തോൽക്കണമെന്ന് നമ്മൾ വിചാരിച്ചാൽ മാത്രമേ പരാജയം നമ്മെ തേടിയെത്തുകയുള്ളൂ. ശാരീരിക പരിമിതികളൊന്നും ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് തൃശൂർ സ്വദേശികളായ ഫസ്റ ബാനു-സാദിഖ് ദമ്പതികൾ. സ്വപ്നങ്ങളുടെ പിന്നാലെ ഓടിനടക്കേണ്ട സമയത്ത് പോളിയോ ഇരുവരുടെയും ജീവിതത്തിൽ വില്ലനായി.

കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും തോൽക്കാൻ ഇവർ തയാറായിരുന്നില്ല. പിന്നീട് വീൽചെയറിലിരുന്ന് തങ്ങളുടെ ആഗ്രഹങ്ങളുടെ പിന്നാലെ പാഞ്ഞു. വിചാരിച്ചാൽ സ്വന്തമാക്കാൻ കഴിയാത്തതായി ഒന്നും ഭൂമിയിലില്ല. ശാരീരിക പരിമിതികളെ ഭ‍യന്ന് മാറിനിൽക്കാതെ പുറംലോകത്തേക്ക് ഇറങ്ങിച്ചെന്ന് ലോകം ആസ്വദിക്കാനാണ് സാദിഖ്-ഫസ്റ ദമ്പതികൾ പറയുന്നത്.


സ്വപ്നങ്ങൾക്ക് അവസാനമില്ല

സാദിഖ്: ഒന്നാം വയസ്സിലാണ് എനിക്ക് പോളിയോ ബാധിക്കുന്നത്. പെട്ടെന്ന് ഒരു പനി വരികയായിരുന്നു. പിന്നീട് അരക്ക് താഴേക്ക് തളർന്നു. അന്നപോളിയോക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭ്യമായിരുന്നില്ല. അരക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടെങ്കിലും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ വീട്ടുകാർ സമ്മതിച്ചില്ല. ഉപ്പയും ഉമ്മയും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെ കൂടെനിന്നു.

സാധാരണ കുട്ടികളെപ്പോലെ പഠിക്കാനും പുറംലോകത്തെ കാഴ്ചകൾ ആസ്വദിക്കാനും അവർ എനിക്ക് വഴിയൊരുക്കി. വീടിനുള്ളിൽ ചടഞ്ഞിരിക്കുകയല്ല, പകരം പരിമിതികളെ മറികടന്ന് സ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയാണ് വേണ്ടതെന്നായിരുന്നു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവർ പറഞ്ഞത്. അതിനായി ചെറുപ്പം മുതലേ ഓരോ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. നാട്ടിക എസ്.എൻ കോളജിലാണ് ബി.കോം പഠിച്ചത്. നാട്ടിക ഫിഷറീസ് സ്കൂളിലായിരുന്നു പ്ലസ് ടു.

ബാനു: എന്റെ രണ്ടാം വയസ്സിലാണ് പോളിയോ ബാധിക്കുന്നത്. ഒരു കാലാണ് തളർന്നത്. ഇക്ക പറഞ്ഞതുപോലെ എന്റെ കുടുംബത്തിൽനിന്ന് എല്ലാ കാര്യത്തിനും നല്ല പിന്തുണയായിരുന്നു. മൂന്ന് സഹോദരങ്ങളാണ് എനിക്ക്. വിദ്യാഭ്യാസം ഉൾപ്പെടെ വിവാഹംവരെയുള്ള എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പംനിന്നു. ശാരീരിക പരിമിതികൾ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും അവസാനമല്ലെന്ന് അവർ ചെറുപ്പംമുതലേ എനിക്ക് മനസ്സിലാക്കിത്തന്നു. ബി.എ ബിരുദം നേടി.

