ഒന്നിനും സമയമില്ലെന്നേ...ദിവസം 24 മണിക്കൂറൊന്നും പോരെന്നു പറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് മനുഷ്യരാകെ. ജോലി, പഠനം, കുടുംബം... അങ്ങനെ പറയാൻ നൂറായിരം കാരണങ്ങൾ നമുക്കുണ്ട്. പക്ഷേ, ഈ തിരക്കിനിടയിലും ചിലപ്പോഴൊക്കെ തോന്നാറില്ലേ; ഒന്ന് സ്വസ്​ഥമായി കുറച്ചുനേരം ആരോടെങ്കിലും മനസ്സുതുറന്ന് സംസാരിക്കണം, ടെൻഷനും ആധിയും വേവലാതിയും മറന്ന് താൻ താനായി ഇരിക്കണം എന്നൊക്കെ...

പക്ഷേ, നമ്മെ അങ്ങനെ കേട്ടിരിക്കാൻ എത്രപേരുണ്ടാകും. മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, മക്കൾ, സുഹൃത്തുക്കൾ... ഇവരിൽ നിങ്ങളെ കേട്ടിരിക്കാൻ എത്രപേരുണ്ടാകും... ഇനി ഇവർ നിങ്ങളെ കേട്ടിരിക്കാൻ തയാറാണെന്നു കരുതുക. പക്ഷേ, അവർ നിങ്ങളെ കേട്ടിരിക്കുന്നത് പലപ്പോഴും മുൻവിധിയോടെയായിരിക്കില്ലേ?

നിങ്ങളെ മുൻവിധിയോടെയല്ലാതെ കേട്ടിരിക്കാൻ, നിങ്ങൾക്കു പറയാനുള്ളതെല്ലാം കേൾക്കാൻ ഒരാളെ കിട്ടുകയാണെങ്കിലോ? അത്തരത്തിൽ ഒരു വേദിയൊരുക്കുകയാണ് ‘സൈലൻസ്ഡ്​ ഇമോഷൻ’ എന്ന കൂട്ടായ്മ...


പങ്കുവെക്കലിന് പ്രായമുണ്ടോ?

19 മുതൽ 35 വയസ്സുവരെയുള്ളവരെയാണ് ഇത്തരമൊരു ആശയം മു​േന്നാട്ടുവെക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നത്. കോളജ് വിദ്യാർഥികൾ, ജോലി ചെയ്യുന്നവർ എന്നിവരൊക്കെയാണ് കൂടുതലായി വരുന്നത്.

എന്നാൽ, കോഴിക്കോട് അടുത്തിടെ നടത്തിയ വർക് ഷോപ്പിൽ 62 വയസ്സുള്ള ഒരു സ്​ത്രീ വന്നിരുന്നു. അവർ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. സ്വിറ്റ്സർലൻഡിലുള്ള മകളാണ് അവരോട് സൈലൻസ്​ഡ് ഇമോഷനെക്കുറിച്ച് പറയുന്നതും അതനുസരിച്ച് അവർ വരുന്നതും. ഇതിനുപുറമെ

കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽനിന്നെല്ലാമുള്ള ടീച്ചർമാരും ഇതിന്‍റെ ഭാഗമായിട്ടുണ്ട്. അവരിൽ പലരും 45-50 വയസ്സിനിടയിലുള്ളവരാണ്. പുതിയ തലമുറക്കാണ് ഇത്തരത്തിൽ കേൾക്കാനാളില്ലാത്ത വിഷമവും പരിഭവവും എന്ന പൊതുധാരണയാണ് ഇതിലൂടെ തിരുത്തിക്കുറിക്കുന്നത്.

ഏതു വയസ്സിലുള്ളവരാണെങ്കിലും സ്​ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, അവർക്ക് പങ്കുവെക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. അത് ജോലിസ്ഥലത്തേതാകാം, വീട്ടിലേതാകാം, മക്കളുടെ വിശേഷങ്ങളാകാം. അതൊക്കെ പങ്കുവെക്കാൻ ഒരു ഇടം ആവശ്യമാണ്. അത്തരത്തിലുള്ള ഇടമാണ് സൈലൻസ്​ഡ് ഇമോഷൻ. ഇതിൽ പങ്കെടുത്ത് മനസ്സ്​ തുറന്നവരെല്ലാം ഇന്ന് സന്തോഷത്തോടെയിരിക്കുന്നുണ്ട്.


