ചി​​​ത്രം: അ​​​ഷ്​​​​ക​​​ർ ഒ​​​രു​​​മ​​​ന​​​യൂ​​​ർ


‘ആരോഗ്യം തന്നെ സമ്പത്ത്’. കേട്ടു തഴമ്പിച്ചു അല്ലേ?. രോഗങ്ങൾ, അതും ജീവന് ആപത്കരമായ രോഗങ്ങൾ സർവസാധാരണമായ ഈ കാലഘട്ടത്തിൽ ആരോഗ്യം എന്നത് ലക്ഷ്വറിയായി മാറിയിരിക്കുന്നു.

ജീവിതശൈലി രോഗങ്ങൾ പുതുമയല്ലാതെയായി. ഇരുപതുകളിലും മുപ്പതുകളിലും പോലും ഹൃദ്രോഗവും സ്ട്രോക്കും വൃക്ക പ്രശ്നങ്ങളും കരൾരോഗങ്ങളും മാനസികാരോഗ്യ ബുദ്ധിമുട്ടുകളും നമ്മെ വേട്ടയാടുന്ന കാലത്തിലൂടെയാണ് കടന്നുപോക്ക്.

ഇതിനിടെയാണ് പകർച്ചവ്യാധികൾ പലവിധമായി പെരുകുന്നത്. ഇതിനെല്ലാം ഇടയിലും നമ്മൾ മനസ്സുവെച്ചാൽ രോഗങ്ങളെ പ്രതിരോധിച്ചുനിർത്താം. അതിന് മനസ്സും ശരീരവും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നുമാത്രം.

ആധുനിക ലോകത്തെ അത്യാധുനിക ശീലങ്ങളിൽ തളച്ചിടപ്പെട്ട് വെല്ലുവിളി നേരിടുന്ന നമ്മുടെ ആരോഗ്യം പോസിറ്റിവ് ട്രാക്കിൽ മുന്നോട്ടുകൊണ്ടുപോകാൻ ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ...


1. ഭക്ഷണംതന്നെ ആദ്യ കരുതൽ

ഭക്ഷണംതന്നെയാണല്ലോ ജീവിതത്തിന്‍റെ അടിസ്ഥാനം. ആരോഗ്യത്തിന് റെഡ് കാർഡ് കിട്ടാതെ കാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടതും ഭക്ഷണ പ്ലേറ്റിൽതന്നെ.

● ദിവസവും സമീകൃത ആഹാരം (ബാലൻസ്ഡ് ഡയറ്റ്) കഴിക്കുക എന്നതിനാണ് പ്രധാന ശ്രദ്ധ നൽകേണ്ടത്.

● ഡയറ്റ് കൃത്യമായി പാലിച്ച് പോഷകഘടകങ്ങൾ ആവശ്യത്തിന് ലഭിച്ചാൽ നമുക്കുവേണ്ട വിറ്റമിനുകളും മിനറലുകളും ശരീരത്തിൽ കൃത്യ അളവിൽ എത്തിയിരിക്കും.

● കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ, ഫാറ്റ്, നാരുകളടങ്ങിയ ഭക്ഷണം, പഴം- പച്ചക്കറി ഇവയെല്ലാം ആവശ്യത്തിന് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ നേരത്തെ ഭക്ഷണത്തിലും ഇവയുടെ അളവ് കൃത്യമായി വേണം.

● സമീകൃത ആഹാരത്തിലൂടെ രോഗപ്രതിരോധ ശേഷി ഉയർത്താനാകും. ശരീരത്തിലെ ഓരോ ഇന്ദ്രിയത്തിനും ഉണർവ് ലഭിക്കുന്നതിനൊപ്പം ക്ഷീണം, തളർച്ച, വിളർച്ച, രക്തക്കുറവ് എന്നിവയെല്ലാം അകറ്റാനാവും.

● ബി.പി, ഹൃദയാരോഗ്യം, ശരീരഭാരം എന്നിവ ഡയറ്റിൽ ശ്രദ്ധവെക്കുന്നതിലൂടെ മെച്ചപ്പെടുത്താം.

● കോശങ്ങൾ റിപ്പയർ ചെയ്യാനും മസിൽ ബലപ്പെടുത്താനും കഴിയും.

● കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ സമീകൃത ആഹാരം ശീലിപ്പിക്കണം.

