനും അന്യോന്യം കളിയാക്കാനുമെല്ലാം പറ്റും.

• കുടുംബത്തിന്റെയും ജോലിയുടെയുമെല്ലാം തിരക്കുകൾക്കുമിടയില്‍ ഇടക്കൊക്കെ സൗഹൃദത്തിനായി, കുറച്ചു കാലത്തേക്കുപോലും, സമയം മാറ്റിവെക്കാനാകാതെ വരുക സ്വാഭാവികം മാത്രമാണെന്ന് ഇരുവരും ഉൾക്കൊള്ളുക.


രൂപപ്പെടുത്താന്‍

സൗഹൃദങ്ങൾക്കു കളമൊരുക്കാറ് സമീപസ്ഥത, പരസ്പരം തോന്നുന്ന ആകർഷണം, പൊതുവായ താൽപര്യങ്ങള്‍, ഒരേ അനുഭവങ്ങളിലൂടെ ഒരുമിച്ചു കടന്നുപോകുന്നത്, ആവർത്തി ച്ചുള്ള ഇടപഴകലുകള്‍ തുടങ്ങിയവയാണ്.

ആത്മസുഹൃത്താക്കാനുള്ള യോഗ്യത ഒരു വ്യക്തിക്കുണ്ടോ എന്നെങ്ങനെ തിരിച്ചറിയാം? ഒരുമിച്ചു സമയം ചെലവിടുമ്പോള്‍ നമുക്ക് സ്വാഭാവികവും അകൃത്രിമവുമായി പെരുമാറാനാകുന്നുണ്ടോ അതോ കുറച്ചൊക്കെ അഭിനയിക്കേണ്ടിവരുന്നുണ്ടോ, നല്ല ഇണക്കവും ഉദ്ദീപനവും ഉത്തേജനവും തോന്നുന്നുണ്ടോ എന്നതൊക്കെ പരിഗണനീയമാണ്.

ഗാഢസൗഹൃദങ്ങള്‍ സ്വയമേവ സംജാതമാകുന്നതല്ല, താൽപര്യവും സമയവും പരിശ്രമവും വേണ്ടവയാണ്. ഒരാളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ ആ വ്യക്തിയുടെ അഭിരുചികളിൽ ഔത്സുക്യം കാട്ടുക. ആവശ്യാനുസരണം പ്രശംസിക്കുക. സംസാരമധ്യേ മൗനവേളകള്‍ ഏറുന്നെങ്കില്‍ വിഷയം മാറ്റുക. കുഞ്ഞുകാര്യങ്ങളെപ്പറ്റി പരാതി ഉയർത്താതിരിക്കുക.

നിലനിർത്താൻ

• സുഹൃത്ത് വല്ലതും പറയുമ്പോള്‍ ശ്രദ്ധയോടെ കേൾക്കുക. ഇടക്ക് എന്തെങ്കിലും പ്രസക്തമായ ചോദ്യങ്ങള്‍ പങ്കുവെക്കുക.

• വാക്കുകള്‍ പാലിക്കാന്‍ മനസ്സുവെക്കുക; അല്ലെങ്കില്‍ പരസ്പര വിശ്വാസം ദുർബലമാകും.

• എത്രതന്നെ അടുപ്പമുണ്ടെങ്കിലും അതിർവരമ്പുകളും ആഭിമുഖ്യങ്ങളും പരസ്പരം മാനിക്കുക.

• അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും അഥവാ സാധ്യമല്ലെങ്കില്‍ അവയെ ഉൾക്കൊള്ളാനും ശ്രമിക്കുക. ക്ഷമാപണം ആവശ്യമാണെങ്കില്‍ അതിന് ഉപേക്ഷ വേണ്ട. തുറന്ന ചർച്ചകളും വിട്ടുവീഴ്ചകളുംപോലുള്ള ആരോഗ്യകരമായ രീതികളില്‍ കൈകാര്യം ചെയ്‌താല്‍ ചെറിയ വഴക്കുകള്‍ ബന്ധത്തെ ദൃഢമാക്കുകയാണു ചെയ്യുക.


ഒരേ തൂവല്‍...

നമ്മുടെയതേ തൽപരതകള്‍ പുലർത്തുന്നവരുമായാണ് പൊതുവേ നാം സൗഹൃദം ഇഷ്ടപ്പെടുക. എന്നാല്‍, അങ്ങനെയല്ലാത്തവരെയും തിരഞ്ഞെടുക്കുന്നത് പുതിയ കാര്യങ്ങള്‍ പരിചയപ്പെടാനും ലോകവീക്ഷണം വിപുലപ്പെടാനുമൊക്കെ ഉപകരിക്കും.