കണ്ണുകെട്ടി സംസാരിക്കുന്നതെന്തിന്?

സൈലൻസ്​ഡ് ഇമോഷന്‍റെ വർക് ഷോപ്പിൽ വരുന്നവർ പരസ്​പരം കാണാതെയാണ് സംസാരിക്കുക. ഇവരുടെയെല്ലാം കണ്ണ് കെട്ടിമറച്ചിട്ടുണ്ടാകും. ഇതിനെയാണ് ബ്ലൈൻഡ് ​ഫോൾഡഡ് തെറപ്പിയെന്ന് വിളിക്കുന്നത്. കറുത്ത തുണികൊണ്ട് മറച്ച് നമുക്ക് ഒട്ടും പരിചയമില്ലാത്ത ആ​ളോട് സംസാരിക്കുന്നതിനും ഒരു സൈക്കോളജിക്കൽ വശമുണ്ട്. തനിച്ചിരിക്കുമ്പോഴാണ് നാം കൂടുതലായി നമ്മളിലേക്ക് ഇറങ്ങിച്ചെല്ലാറുള്ളത്.

ഉദാഹരണത്തിന്, നിങ്ങളെ കണ്ണുകെട്ടി ഒരു കാട്ടിലേക്ക് കടത്തിവിട്ടെന്ന് കരുതുക. നിങ്ങൾ നടന്നുനീങ്ങുമ്പോൾ കൂടുതലായും അവിടെയുള്ള ശബ്ദങ്ങളെയാണ് ശ്രദ്ധിക്കുക. കാലടിയുടെ ശബ്ദം, ഇല വീഴുന്ന ശബ്ദം, ചെറുപ്രാണികളുടെ കരച്ചിൽ ഇതെല്ലാം സസൂക്ഷ്മം കേൾക്കും.

മറിച്ച് കണ്ണുകെട്ടാതെയാണ് ആ കാട്ടിലൂടെ പോകുന്നതെങ്കിൽ നാം മരങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും മാത്രമേ കാണുകയുള്ളൂ. അവിടത്തെ ശബ്ദങ്ങൾ മനസ്സിൽ തങ്ങിനിൽക്കണമെന്നില്ല. ന​െല്ലാരു കേൾവിക്കാരനാവുക എന്നതു തന്നെയാണ് ബ്ലൈൻഡ് ഫോൾഡ് തെറപ്പികൊണ്ട് ഉദ്ദേശിക്കുന്നത്.

ശാന്തമായ ഒരിടത്ത്, അത് ബീച്ചിലോ പാർക്കിലോ ആയിക്കൊള്ളട്ടെ, മറ്റാരുടെയും ശല്യപ്പെടുത്തലില്ലാതെ രണ്ടുപേർ മനസ്സ്​ തുറക്കുകയും ആ പങ്കുവെക്കലിലൂടെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ് ഹീലിങ് ബൈ ഷെയറിങ്.


മൊബൈൽ ഓഫ് ചെയ്തുവെച്ച് ആരോടെങ്കിലും സംസാരിച്ചാൽ പോരേ?

മൊബൈൽ ഫോൺ ഒരു മണിക്കൂർ ഓഫ് ചെയ്ത് വീട്ടുകാരോടും സുഹൃത്തുക്കളോടും അയൽവാസികളോടും സംസാരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഇത്. സൈലൻസ്​ഡ് ഇമോഷനെക്കുറിച്ച് ചിലരുടെ കമന്‍റാണിത്. ഈ പറയുന്നതിൽ തെറ്റൊന്നുമില്ലെന്ന് സൈലൻസ്​ഡ് ഇമോഷന്‍റെ ഫൗണ്ടറായ സഹലും പറയുന്നു.