● അമിതമായ റെ​ഡ് മീ​റ്റ് ഉപയോഗം കുറക്കാം. ഇതിൽ പൂ​രി​ത കൊ​ഴു​പ്പും കൊ​ള​സ്ട്രോ​ളും വ​ലി​യ അ​ള​വി​ലു​ണ്ട്. ഇവ ഹൃ​ദ്രോ​ഗം, അ​മി​ത​വ​ണ്ണം, സ്ട്രോ​ക്ക്, അർബുദ സാധ്യത എന്നിവ വ​ർ​ധി​പ്പി​ക്കും.

● വ​യ​ര്‍ നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്കാം. ഇ​ത് അ​ല​സ​ത​ക്കും ക്ഷീ​ണ​ത്തി​നും കാ​ര​ണ​മാ​കും. സാ​വ​ധാ​നം ച​വ​ച്ച​ര​ച്ച് ക​ഴി​ക്കു​ക.


2. കൃത്യമായ വ്യായാമം

ആരോഗ്യവും വ്യായാമവും ഇണപിരിയാത്ത സുഹൃത്തുക്കളാണല്ലോ. ഏതുതരം വ്യായാമ മുറകൾ ആണെങ്കിലും അവ ശരീരത്തിന് ഗുണം മാത്രമാണ് നൽകുക.

● ഏറോബിക് എക്സർസൈസിൽ ആദ്യം ശ്രദ്ധവെക്കാം. ജോഗിങ്, കൈവീശി വേഗത്തിലുള്ള നടത്തമായ ബ്രിസ്ക് വാക്കിങ്, നീന്തൽ, സ്കിപ്പിങ്, ഡാൻസിങ്, ട്രെഡ്മിൽ നടത്തം ഇതൊക്കെ ഏറോബിക് എക്സർസൈസിൽ വരുന്നതാണ്. ഈ വ്യായാമമുറകളിലൂടെ ഹൃദയമിടിപ്പ് നന്നായി കൂടുകയും ഹൃദയത്തിന്‍റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു.

● ശരീരഭാരം കുറക്കാനും രക്തധമനികളെ ശക്തിപ്പെടുത്താനും രക്തമൊഴുക്കിനെ മികച്ചതാക്കാനും സഹായിക്കുന്നു.

● ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അതായത് എൽ.ഡി.എൽ, ബി.പി, ഡയബറ്റിക്സ് എന്നിവ കുറയാൻ സഹായിക്കുന്നു.

● സ്ട്രെസ്സ് കുറക്കാനും നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും ഉപകാരമാണ്.

● ആഴ്ചയിൽ 150 മിനിറ്റെങ്കിലും ഏറോബിക് എക്സർസൈസ് ചെയ്യാം.

സ്ട്രെങ്ത് ട്രെയിനിങ്: ഒരു പ്രായം കഴിയുമ്പോൾ ശരീരത്തിൽ മസിൽ മാസ് കുറയാൻ തുടങ്ങും, ശരീരം ശുഷ്കിച്ച്​ വരുന്ന സ്ഥിതി. സാധാരണ രീതിയിലെ ഭാരം കുറയലല്ല, മസിൽ ലൂസ് ആകുന്നതാണ് കൈയിലും കാലിലും ഒക്കെ ‘ഉണങ്ങിയ’ അവസ്ഥ വരുത്തുന്നത്. ഈ സാഹചര്യം തുടർന്നുള്ള ജീവിതം ദുസ്സഹമാക്കും. ഈ അവസ്ഥ ഒഴിവാക്കാൻ നശിച്ചുപോകുന്ന മസിലുകളെ വ്യായാമത്തിലൂടെയും മറ്റും റീബിൽഡ് ചെയ്യാം.

● വെയ്റ്റ് എടുത്തോ റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോഗിച്ചോ നമ്മുടെ സൗകര്യം അനുസരിച്ച് സ്ട്രെങ്ത് ട്രെയിനിങ് ചെയ്യാം.

● എല്ലു വേദന, സ്ത്രീകളിൽ 40-45 വയസ്സിൽ വ്യാപകമായി കാണുന്ന മുട്ടുവേദന, തേയ്മാനം പോലുള്ളവയെ ഒരു പരിധിവരെ തടയാം.

