അഞ്ചാം ക്ലാസിലെ കൂട്ടുകാർ- രാമാനന്ദൻ, അരവിന്ദൻ, കലാം, ശിവപ്രകാശൻ. സ്കൂളിലേക്കും തിരിച്ചും ഒരുമിച്ച് പോകുന്ന അയൽക്കാർ. പുതിയ അധ്യാപകന്റെ ആദ്യ ക്ലാസിൽതന്നെ, മുൻബെഞ്ചിൽ അദ്ദേഹത്തിെൻറ കണ്ണുടക്കി- പൂണൂലിട്ട കുട്ടിക്ക് തൊട്ടടുത്ത് തൊപ്പിയിട്ട കുട്ടി. അധ്യാപകൻ തൊപ്പിക്കാരൻ കലാമിനോട് പിൻബെഞ്ചിലേക്കു മാറാൻ ആവശ്യപ്പെട്ടു. അവൻ മാറുേമ്പാൾ കൂടുതൽ വിഷമം രാമാനന്ദനായിരുന്നു. പക്ഷേ, ആ മാറ്റിയിരുത്തൽ അന്നേദിവസംകൊണ്ട് തീർന്നു.
സ്കൂൾ വിട്ടശേഷം അധ്യാപകനെ തേടി മൂന്നു രക്ഷാകർത്താക്കളെത്തി: കലാമിന്റെ ബാപ്പ, രാമാനന്ദന്റെ അച്ഛനും രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ ലക്ഷ്മണ ശാസ്ത്രി, ഒരു ക്രിസ്ത്യൻ പുരോഹിതൻ. രാമേശ്വരം എലിമെൻററി സ്കൂളിലെ ബാല്യകാലം അനുസ്മരിച്ച് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം എഴുതിയതാണ് ഈ അനുഭവം. അധ്യാപകനെ കണ്ട 'മൂന്ന് വിദ്വാന്മാർ' അദ്ദേഹത്തോട് പറഞ്ഞു -ഇവിടെ ഇത്തരം വേർതിരിവുകൾ ഇല്ലാത്തതാണ്. ഇനിയും അത് വേണ്ട. അധ്യാപകൻ സ്വയം തിരുത്തി, മാത്രമല്ല അദ്ദേഹത്തിന്റെ തന്നെ മനസ്സ് മാറി എന്ന് അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട്. കുട്ടികളിലെ കളങ്കമില്ലാത്ത സ്നേഹസൗഹൃദങ്ങൾ മനുഷ്യപ്രകൃതിയുടെ നൈസർഗിക ഭാവമാണ്.
ആ സൗഹൃദങ്ങളെ അകറ്റി ഇല്ലാതാക്കുന്ന ആചാരവ്യവസ്ഥകൾ മനുഷ്യപ്രകൃതിക്കു പുറത്തുനിന്നുള്ള ഇടപെടലാണ്. നിർഭാഗ്യത്തിന്, ഇത്തരം അകറ്റൽ പലേടത്തും ഫലം ചെയ്യുന്നുണ്ട്. അമേരിക്കയിലെ പ്യൂ ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ സർവേ അത് കാട്ടിത്തരുന്നു. സാമുദായിക വേർതിരിവിനെ അംഗീകരിക്കുന്ന മനഃസ്ഥിതി ഇന്ത്യയിൽ വളരുന്നുവത്രെ. അടുത്തിരിക്കുന്നവരെ അകറ്റുന്നതാണോ മതവും വിശ്വാസവും? അതാണോ ആത്മീയത? വസുധൈവ കുടുംബകം (ഭൂമി മുഴുവൻ ഒറ്റ കുടുംബം) എന്നത് വെറുമൊരു അലങ്കാരപ്രയോഗമല്ല. ദൈവത്തെ എന്തു പേരിട്ടു വിളിച്ചാലും ആ ശക്തി എല്ലാവർക്കും ഒന്നാണ്. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും വേദം പറയുന്നുണ്ടല്ലോ.