ഓൺലൈൻ മതിയോ?

ചില ബന്ധങ്ങള്‍ ശോഭിക്കുക ഓൺലൈനിലാകുമെങ്കില്‍ ചിലതിന് ഓഫ് ലൈനിലേ പൂർണത ലഭിക്കൂ. നെറ്റിലെ ബന്ധങ്ങൾക്ക് അതേ ഊഷ്മളത പുറംലോകത്തു കിട്ടിയെന്നു വരില്ല; തിരിച്ചും അങ്ങനെത്തന്നെ. ഓൺലൈനിൽ ഇടപഴകലുകളില്‍, ശരീരഭാഷ ഉപയുക്തമാകാതെ പോകുന്നതും അതിനാല്‍ തെറ്റിദ്ധാരണകള്‍ ജനിക്കാവുന്നതും ഒരു പരിമിതിയാണ്.

കണ്ണില്‍ നോക്കിയും ശബ്ദം നേരിട്ടു ശ്രവിച്ചും ആവശ്യമെങ്കില്‍ പരസ്പരം സ്പർശിച്ചുമുള്ള സല്ലാപങ്ങളുടെ സുഖംതരാന്‍ ചാറ്റുകള്‍ക്കാവില്ല. ഓൺലൈൻ ബന്ധങ്ങള്‍ പലപ്പോഴും ഒരു നിശ്ചിത വിഷയത്തില്‍ താൽപര്യമുള്ളവരുടെ ഗ്രൂപ്പുകളില്‍നിന്നും ഉരുത്തിരിയുന്നതാകാം എന്നതിനാല്‍ നമ്മുടെ ജീവിതത്തിന്റെ മറ്റു പ്രധാന വശങ്ങളില്‍ അവർക്കു കൗതുകം കാണണമെന്നില്ല. നല്ല ഓഫ് ലൈൻ ബന്ധങ്ങള്‍ ഉള്ളവരോട് ഇടക്ക് അത്യാവശ്യത്തിനുപയോഗിക്കാം എന്നതു മാത്രമാകാം ഓൺലൈൻ ആശയവിനിമയങ്ങൾക്ക് ഗാഢസൗഹൃദങ്ങളിലുള്ള പ്രസക്തി.

കുരുങ്ങിഞെരുങ്ങുന്നോ?

സ്വന്തം ആഗ്രഹങ്ങളും വികാരങ്ങളും വിസ്മരിച്ച്, ലഭ്യമായ സമയത്തിന്റെ സിംഹഭാഗവും സുഹൃത്തിനു കൊടുക്കുന്ന പ്രവണത നന്നല്ല. ആ വ്യക്തിയാണ് തന്റെ പ്രഥമ ഉത്തരവാദിത്തം, ആ ബന്ധമാണ് സന്തോഷത്തിനുള്ള തന്റെ ഏക ആശ്രയം, എന്തു ത്യാഗം സഹിച്ചും ചങ്ങാതിയെ പിണക്കരുത് എന്നൊക്കെയുള്ള ചിന്താഗതികള്‍ ഇത്തരം സൗഹാർദ ങ്ങളുടെ അടയാളമാണ്.

പരിഹാരത്തിനുള്ള ആദ്യപടിയായി, പ്രസ്തുത രീതികള്‍ തനിക്കു വരുത്തിവെച്ച നഷ്ടങ്ങളുടെ കണക്കെടുക്കുക. അൽപം സമയമെടുത്താണെങ്കിലും അതിര്‍ത്തിരേഖകള്‍ പുനർനിർണയിക്കുക. സുഹൃത്തിനെ ഇക്കാര്യം നയത്തിലും മയത്തിലും ബോധ്യപ്പെടുത്തുക. ഒരു തുടക്കത്തിന്, നിങ്ങള്‍ എങ്ങനെ മാറാന്‍ ഉദ്ദേശിക്കുന്നു എന്നറിയിക്കുന്നതാകും അവര്‍ എന്തു ചെയ്യണമെന്നു നിഷ്‍കർഷിക്കുന്നതിനേക്കാള്‍ നല്ലത്. ഇതു ഫലപ്രദമാകുന്നില്ലെങ്കില്‍, പ്രഫഷനല്‍ സഹായം തേടുന്നതോ ചെറിയ ഇടവേളകളിട്ടുതുടങ്ങി ബന്ധം പൂർണമായും വിച്ഛേദിക്കുന്നതോ പരിഗണിക്കാം.

Tags:    
News Summary - friendship day specials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.