● ശരീരത്തിന്‍റെ ഫ്ലെക്സിബിലിറ്റി കുറഞ്ഞ്, മുട്ടുമടക്കാനും കൈപൊക്കാനും കുനിഞ്ഞിരിക്കാനും കുനിഞ്ഞ് സാധനങ്ങൾ എടുക്കാനും ഒക്കെ പ്രയാസപ്പെടുന്നത് ഭാവിയിൽ ഒഴിവാക്കാനും ഈ വ്യായാമം സഹായമാകും. യോഗയും നല്ലതാണ്.

● ദിവസവും സ്​ട്രെങ്​ത്​ ട്രെയിനിങ്​ നടത്തണമെന്നല്ല, ആഴ്ചയിൽ കുറച്ച് സമയമെങ്കിലും ഈ വ്യായാമം ചെയ്യുന്നെന്ന് ഉറപ്പുവരുത്തുക.

● മറ്റു വ്യായാമം ചെയ്യുന്നവർ ദിവസേനയോ ആഴ്ചയിൽ നാലു ദിവസമെങ്കിലോ സ്ട്രെച്ചിങ് ചെയ്യാൻ മറക്കരുത്. വ്യായാമം ചെയ്യുമ്പോൾ സ്ട്രെച്ചിങ്ങിൽ തുടങ്ങി അവസാനിക്കുമ്പോൾ കൂൾഡൗൺ ചെയ്തുനിർത്തണം.

● സ്​റ്റെപ്പുകൾ കയറുക. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ പരമാവധി ഉപയോഗിക്കാതിരിക്കുക, കയറുമ്പോൾ നമ്മുടെ സാധനങ്ങൾ നാംതന്നെ എടുക്കുക തുടങ്ങി വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇടവേളകളിൽ ചെയ്യുന്ന ചെറിയ കാര്യങ്ങളിലൂടെ ലഭിക്കും.

● സം​ഗീ​തം ആ​സ്വ​ദി​ച്ചു വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ ശാ​രീ​രി​ക​-മാ​ന​സി​ക​ ആ​ന​ന്ദം ല​ഭി​ക്കും.


3. ശരീര ഭാരം സൂക്ഷിക്കാം

ആരോഗ്യസംരക്ഷണത്തിൽ ശരീരഭാരത്തിന്‍റെ പങ്ക് അതിപ്രധാനമാണ്. ഐഡിയൽ വെയിറ്റ് സൂക്ഷിക്കുകയാണ് ഇതിലെ വിജയ ഫോർമുല. ഇതിലൂടെ ജീവിത ശൈലി രോഗങ്ങളെ നിലക്കുനിർത്താനാകും. ഉയരത്തിന് അനുസരിച്ച് ആയിരിക്കണം ശരീരഭാരം.

● പൊതുവേ ഇന്ത്യക്കാരിൽ കൂടുതൽ കാണുന്നത് സെൻട്രൽ ഒബീസിറ്റി ആണ്. അതായത് അരക്കെട്ടിന്റെ ഭാഗത്ത് വയറിന് ചുറ്റും കൂടുതൽ ശരീരഭാരം കേന്ദ്രീകരിക്കുന്ന സ്ഥിതി. ഇത് മൂലം ഡയബറ്റിക്സ്, ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ ഒക്കെ വരാൻ സാധ്യത കൂടുതലാണ്.

അമിത മദ്യപാനികളിൽ ഇത്തരത്തിൽ സെൻട്രൽ ഒബീസിറ്റി കൂടുതലായി വരും. അമിതവണ്ണം ഭാവിയിൽ വലിയ റിസ്ക് ഫാക്ടറായി മാറാം. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക നശിക്കുക എന്നിവയൊക്കെ അമിതവണ്ണത്തിന്‍റെ ഫലമായി ഉണ്ടാകാം. ഐഡിയൽ വെയിറ്റ് സൂക്ഷിക്കുന്നതിലൂടെ ഇവയിൽനിന്ന് രക്ഷ നേടാം.

● അനുയോജ്യമായ ശരീരഭാരം ആണോ എന്ന് കണ്ടെത്താൻ ഡബ്ല്യു.എച്ച്.ഒ മുന്നോട്ടുവെക്കുന്ന ‘വെയ്സ്റ്റ് ഹിപ് റേഷ്യോ’ ഉപയോഗിക്കാം. അരക്കെട്ടിന്‍റെ ചുറ്റുമുള്ള അളവിനെ ഇടുപ്പിന്‍റെ ഏറ്റവും വലുപ്പമുള്ള ഭാഗത്തെ അളവെടുത്ത് ഭാഗിക്കുക.