പലരും ഇന്ന് മൊബൈൽ ഫോണിന് അടിമകളാണ്. അഞ്ചു മിനിറ്റ് മൊബൈൽ മാറ്റിവെക്കാൻ നമുക്ക് സാധിക്കില്ല. നമുക്കെന്തെങ്കിലും ഒരു പ്രശ്നമോ ദുഃഖമോ വരുമ്പോൾ ആ​േരാടെങ്കിലും പങ്കുവെക്കാൻ ശ്രമിക്കും. കേൾക്കാൻ ഒരാളില്ലെന്ന് തോന്നുമ്പോൾ മൊബൈലെടുത്ത് ഇൻസ്​റ്റഗ്രാമിൽ റീലുകൾ കാണും, അല്ലെങ്കിൽ യൂട്യൂബിൽ പോയി എന്തെങ്കിലും കാണും. ഇതാണ് പതിവ്.

പക്ഷേ, നമ്മുടെ ഉള്ളിലെ പ്രശ്നം അവിടെത്തന്നെ പരിഹരിക്കാതെ കിടക്കുന്നുണ്ടാകും. അത് പിന്നീട് ഡിപ്രഷനിലേക്കും മറ്റും കടക്കും. ചുറ്റും ആളുണ്ടെങ്കിലും അവശ്യനേരത്ത് നമുക്കുവേണ്ടി സമയം ചെലവിടാൻ ആരുമുണ്ടാകില്ല. കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വില അറിയില്ല എന്ന് കേട്ടിട്ടില്ലേ.

എല്ലാവർക്കും ആവശ്യമില്ലെങ്കിലും ചിലർക്കെങ്കിലും ഉള്ളുതുറക്കാനൊരിടം ആവശ്യമാണെന്ന് സഹൽ പറയുന്നു. മനസ്സൊന്ന് തുറന്ന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി എന്ന് കരുതുന്ന എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. ഓരോ സൈലൻസ്​ഡ് ഇമോഷന്‍റെ ഒത്തുചേരലിലും പങ്കെടുക്കുന്നവരുടെ എണ്ണംതന്നെ അത് സൂചിപ്പിക്കുന്നതാണെന്നും സഹൽ പറയുന്നു.

ആദ്യത്തെ സൈലൻസ്​ഡ് ഇമോഷന്‍റെ വർക് ഷോപ്പിൽ വെറും 23 പേരായിരുന്നു എത്തിയത്. ഇന്നിപ്പോൾ അത് 80ലധികം പേരായി മാറിയിട്ടുണ്ട്. ഇതുവരെ ആയിരത്തിലധികം പേർ ഈ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു. അതുതന്നെ ഇതിനുള്ള വലിയ തെളിവാണ്.

മൊബൈൽ ഫോൺ കുറച്ചുനേരം ഓഫാക്കി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെലവഴിക്കുകയാണ് സൈലൻസ്​ഡ് ഇമോഷനും മുന്നോട്ടുവെക്കുന്ന ആശയം. പക്ഷേ, അത് തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി മനുഷ്യരുണ്ട് നമുക്കു ചുറ്റും. അവരെ അതിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഒരു ദിവസം പെട്ടെന്ന് ​മൊബൈൽ ഓഫാക്കി ഞാൻ ഇനി മുതൽ കുടുംബത്തിനൊപ്പം ചെലവഴിക്കുമെന്ന് പറഞ്ഞാൽ നടക്കില്ലെന്ന് എല്ലാവർക്കുമറിയാം. നാം അത്ര​േത്താളം മൊബൈലും മറ്റുമായി അടിമപ്പെട്ടുകഴിഞ്ഞു. നല്ല കേൾവിക്കാരാകുക എന്നതിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തുകകൂടിയാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്തറിയുന്ന രണ്ടു മനുഷ്യർക്കിടയിലുണ്ടാകുന്ന അദൃശ്യമായ വിടവ് നികത്തുകയെന്നതും സൈലൻസ്​ഡ് ഇമോഷൻ മുന്നോട്ടുവെക്കുന്നുണ്ട്.

എന്തുകൊണ്ട് ഇത്രയധികം ആത്മഹത്യകൾ?

ഇന്ന് കേൾക്കുന്ന പല ആത്മഹത്യ വാർത്തകളും ന​െമ്മ ഞെട്ടിക്കുന്നതാണ്. അവർ എന്തിനാണ് ജീവനൊടുക്കിയത്? എന്തു നല്ല കുട്ടിയായിരുന്നു, എന്തിന്‍റെ കുറവായിരുന്നു അവർക്കുണ്ടായിരുന്നത് എന്നൊക്കെ തോന്നിപ്പോകാറുണ്ട്.