ബാസ്കറ്റ്ബാൾ ജീവിതം മാറ്റി

സാദിഖ്: പരിമിതികളിൽ ദുഃഖിക്കാതെ സന്തോഷത്തോടെ മുന്നോട്ടുപോകാനാണ് എനിക്കിഷ്ടം. ഷെഫി കൊട്ടാരത്തിൽ എന്ന സുഹൃത്തിൽനിന്നാണ് വീൽചെയർ ബാസ്കറ്റ് ബാളിനെക്കുറിച്ച് അറിയുന്നത്. തൃശൂർ നിർമൽ ജ്യോതി സ്കൂളിലാണ് പ്രാക്ടിസ് നടക്കുന്നത്. അദ്ദേഹം ബാസ്കറ്റ്ബാൾ പ്രാക്ടിസിനായി അവിടെ പോകാറുണ്ട്. ഷെഫിയുടെ സ്റ്റാറ്റസ് കണ്ടാണ് ബാസ്കറ്റ്ബാളിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇപ്പോൾ ആൾ വീൽചെയർ ക്രിക്കറ്റാണ് പ്രാക്ടിസ് ചെയ്യുന്നത്.

ബാനു: ഇക്കതന്നെയാണ് എന്നെയും കൊണ്ടുപോകുന്നത്. തുടക്കത്തിൽ അദ്ദേഹത്തിനും ഇതേക്കുറിച്ച് അറിവില്ലായിരുന്നു. പരീക്ഷണാർഥം ഇക്ക ആദ്യം പോയി നോക്കി. പിന്നെ തൊട്ടടുത്ത ആഴ്ചയാണ് ഞാൻ പോകുന്നത്. ഞങ്ങളേക്കാൾ ശാരീരിക ബുദ്ധിമുട്ടുള്ളവർ അവിടെ കളിക്കുന്നുണ്ട്. കൂടാതെ, ചെറുപ്പം മുതലേ സ്പോർട്സിനോട് താൽപര്യമുണ്ടായിരുന്നു. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ എല്ലാവരും കായികമത്സരങ്ങളിൽ പങ്കെടുക്കുന്നത് കാണുമ്പോൾ ചെറിയ വിഷമമൊക്കെ തോന്നിയിട്ടുണ്ട്. വർഷങ്ങൾക്കുശേഷം ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ സ്വപ്നം യാഥാർഥ്യമായതുപോലെയാണ് തോന്നിയത്. അവിടെനിന്നാണ് ഞങ്ങളുടെ ജീവിതം തുടങ്ങിയത്.

തുടക്കം ആശങ്കകളോടെ

സാദിഖ്: സ്പോർട്സിനോട് കമ്പമുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഒരുപാട് ആശങ്കയുണ്ടായിരുന്നു. ഞാനാണ് ഷെഫിക്കൊപ്പം ആദ്യം പോകുന്നത്. കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ, കൂടുതൽ ആശങ്ക, ബാൾ ബാസ്കറ്റ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റുമോയെന്ന കാര്യത്തിലായിരുന്നു. എന്നാൽ, വളരെ പെട്ടെന്നുതന്നെ ഈ തോന്നൽ മനസ്സിൽനിന്ന് അകന്നു. കാരണം ശാരീരിക ബുദ്ധിമുട്ടുള്ള നിരവധി പേർ അവിടെയുണ്ടായിരുന്നു. ഇതൊക്കെ തുടക്കത്തിൽ എനിക്ക് പ്രചോദനമായിരുന്നു. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഇവിടെ പ്രാക്ടിസ് ചെയ്യുന്നുണ്ട്.


ബാനു: സ്പോർട്സിനോടൊക്കെ കമ്പമുണ്ടായിരുന്നെങ്കിലും ആശങ്കകളും ചോദ്യങ്ങളും എന്റെയും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം എന്റെ സംശയങ്ങൾ അകറ്റി. അവിടെയെത്തിയതോടെ ബാക്കിയുണ്ടായിരുന്ന ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. എന്നേക്കാളും ശാരീരിക പരിമിതികളുള്ള നിരവധി സ്ത്രീകളാണ് അവിടെ പ്രാക്ടിസിന് വരുന്നത്. വളരെ വേഗംതന്നെ ഗ്രൗണ്ടിൽ അവരിൽ ഒരാളായി ഞാൻ മാറി.