കിട്ടുന്ന ഉത്തരം സ്ത്രീകളിൽ 0.85ന് താഴെ നിൽക്കണം, പുരുഷന്മാരിൽ 0.90ന് താഴെയും നിൽക്കണം. ഉത്തരം ഒന്നിന് മുകളിൽ ആണെങ്കിൽ അമിതഭാരം ആണെന്നും ഡയബറ്റിക്സ്, ബി.പി, കൊളസ്ട്രോൾ, ഹൃദയാഘാതം, സ്ട്രോക്ക്, അർബുദം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് എന്നും ഓർക്കണം.

● ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന ഫാറ്റി ലിവർ അസുഖവും ഇതിന്‍റെ ഫലമായി ഉണ്ടാകാറുണ്ട്. അതിനാൽ വെയ്സ്റ്റ് ഹിപ് റേഷ്യോ കൃത്യമായ അളവിൽ കാത്തുസൂക്ഷിക്കുക.

● ആവശ്യമായ ശരീരഭാരത്തിന്റെ മറ്റൊരു അളവുകോൽ ആണ് ബി.എം.ഐ അഥവാ ബോഡി മാസ് ഇൻഡക്സ്. കിലോഗ്രാമിലുള്ള ശരീരഭാരം ഉയരത്തിന്‍റെ (മീറ്ററിൽ) ഇരട്ടി കൊണ്ട് ഹരിക്കുന്നു. ഫലം 18.5നും 24.9നും ഇടയിലാണെങ്കിൽ നമ്മുടെ ഭാരം ക‍ൃത്യമാണെന്ന് അനുമാനിക്കുന്നു. അതിനു മുകളിൽ പോകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. വെയിസ്റ്റ് ഹിപ് റേഷ്യോ അമിതമാകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാവുക.

4. ദാഹജലം, ജീവജലം

രോഗങ്ങളെ അകറ്റിനിർത്താൻ ആവശ്യാനുസരണം വെള്ളം കുടിക്കുക എന്നത് അതിപ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചാൽ തന്നെ നമ്മുടെ ശരീരത്തിന് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

● ഇടക്കുണ്ടാകുന്ന ക്ഷീണം, ശരീരത്തിന് എല്ലാ ദിവസവും ഉണ്ടാകുന്ന തളർച്ച, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത സ്ഥിതി, ഇടവിട്ടുള്ള തലവേദന, എപ്പോഴും ഉറങ്ങണമെന്ന് തോന്നുക, ഭക്ഷണത്തോട് ആർത്തി എന്നിങ്ങനെ പല പ്രശ്നങ്ങളും ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതുകൊണ്ടുവരാം.

● എല്ലാവരും ഒരേ തരത്തിൽ അല്ല വെള്ളം കുടിക്കേണ്ടത്. ശരീരഭാരം അനുസരിച്ചാണ് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കേണ്ടത്. ഒരു കിലോ ശരീരഭാരത്തിന് 35 എം.എൽ വെള്ളം കുടിക്കുന്നതാണ് അഭികാമ്യം. അതായത്, 70 കിലോ ഭാരമുള്ളയാൾ ഏകദേശം 2.4 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം.

● വൃക്ക-ഹൃദയ സംബന്ധ പ്രശ്നമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.

● മൂ​ത്രം ഇ​രു​ണ്ടി​രി​ക്കു​ന്നെങ്കി​ൽ, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്നി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കാം. അതേസമയം മധുരപാനീയങ്ങൾ കുറക്കാനും ശ്രദ്ധിക്കണം.

● വൃക്ക-ഹൃദയ പ്രവർത്തനം സുഗമമാക്കൽ, യൂറിനറി ഇൻഫെക്ഷൻ തടയൽ, ശരീര താപനില അനുയോജ്യമായി നിലനിർത്തൽ, മലബന്ധം ഉണ്ടാവാതെ ദഹനസംവിധാനം മികച്ചതാക്കാനും ശരീരഭാരം കുറക്കാനും സഹായിക്കൽ എന്നിവയെല്ലാം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളാണ്.