അവരെ കേൾക്കാനും മനസ്സിലാക്കാനും ചുമ്മാ ഒന്ന് തോളിൽ കൈവെക്കാനെങ്കിലും ആരെങ്കിലുമൊക്കെയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, അവർ ഈ സാഹസത്തിന് മുതിരില്ലായിരുന്നു. ഓരോ മനുഷ്യനും കടന്നുപോകുന്ന അവസ്​ഥ അവർക്കു മാത്രമേ അറിയാൻ സാധിക്കൂ. മനുഷ്യരുടെ ഇമോഷൻ തിരിച്ചറിയാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതില്ലാതാകുന്നു എന്നതിന്‍റെകൂടി സൂചനയാണ് പഠിക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ആത്മഹത്യയിലേക്ക് പോകുന്നത്.

മനുഷ്യർക്ക് ആയിരമായിരം പ്രശ്നങ്ങളുണ്ടായിരിക്കും. ഈ മനുഷ്യർക്കൊക്കെ ആവശ്യം അവരുടെ വിഷമങ്ങളും ദേഷ്യവും സമ്മർദവുമെല്ലാം പങ്കുവെക്കുമ്പോൾ അതിനെ ആദ്യമേ വിലയിരുത്തിക്കളയില്ല എന്ന് ഉറപ്പുള്ള ഒരാളെയാണ്. നിർഭാഗ്യവശാൽ അത്തരത്തിലുള്ളവർ നമുക്കിടയിൽ കുറഞ്ഞുവരുന്നു എന്നതാണ് സത്യം.

എല്ലാവരും അവരുടേതായ ലോകത്തേക്ക് ചുരുങ്ങുകയും സ്വയം തീർത്ത കൂടിനുള്ളിൽ തളക്കപ്പെടുകയും ചെയ്യുന്ന സമൂഹമാണിത്. ചെറിയൊരു ചീത്ത കേട്ടാൽ, അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടാൽ അത് പലരുടെയും മനസ്സിന് താങ്ങാൻ പറ്റുന്നില്ല. പങ്കുവെക്കാൻ ഒരാളുണ്ടാകുമ്പോൾ അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. പലരുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾതന്നെ മാറും.

ഒരുപക്ഷേ, ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് വന്ന വെളിച്ചമായിരിക്കും അത്. മരണത്തിൽ അഭയം തേടാതെ ജീവിതത്തെ സ്​നേഹിക്കാനും കഴിഞ്ഞേക്കാം. ഇവിടെയാണ് സൈലൻസ്​ഡ് ഇമോഷൻ എന്ന ആശയത്തിന്‍റെ പ്രാധാന്യമെന്ന് സഹൽ പറയുന്നു.

ആശയവിനിമയത്തിന്‍റെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നു

ഭാര്യ-ഭർത്താവ്, മാതാപിതാക്കൾ-മക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി ഓരോ ബന്ധത്തിലും ആശയവിനിമയത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഭാര്യക്ക് ഭർത്താവിനോടും തിരിച്ച് ഭർത്താവിന് ഭാര്യയോടും മറയില്ലാതെ എന്തും പങ്കുവെച്ചുകൂടേ? അതുപോലെ മാതാപിതാക്കൾക്ക് മക്കളോടും തിരിച്ചും ഇതുപോലെ പങ്കുവെക്കാൻ കഴിഞ്ഞിരുന്നെങ്കിലോ? അങ്ങനെ വരുമ്പോൾ നമ്മുടെ ഉള്ളിലെ ഭാരം മുഴുവനായി കുറയും.

വീട്ടിലെ പ്രശ്നങ്ങൾ മുഴുവൻ മനസ്സിൽ കൊണ്ടുനടന്ന് ഒരു ജോലിസ്​ഥലത്തേക്കു പോകുന്ന ആൾ. പ്രത്യേകിച്ചും അയാൾ ഏതെങ്കിലും ഉന്നത പദവിയിലാണെങ്കിൽ ആ സമ്മർദം മുഴുവൻ തീർക്കുന്നത് കൂടെ ജോലിചെയ്യുന്നവരോടായിരിക്കും. തിരിച്ച് ജോലിസ്​ഥലത്തെ സമ്മർദം മുഴുവൻ കുടുംബാംഗങ്ങളോട് തീർക്കുന്നവരും നല്ലൊരു ശതമാനമുണ്ട്. ഒരാൾ കാരണം എത്ര പേരിലേക്കാണ് ആ സമ്മർദവും ടെൻഷനും കൈമാറുന്നത്.