കൈപിടിച്ച് ദർശന ക്ലബ്

സാദിഖ്: ഫാ. സോളമൻ എന്ന അച്ചനോടാണ് ഞങ്ങൾ കൂടുതൽ കടപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലെയുള്ളവരെ കണ്ടെത്തി അവർക്ക് സ്പോർട്സിൽ പരിശീലനം നൽകി കൈപിടിച്ച് കൊണ്ടുവരുന്നത് അച്ചനാണ്. ബാസ്കറ്റ്ബാൾ മാത്രമല്ല, ക്രിക്കറ്റും കാഴ്ചയില്ലാത്തവർക്ക് ബ്ലൈൻഡ്സ് ഫുട്ബാൾ, ശിങ്കാരിമേളം എന്നിങ്ങനെയും പരിശീലിപ്പിക്കുന്നുണ്ട്. അവരവരുടെ താൽപര്യം മനസ്സിലാക്കിക്കൊണ്ടാണ് അച്ചൻ നമ്മളെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഞങ്ങളുടെ ക്ലബാണ് ദർശന. അതിനു കീഴിൽ മത്സരങ്ങൾ നടക്കാറുണ്ട്. ദർശന ക്ലബിന്റെ ഡയറക്ടർ സോളമൻ അച്ചനെപ്പോലെ ഞങ്ങളെ പിന്തുണക്കു ന്ന മറ്റൊരാളാണ് ഫാ. മാത്യൂസ് കരിയന്തൻ. ഈ കഴിഞ്ഞ നവംബറിൽ ഛത്തിസ്ഗഢിൽ നടന്ന വനിത നാഷനൽ വീൽചെയർ ബാസ്കറ്റ്ബാൾ മത്സരത്തിൽ അച്ചന്റെ കീഴിലായിരുന്നു പ്രാക്ടിസ് നടന്നത്.

സ്പോർട്സാണ് ജീവിതം

സാദിഖ്: സ്പോർട്സാണ് ഇനിയുള്ള ജീവിതം. എത്രനാൾ കളിക്കാൻ പറ്റുമോ അത്രയും നാൾ ഗ്രൗണ്ടിൽ തുടരാനാണ് തീരുമാനം. കാരണം ഇത്രയും നാൾ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ അതിനായുള്ള ഒരു അവസരം ലഭിച്ചു. അത് നല്ല രീതിയിൽ സത്യസന്ധമായി ഉപയോഗിക്കണമെന്നാണ് ആഗ്രഹം. എല്ലാവരുടെയും ആഗ്രഹംപോലെ നമ്മുടെ രാജ്യത്തിനുവേണ്ടി മത്സരിക്കണം, ഇന്ത്യൻ ടീമിൽ കയറണം എന്നിങ്ങനെയൊക്കെയാണ് ആശകൾ. സ്പോർട്സ് കൂടാതെ സ്വന്തമായി ഒരു ട്രാവൽസും നടത്തുന്നുണ്ട്.

ബാനു: സ്പോർട്സാണ് എല്ലാം. അതുപോലെ സർക്കാർ ജോലിക്കുവേണ്ടിയും ശ്രമിക്കുന്നുണ്ട്. പി.എസ്​.സി കോച്ചിങ്ങിന് പോകുന്നുണ്ട്. സർക്കാർ ജോലി ലഭിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.


