തിന്നാൻ വേണ്ടി ജീവിക്കുന്നവരെന്ന് അമിതഭുക്കുകളെ വിളിക്കാറുണ്ട്. പക്ഷേ, അമിതഭുക്കായാലും അല്ലെങ്കിലും ആഹരിക്കുന്നത് ആസ്വദിച്ചുതന്നെ വേണം. അതിനുള്ളതാണ് വിശപ്പ്. ആഹരിക്കുന്നത് ആസ്വാദ്യമല്ലെങ്കിലോ? ശരീരത്തിന് വളർച്ചക്കും രോഗപ്രതിരോധത്തിനും വേണ്ടത് ഓരോ നേരവും കഷ്ടപ്പെട്ട് അകത്താക്കേണ്ടിവന്നാൽ? മുടക്കാൻ പറ്റാത്ത കഠിനാധ്വാനമായി ഓരോ ആഹാരസമയവും മാറും. ഭക്ഷിക്കൽ ഒരു മടുപ്പിക്കുന്ന ജോലിയാകും.
നമുക്ക് ഭക്ഷണം ഇഷ്ടമാകുന്നത് വലിയ സൗഭാഗ്യമാണ്. ആസ്വാദനം പക്ഷേ, അതിരുവിടാം. ആരോഗ്യം നശിപ്പിക്കുന്ന തരത്തിൽ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നവരുണ്ടല്ലോ. അത്തരം ഭക്ഷണത്തോട് അനിഷ്ടം തോന്നിക്കിട്ടിയാൽ രക്ഷപ്പെട്ടു. ഭക്ഷണമല്ല മാറേണ്ടത്; മനസ്സാണ്.
തീനാളത്തിലേക്ക് കൈ നീട്ടുന്ന കുഞ്ഞ്. അവൾക്ക് കാഴ്ചയുടെ ഭംഗിയേ അറിയൂ; പൊള്ളലിെൻറ വേദന അറിഞ്ഞിട്ടില്ല. പക്ഷേ, അതറിയുന്ന അമ്മ തടയും. അവൾ കരയും. മനസ്സിനെ രൂപപ്പെടുത്തേണ്ട മാർഗദർശനം അങ്ങനെയാണ് -ആദ്യം മധുരിച്ചുകൊള്ളണമെന്നില്ല. തിന്മയിൽനിന്ന് രക്ഷപ്പെടുത്തണേ എന്ന് പ്രാർഥിക്കുന്നവരുണ്ട്. തിന്മയോട് ഇഷ്ടം തോന്നാത്ത മനസ്സ് തരണേ എന്നുകൂടി പ്രാർഥിക്കാം.
അതിന് അറിവുള്ളവരുടെ ബോധനം ശ്രദ്ധിക്കണം. ക്ഷമയോടെ അനുസരിക്കണം.ദൂരെ ഗ്രാമത്തിലെത്താൻ വഴി ചോദിച്ചെത്തിയ യുവാവിന് നീണ്ട ഒരു മരപ്പലക കൊടുത്തിട്ടാണ് കാരണവർ വഴിപറഞ്ഞു കൊടുത്തത്. അയാൾ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പലക ഒരു ഭാരമായി. പലകയുടെ പകുതി മുറിച്ചുകളഞ്ഞു. ഗ്രാമമെത്തുന്നു. മുന്നിലൊരു കിടങ്ങ്. പാലമില്ല. കൈയിലെ മരപ്പലക വെച്ച് കടക്കാമായിരുന്നു -അത് മുറിച്ചിരുന്നില്ലെങ്കിൽ.
മനസ്സ് ശരീരത്തിന് വിധേയപ്പെടുന്നതാണ് പ്രശ്നം. അതാണ് ആസക്തി. ശരീരത്തിൽ രോഗമുണ്ടാക്കുന്ന ആസക്തിയുടെ താവളം മനസ്സാണ്. മാറ്റം പുറത്തല്ല ഉണ്ടാകേണ്ടത്. കോടീശ്വരന് കണ്ണുവേദന. പലരെയും സമീപിച്ചു; മരുന്ന് ധാരാളം കഴിച്ചു. ആശ്വാസമില്ല. സമർഥനായ ഒരു ഡോക്ടർക്ക് രോഗം മനസ്സിലായി. പ്രതിവിധി ലളിതം -കുറച്ചുകാലം കഴിവതും പച്ചനിറം മാത്രം കാണുക. ലോഡുകണക്കിന് പച്ചപ്പെയിൻറ് വാങ്ങി അയാൾ ചുറ്റുമുള്ളതെല്ലാം പച്ചയാക്കി. വേദന മാറുന്നു. ഡോക്ടർ അന്വേഷിക്കാനെത്തി.
പച്ചച്ചായംകൊണ്ട് വീടാകെ മൂടിയത് കണ്ട് ഡോക്ടർ ചിരിച്ചു: ഇതൊക്കെ എന്തിന്? പച്ചപ്പിലുള്ള കണ്ണട മതിയായിരുന്നില്ലേ? പുറമല്ല മാറേണ്ടത്; കാഴ്ചയാണ്; കാഴ്ചപ്പാടാണ്. ബാഹ്യപ്രേരണകളെ മറികടന്ന് സ്വയം ശാന്തി കൈവരിക്കുന്ന മനസ്സിനെപ്പറ്റി ഭഗവദ്ഗീത പറയുന്നുണ്ട്. നന്മയോടുള്ള നൈസർഗിക ആഭിമുഖ്യം വീണ്ടെടുത്താൽ രക്ഷയായി. സ്വയം മാറാൻ തയാറില്ലാത്തവരെ ദൈവം മാറ്റില്ലെന്ന് ഖുർആൻ പറയുന്നത്, മനസ്സിെൻറ കടിഞ്ഞാൺ ഏറ്റെടുക്കണമെന്ന ആഹ്വാനംകൂടിയല്ലേ?
ജീവിത സായാഹ്നത്തിൽ ഒരു വിപ്ലവകാരി സ്വയം വിലയിരുത്തിയതിങ്ങനെ: ചെറുപ്പത്തിൽ ലോകത്തെ മാറ്റിപ്പണിയാനുള്ള ആവേശമായിരുന്നു എനിക്ക്. നടക്കില്ലെന്ന് കണ്ടപ്പോൾ രാജ്യത്തെയെങ്കിലും മാറ്റാമെന്നു കരുതി. പിന്നെ പട്ടണത്തെ; കുടുംബത്തെയെങ്കിലും, ഒന്നും നടന്നില്ല. ഇന്ന്, വയസ്സായപ്പോൾ ഞാനറിയുന്നു, എനിക്ക് മാറ്റാവുന്നത് എന്നെ മാത്രമാണെന്ന്. മറ്റൊന്നുകൂടി ഞാനറിയുന്നു. എെൻറ മനസ്സ് ഞാൻ പണ്ടേ നന്നാക്കിയിരുന്നെങ്കിൽ എനിക്ക് കുടുംബത്തെയും പട്ടണത്തെയും രാജ്യത്തെയും സ്വാധീനിക്കാൻ കഴിഞ്ഞേനെ.
''ഇന്നലെ ഞാൻ സാമർഥ്യക്കാരനായിരുന്നതിനാൽ ലോകത്തെ മാറ്റാൻ നോക്കി. ഇന്ന് വിവേകിയായതിനാൽ ഞാൻ സ്വയം മാറുന്നു'' -ജലാലുദ്ദീൻ റൂമി.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.