5. അണ്ടറേറ്റ് ചെയ്യല്ലേ ഉറക്കം

ആരോഗ്യം രോഗങ്ങൾക്ക് കീഴ്പ്പെടാതിരിക്കാൻ ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയേ മതിയാകൂ. ഉറക്കമാണ് ശരീരത്തിന്‍റെ റിപ്പയർ കൂടുതൽ നടക്കുന്ന സമയം.

● ഉറക്കം കൃത്യമായില്ലെങ്കിൽ അടുത്ത ദിവസത്തെ പ്രവർത്തനത്തെ അത് ബാധിക്കും. മൂഡ് ഫ്ലക്ച്വേഷൻ, ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ വരൽ എന്നിവക്ക് പുറമെ ശരീരഭാരം കുറക്കാൻ പോലും ഉറക്കമില്ലായ്മ തടസ്സമാകും. ബി.പി നിയന്ത്രിക്കാനും ഉറക്കം അനിവാര്യമാണ്.

● രാത്രി മൊബൈൽ ഫോണിൽ സമയം കളയുന്നത് പ്രമേഹസാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

● ശാരീരിക-മാനസിക ആരോഗ്യത്തിന് ആറുമുതൽ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം.

● ഉറക്കത്തിനായി കൃത്യം ബെഡ് ടൈം നിശ്ചയിക്കണം. മറ്റെല്ലാം മാറ്റിവെച്ച്, മുറി നല്ല ഇരുട്ടാക്കി ആ സമയംതന്നെ ഉറങ്ങിശീലിക്കാം.

● രാത്രി ഡ്യൂട്ടിയുള്ളവർ പകൽ ആവശ്യത്തിന് ഉറങ്ങുന്നെന്ന് ഉറപ്പാക്കണം.

6. പുകവലി ആരോഗ്യത്തിന് ഹാനികരം

ആരോഗ്യ സംരക്ഷണത്തിന്, രോഗങ്ങളെ അകറ്റിനിർത്തുന്നതിന് പുകവലിയിൽനിന്ന് അകന്നുനിൽക്കണം.

● പുകവലിക്കാരിൽ ശ്വാസകോശ അർബുദം, സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള മാരകരോഗ സാധ്യത കൂടുതലാണ്.

● ശ്വാസകോശം ആണ് പുകവലിയുടെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത്. ബ്രോങ്കൽ ആസ്മ പോലുള്ള അസുഖങ്ങൾക്ക് വഴിവെക്കും.

● പുകവലി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്, പക്ഷേ പുനരാരംഭിക്കാന്‍ വളരെ എളുപ്പവും. അതുകൊണ്ട് ദൃഢനിശ്ചയം ഉള്ളില്‍ നിന്നുതന്നെ ഉണ്ടാവണം. പുകവലിയെപ്പോലെ തന്നെ അപകടമാണ് ഹുക്കയും ഇ -സിഗരറ്റും.

7. മ​ദ്യം വ​ർ​ജിക്കാം

മ​ദ്യം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഉ​ത്ത​മം. ക​ഴി​ക്കു​ന്ന മ​ദ്യം ക​ര​ള്‍ വ​ഴി​യാ​ണ് നി​ര്‍വീ​ര്യ​മാ​ക്ക​പ്പെ​ടു​ക. മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ പ്രാ​യം കൂ​ടു​ന്തോ​റും ക​ര​ളി​ന്റെ പ്ര​വ​ര്‍ത്ത​ന​ം മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു.

● സ്ട്രോക്ക്, ഹൃദയാഘാതം, കരളിനെ ബാധിക്കുന്ന രോഗങ്ങൾ, അർബുദം എന്നിങ്ങനെ പലവിധത്തിൽ ശരീരം പ്രതിഷേധം അറിയിക്കും. ആൽക്കഹോളിക് ലിവർ ഡിസീസ് സീറോസും ഏറെ അപകടകാരിയാണ്.

8. വേണം, കൃത്യമായ വൈ​ദ്യ പരിശോധന

കൃത്യമായ ഇടവേളകളിൽ വൈ​ദ്യ പരിശോധന നടത്തുന്നത് ശീലമാക്കണം. അതുവഴി ആരോഗ്യ പ്രശ്നങ്ങളുടെ വരവറിയിച്ച് ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി ആവശ്യമായ പ്രതിരോധം തീർക്കാൻ സാധിക്കും. പല്ല്, കേൾവി പരിശോധനകളും ഇതിനൊപ്പം നടത്താം.