അവസരങ്ങൾ വേണ്ടെന്നുവെക്കരുത്

സാദിഖ്: നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യണം. അത് ഞങ്ങളെപ്പോലെയുള്ളവരോടു മാത്രമല്ല, എല്ലാവർക്കുംവേണ്ടിയാണ് പറയുന്നത്. ഗെയിം മാത്രമല്ല, നമ്മളെക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യണം. അതിന് മടിയോ ഉപേക്ഷയോ വിചാരിക്കരുത്. ദർശനയിൽ എത്തുന്നതിന് തൊട്ടുമുമ്പുവരെ, എന്നെക്കൊണ്ട് ബാസ്കറ്റ്ബാൾ കളിക്കാൻ പറ്റുമെന്നോ പരസഹായമില്ലാതെ ഒറ്റക്ക് ട്രെയിനിൽ യാത്രചെയ്യാൻ കഴിയുമെന്നോ വിചാരിച്ചില്ല. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. അത് കണ്ടെത്തി ജീവിതവിജയം നേടുക.

ബാനു: ബാസ്കറ്റ്ബാൾ കളിക്കാൻ തുടങ്ങിയതിനുശേഷമാണ് ഞാൻ കേരളത്തിനു പുറത്തുപോകാൻ തുടങ്ങിയത്. ഇതിനുമുമ്പ് ദൂരേക്ക് പോകുന്നത് കുറവായിരുന്നു. നമ്മുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ തേടിയെത്തിയാൽ അതിനെ ഒരിക്കലും തള്ളിക്കളയരുത്. വീട് മാത്രമല്ല ലോകം. നമ്മുടെ കഴിവുകൾ മറച്ചുവെച്ചുകൊണ്ട് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടരുത്. പുറത്തേക്കിറങ്ങണം. നല്ല അവസരങ്ങൾ ഒരിക്കലും വേണ്ടെന്നുവെക്കരുത്.

അധികൃതരുടെ കനിവ് കാത്ത്

സാദിഖ്: വീൽചെയർ സ്പോർട്സ് സർക്കാറോ സ്പോർട്സ് കൗൺസിലോ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിച്ചാൽ ജോലിക്കും മറ്റു കാര്യങ്ങൾക്കും ഉപയോഗപ്രദമാവും. പലതവണ അധികൃതരെ സമീപിച്ചിട്ടുണ്ട്, ഫലമുണ്ടായില്ല. അതേസമയം, പെൻഷനും മറ്റ് ഗ്രാന്റുകളുമൊക്കെ സർക്കാറിൽനിന്ന് ലഭിക്കുന്നുണ്ട്. അതിനൊന്നും ഒരു മുടക്കവും വന്നിട്ടില്ല.

കൂടെയുണ്ട് കുടുംബം

ബാനു: പ്രണയവിവാഹമായിരുന്നു. ഞങ്ങൾ ബന്ധുക്കളാണ്. പക്ഷേ, ഇഷ്ടം വീട്ടിൽ അറിയിച്ചപ്പോൾ ആദ്യം സമ്മതിച്ചില്ല. എന്നാൽ, എനിക്ക് ഇക്കക്കൊപ്പം ജീവിച്ചാൽ മതിയെന്ന് വാശിപിടിച്ചു. ആദ്യം അൽപം എതിർത്തെങ്കിലും പിന്നീട് എന്റെ ഇഷ്ടത്തിന് വീട്ടുകാർ സമ്മതംമൂളി. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു. ബാസ്കറ്റ്ബാൾ കളിക്കാൻ പോകുന്നതുകൊണ്ട് അവർക്ക് വലിയ സന്തോഷമാണ്. ഞങ്ങൾ മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത് വലിയ ഇഷ്ടമാണ്. പിന്തുണയുമായി കൂടെത്തന്നെയുണ്ട്. തൃശൂർ തൃപ്രയാറാണ് താമസം. രണ്ട് മക്കളാണ്. മകൾ സെഹ അഞ്ജും ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൻ മുഹമ്മദ് സെഹിയാൻ രണ്ടിലും. രണ്ടാൾക്കും സ്പോർട്സിലൊക്കെ താൽപര്യമുണ്ട്.

Tags:    
News Summary - Thrissur Couple defeats polio with Basketball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.