ഇതിനൊക്കെ കാരണം ശരിയായ ആശയവിനിമയത്തിന്‍റെ കുറവുതന്നെയാണ്. സൈലൻസ്​ഡ് ഇമോഷനിൽ പങ്കെടുത്തതിനുശേഷം ആശയവിനിമയത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത് ജീവിതത്തിൽ നടപ്പാക്കിയ നിരവധി പേരുണ്ട്. ഒരാളോട് സംസാരിച്ചുകഴിഞ്ഞപ്പോൾ തനിക്കു കിട്ടിയ ആശ്വാസവും സമാധാനവും ശരിക്കും മനസ്സിലാക്കുന്നതോടെ നല്ലൊരു കേൾവിക്കാരനാകാൻ അയാൾ തയാറാകും.

കുടുംബത്തിലും തനിക്കു ചുറ്റുമുള്ളവരെ മുൻവിധികളില്ലാതെ കേട്ടിരിക്കാനുള്ള മനസ്സും അയാൾക്ക് വരും. നല്ലൊരു കേൾവിക്കാരനാകുന്നതുപോലെ മനസ്സു​ തുറന്ന് സംസാരിക്കാനുള്ള ഇടവും അവിടെ തുറന്നുതരും. സൈലൻസ്ഡ് ഇമോഷനിൽ പങ്കെടുത്ത ഒരു വീട്ടമ്മ, പിന്നീട് അവരുടെ മകളുടെയും ഭർത്താവിന്‍റെയും അടുത്തെല്ലാം മനസ്സു​ തുറന്ന് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. അതുപോലെ ഒരു ബാങ്ക് ഉദ്യോഗസ്​ഥൻ. സമ്മർദമായിരുന്നു അദ്ദേഹത്തിന്‍റെയും പ്രശ്നം. ഒരു തവണ ഒത്തുചേരലിന് പങ്കെടുത്തശേഷം അദ്ദേഹവും ഹാപ്പിയായി.

ഇതുതന്നെയാണ് സൈലൻസ്​ഡ് ഇമോഷൻ മുന്നോട്ടുവെക്കുന്ന ആശയം. എല്ലാവർക്കും എല്ലായ്പോഴും സൈലൻസ്​ഡ് ഇമോഷനിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഒരുതവണ പങ്കെടുത്തവർക്ക് അതിന്‍റെ പ്രാധാന്യം മനസ്സിലാകും. അത് സ്വന്തം ജീവിതത്തിലും പിന്നീട് തനിക്കു ചുറ്റുമുള്ളവരിലേക്കും പകർന്നുനൽകുന്നു. അതുതന്നെയാണ് ഞാൻ ലക്ഷ്യമിടുന്നതും –സഹൽ പറയുന്നു.

തീർത്തും അപരിചിതരായ രണ്ടുപേർ സംസാരിക്കുമ്പോൾ...

സൈലൻസ്​ഡ് ഇമോഷനിൽ തീർത്തും അപരിചിതരായ രണ്ടുപേരാണ് സംസാരിക്കുന്നത്. ഒരു വർക് ​േഷാപ്പിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ആദ്യം പരിപാടിയെക്കുറിച്ച് ഒരു സംഗ്രഹം കൊടുക്കാറുണ്ട്. എന്തിനാണ് ഇത് നടത്തുന്നത്. ഇതിന്‍റെ ഉദ്ദേശ്യം എന്താണ് എന്നൊക്കെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും.