9. മാനസികാരോഗ്യം അതിപ്രധാനം

ഇമോഷനൽ ഹെൽത്തും മെന്റൽ ഹെൽത്തും പ്രധാനമാണ്. ഒരുപാട് മൂഡ് ഡിസോഡറുകളും ഡിപ്രഷനും ഡിപ്രസിവ് ഡിസോഡറുമുള്ള കാലഘട്ടമാണിത്.

● നമ്മുടെ മാനസികാരോഗ്യവും റെഗുലർ ആയി പരിശോധിക്കണം. ആവശ്യമെങ്കിൽ മെഡിറ്റേഷൻ സ്വീകരിക്കാം. സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടാം.

● മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വായന ഏറെ ഗുണം ചെയ്യും. മെഡിറ്റേഷനും ബ്രീത്തിങ് എക്സർസൈസും സഹായിക്കും.

● മ​ന​സ്സി​ന്​ സ​ന്തോ​ഷം ത​രു​ന്ന ക്രി​യ​ക​ളി​ലും ഏ​ർ​പ്പെ​ടാം. സു​ഹൃ​ത്തു​ക്ക​ളോ വീ​ട്ടു​കാ​രോ ഉ​ൾ​പ്പെ​ടെ ഇ​ഷ്​​ട​ക്കാ​രു​മൊ​ത്തു​ള്ള സ​ന്തോ​ഷവേ​ള​ക​ള്‍ വ​ര്‍ധി​പ്പി​ക്കാം. സോഷ്യൽ മീഡിയ, മൊബൈൽ എന്നിവയെ അമിതമായി ആശ്രയിക്കാതിരിക്കുക.

● ശു​ഭ​ക​ര​മാ​യ മ​നോ​ഭാ​വ​ം ഉണ്ടാവുക. അതിനൊപ്പം ആ​ത്മ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാം. ന​ല്ല കാ​ര്യ​ങ്ങ​ള്‍ക്ക് സ്വ​ന്ത​ത്തോ​ടും മ​റ്റു​ള്ള​വ​രോ​ടും ന​ന്ദി​യു​ള്ള​വ​രാകാം.

10. ജോലിയും ജീവിതവും ബാലൻസ് ആകണം

ജോലിയെ ജോലി സ്ഥലത്തും വ്യക്തിജീവിതത്തെ വീട്ടിലും നിർത്താൻ കഴിയണം. ശരിയായ വർക്ക് ലൈഫ് ബാലൻസ് ആരോഗ്യത്തിനും അനിവാര്യമാണ്. ആ ബാലൻസ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.

● ലഭ്യമായ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​റ്റൊ​ന്നി​നെ​ക്കുറി​ച്ചും ആ​ശ​ങ്ക​യി​ല്ലാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത ആ​ശ​ങ്ക, ഉ​ത്ക​ണ​്​ഠ, ആ​ധി, പേ​ടി, ചി​ന്ത​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി ഉ​ള്ള​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടു​ക.

● ജോ​ലി​ഭാ​രം പ​ര​സ്പ​രം പങ്കുവെക്കുക വ​ള​രെ പ്ര​ധാ​ന​മാണ്. അ​തി​ലൂ​ടെ ആ​രോ​ഗ്യ, മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മാ​ഭി​മാ​ന​വും മ​ന​സ്സി​ൽ നി​റ​യും.

● ഇഷ്ടമുള്ള എന്തെങ്കിലും ഒരു ഹോബി ഫോളോ ചെയ്യാൻ ശ്രമിക്കുക.

● നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും ശ്രദ്ധിക്കുക.

● മുഴുവൻ സമയം ജോലിയിലും സ്ട്രെസ്സിലും കുരുങ്ങിക്കിടക്കാതെ യാത്രകൾ ശീലമാക്കുക.

കടപ്പാട്:
ഡോ. ലുലു സിറിയക് ജോർജ്
Consultant Physician
Meditrina Hospital, Kollam





Tags:    
News Summary - 10 Mantras for a Healthy Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.