ദേശവും വർണവും ഭാഷയുമെല്ലാം വിലാസങ്ങളാണ്. വിലാസങ്ങൾക്കപ്പുറം മനുഷ്യർ സഹോദരങ്ങളും. അകൽച്ച ശത്രുത കൂട്ടും. അപരൻ ശത്രു എന്ന മുൻവിധി നമുക്കു ചുറ്റുമുണ്ട്; നമ്മിലുമുണ്ട്. പരസ്പരം അറിഞ്ഞവർക്കാകട്ടെ വെറുക്കാനാവില്ല. പരസ്പരം കാണാത്തവർക്കും സഹായിക്കാനാകും. ഒരു നിമിഷത്തിന്റെ കൈയബദ്ധംകൊണ്ട് സുഡാനി കാറിടിച്ചു മരിക്കാനിടയായ സംഭവത്തിൽ അബൂദബിയിൽ വധശിക്ഷ കാത്തുകഴിയുകയായിരുന്നു ബെക്സ് കൃഷ്ണൻ. നേരിട്ട് പരിചയമുണ്ടായിട്ടല്ല എം.എ. യൂസുഫലി എന്ന വ്യാപാരി ഒരു കോടി രൂപ മോചനദ്രവ്യം നൽകി അദ്ദേഹത്തെ വിടുവിച്ചത്.
സ്വന്തം മകനെ കൊന്ന ട്രേ അലക്സാണ്ടർ റെൽഫഡിന് കോടതിയിൽവെച്ച് പൊറുത്തുകൊടുത്ത അമേരിക്കക്കാരൻ അബ്ദുൽ മുനീമിനെപ്പറ്റി നാം കേട്ടിട്ടുണ്ട്. മകന്റെ കൊലയാളിയെ ചേർത്തുപിടിച്ച് അദ്ദേഹം പറഞ്ഞു: മനുഷ്യർ നല്ലവരാണ്. നീ നല്ലവനാണ്. മനസ്സിലെ പിശാചാണ് തിന്മ ചെയ്യിക്കുന്നത്.
ചെയ്തുപോയ തെറ്റ് മറന്നും പൊറുത്തുംകൊണ്ട് നന്മ വളർത്താനാവും. സമുദായങ്ങൾക്കിടയിൽ മൈത്രി വളർത്താനും പരസ്പരം അറിയുകയാണ് വഴി. ഗുജറാത്തിലെ സാമുദായിക അതിക്രമങ്ങളുടെ മുഖമായിരുന്നു വാൾ വീശി നിൽക്കുന്ന അശോക് പാർമറിന്റെ ചിത്രം. അതേ ഹിംസയുടെ ഇരയായി പ്രചരിച്ച ചിത്രമാണ് കൈകൂപ്പി നിൽക്കുന്ന ഖുതുബുദ്ദീൻ അൻസാരിയുടേത്. പിന്നീട് പരസ്പരം അറിഞ്ഞതോടെ പാർമറിന്റെ മനസ്സ് മാറിയതും ഇരുവരും ഒരുമിച്ച് ചെരിപ്പുകട തുടങ്ങിയതും ചരിത്രം. ചരിത്രം നന്മയുടെ കഥകളാൽ സമൃദ്ധമാണ്- നാം ഓർക്കുന്നത് അക്രമങ്ങളുടെ കഥകളാണെങ്കിലും. സദ്ഭരണത്തിന് പേരെടുത്ത വലിയ രാജ്യത്തിന്റെ സമ്രാട്ടായിരുന്ന ഖലീഫ ഉമർ വധിക്കപ്പെടുകയായിരുന്നു. പ്രാർഥനക്ക് നേതൃത്വം നൽകുേമ്പാൾ ഒരു അമുസ്ലിം വിഷം പുരട്ടിയ കത്തികൊണ്ട് കുത്തിയതാണ്.
മരണത്തിനുമുമ്പ് ഖലീഫ ഉപദേശിച്ചത് ഇങ്ങനെ: അമുസ്ലിംകൾക്ക് നിങ്ങൾ സംരക്ഷകരാവുക, വിട്ടുവീഴ്ച ചെയ്യുക, ദൈവത്തോടുള്ള കരാറാണത്. ഇരുട്ടിനെ പഴിക്കുംമുമ്പ് വിളക്ക് കത്തിക്കുന്നവരാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.