പിന്നീട് അവരെ കണ്ണുകെട്ടിയാണ് പരസ്​പരം സംസാരിക്കാൻ വിടുന്നത്. പക്ഷേ, ചിലപ്പോഴൊക്കെ ആ രണ്ടുപേരുടെയും വൈബ് ഒന്നായിരിക്കണമെന്നില്ല. വളരെ നെഗറ്റിവായി സംസാരിക്കുന്ന ആളെ കേട്ടിരിക്കാൻ അത്രയും ​േപാസിറ്റിവായ ആളുകൾ വേണ്ടിവരും. സംസാരിക്കുന്ന രണ്ടുപേർക്കും ആശയവിനിമയത്തിൽ എവിടെയെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ കൈപൊക്കിയാൽ മതി. അവിടെയുള്ള വളന്റിയർമാർ അവരെ മറ്റൊരാളുടെ അടുത്തേക്ക് പറഞ്ഞുവിടും.

പിന്നെ കൂടുതൽ പേർക്കുമുള്ള സംശയമാണ് ഈ സംസാരിക്കുന്ന രണ്ടുപേർക്ക് വീണ്ടും കണ്ടുമുട്ടിക്കൂടേ എന്ന്. നിലവിൽ സൈലൻസ്ഡ് ഇ​േമാഷനിൽ പങ്കെടുക്കുന്നവർക്ക് ​െകാടുക്കുന്ന നിർദേശങ്ങളിലൊന്നാണ് ആരോടാണ് സംസാരിക്കുന്നത് എന്ന് പിന്നീട് തിരഞ്ഞുപോകരുത് എന്ന്. സ്വകാര്യവിവരങ്ങളും പങ്കുവെക്കരുതെന്ന് പറയാറുണ്ട്.

പക്ഷേ, സംസാരിക്കുന്ന രണ്ടുപേരുടെ തീരുമാനമാണ് അത്. അവർ വിവരങ്ങൾ കൈമാറുകയോ പിന്നീട് ആ സൗഹൃദം തുടരുകയോ ചെയ്യുന്നത് അവരുടെ മാത്രം തീരുമാനമാണ്. സൈലൻസ്​ഡ് ഇമോഷൻ അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സഹൽ പറയുന്നു.

മുഹമ്മദ് സഹൽ


മനസ്സ് തുറക്കാൻ കാത്തിരിക്കുന്നവർക്കായി

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണ് മുഹമ്മദ് സഹൽ. ​കോഴിക്കോട്ട് ഒരു ക്ലിനിക്കും നടത്തുന്നുണ്ട്. ഒഴിവുള്ള സമയങ്ങളിലാണ് സൈലൻസ്​ഡ് ഇമോഷൻ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. ഏകദേശം 120 വളന്‍റിയർമാരുണ്ട് ഇപ്പോൾ. അതിൽതന്നെ 70 പേരെങ്കിലും ആക്ടിവായി ഉണ്ട്.

ഇവരിൽ പലരും മൂ​ന്നോ നാലോ വട്ടം വർക് ഷോപ്പിൽ പങ്കെടുത്തവരായിരിക്കും. പിന്നീട് ഇതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വളന്റിയർമാരായി എത്തിയവരാണ് ഭൂരിഭാഗം പേരും. വളന്‍റിയർമാർക്ക് പരിശീലനം നൽകുന്നതും സഹലാണ്. സൈലൻസ്​ഡ് ഇമോഷന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രജിസ്​ട്രേഷൻ നടക്കുന്നത്.

വിശാഖപട്ടണം ഗീതം യൂനിവേഴ്സിറ്റിയിൽനിന്നാണ് സഹൽ സൈക്കോളജി പഠനം പൂർത്തിയാക്കിയത്. പി.ജി കാലഘട്ടത്തിൽ താൻ കടന്നുപോയ മോശം അവസ്​ഥതന്നെയാണ് ഇപ്പോൾ ഒരുപാട് പേർക്ക് ആശ്വാസം നൽകുന്ന സൈലൻസ്​ഡ് ഇമോഷൻസ്​ എന്ന കൂട്ടായ്മയിലേക്ക് നയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠിച്ചപ്പോഴാണ് തന്‍റെ ചുറ്റുമുള്ള നിരവധിപേർ ആരോടെങ്കിലുമൊന്ന് മനസ്സ്​ തുറക്കാൻ കാത്തിരിക്കുന്നതായി തിരിച്ചറിയുന്നത്.

ട്രയൽ നടത്തിയപ്പോൾതന്നെ അതിന്‍റെ റിസൽട്ട് കിട്ടി. അതിൽ പങ്കെടുത്തവർക്കെല്ലാം വലിയ രീതിയിൽ മാറ്റം വന്നു. അതായിരുന്നു സൈലൻസ്​ഡ് ഇമോഷൻ തുടർന്ന് മുന്നോട്ടുപോകാനും ഇന്ന് കേരളത്തിനകത്തും ബംഗളൂരു, വിശാഖപട്ടണം പോലുള്ള നഗരങ്ങളിലേക്ക് വ്യാപിക്കാനും കാരണമെന്ന് സഹൽ പറയുന്നു.

സൈലൻസ്ഡ്​ ഇമോഷൻ...

ആ സമയത്ത് എന്നെ കേൾക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടില്ലേ... വെറുതെ പറയുന്നതല്ല, ഒരാളെ കേട്ടിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസവും നാം എത്രയെത്ര പേരുമായി ഇടപഴകുന്നുണ്ട്. പക്ഷേ, പുറമേക്ക് ചിരിച്ചും ഉല്ലസിച്ചും നടക്കുന്ന അവരുടെയെല്ലാം ഉള്ളിലെന്താണെന്ന് നമുക്കറിയാൻ കഴിയുമോ? ഇല്ല...

ഇനി ഇതൊന്നുമല്ലാതെ നമ്മുടെ കൂടെ ജീവിക്കുന്നവരുടെ കാര്യമെടുത്താലോ? എത്ര അടുപ്പമുള്ളവരാണെങ്കിലും ചില സമയത്ത് അവരെ നമുക്ക് മനസ്സിലാക്കാൻ കഴിയാതെ പോകാറുണ്ട്.

തന്നെ കേട്ടിരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിൽനിന്ന് സൈക്കോളജിസ്​റ്റായ സി.ഇ.വി. മുഹമ്മദ് സഹൽ എന്ന ചെറുപ്പക്കാരന്‍റെ ആശയത്തിൽ പിറന്നതാണ് സൈലൻസ്​ഡ് ഇമോഷൻ എന്ന കൂട്ടായ്മ. മുന്നിലിരിക്കുന്നത് ആരാണെന്നറിയാതെ, നമ്മുടെ മനസ്സു​ തുറന്ന് സംസാരിക്കാനും അത് കേട്ടിരിക്കാനുമുള്ള ഇടമാണ് സൈലൻസ്​ഡ് ഇമോഷൻ.

കഴിഞ്ഞ ജൂണിലാണ് സൈലൻസ്​ഡ് ഇമോഷന്‍റെ ആദ്യത്തെ ഒത്തുചേരൽ നടത്തുന്നത്. ​കോഴിക്കോട് കുറ്റിച്ചിറയിലെ ഒരു കഫേയിലായിരുന്നു. കോഴിക്കോട് മാനാഞ്ചിറ, ബീച്ച്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഒത്തുചേരൽ നടന്നു. വാരാന്ത്യങ്ങളിലാണ് ഇത് നടക്കുന്നത്.

ബംഗളൂരുവിലും വിശാഖപട്ടണത്തും സംഘടിപ്പിക്കാറുണ്ട്. കേരളത്തിലേക്കാൾ കുറച്ചുകൂടി സീരിയസായി എടുക്കുന്നവരാണ് ബംഗളൂരുവിലും വിശാഖപട്ടണത്തുമുള്ളവർ. അവിടെ ജീവിക്കുന്നവരിൽ പലരും അത്രയും ജോലിസമ്മർദം അനുഭവിക്കുന്നവരാണ്.

ഇത്തരം തെറപ്പികളുടെ വിലയെന്തെന്ന് അവർക്ക് കൃത്യമായി അറിയാം. കേരളത്തിൽ നടത്തു​മ്പോൾ സീരിയസായി വരുന്നവരുണ്ട്. പക്ഷേ, ഒരു കൗതുകത്തിന്‍റെ പേരിൽ, ഈ പരിപാടിയെന്താണെന്ന് അറിയാൻ വരുന്നവരും ഉണ്ടെന്ന് സഹൽ പറയുന്നു.





Tags:    
News Summary - Silenced emotion that reduces mental conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.