ജോസഫ് അന്നംകുട്ടി. ചിത്രം: അൻഷാദ് ഗുരുവായൂർ

മെസ്സി പ്രിയപ്പെട്ടവൻ -ജോസഫ്​ അന്നംകുട്ടി

ഹൃദയത്തിൽനിന്ന്​ ഹൃദയത്തോടാണ്​ സംസാരം. കഥപറച്ചിലിന്‍റെ വഴക്കമുണ്ടതിന്. ആരും ഒന്ന്​ കേൾവിയുടക്കും ​വാക്കുകൾക്ക്. ഒരായിരം മനുഷ്യരെയാണ്​ ജീവിതത്തിന്‍റെ നൂലിൽ കോർത്തുകിടക്കാൻ, മുന്നോട്ടുപോകാൻ, അതിജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്​. ശിശിരകാലങ്ങളിൽ മഞ്ഞുപെയ്യുന്നതുപോലെ ആ വരികൾ കേൾവിക്കാരുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നുണ്ട്​. ജോസഫ്​ അന്നംകുട്ടി സംസാരിക്കുന്നു...

സ്നേഹാഭിമാനത്തോടെ പരിചയപ്പെടുത്താൻ പറ്റുന്ന ഒരു സൈക്കോളജിസ്റ്റ്​ എല്ലാ കുടുംബത്തിനും വേണം. സെക്കൻഡിന്‍റെ ഏതോ ചെറുനിമിഷത്തിലാണ്​ ആളുകൾ മരണം സ്വയം തിരഞ്ഞെടുക്കുന്നത്​. തോന്നലുകൾ പങ്കുവെക്കാൻ സൈക്കോളജി പഠിച്ച ഒരാളുണ്ടാവൽ അനിവാര്യമാണ്​.

നാം മറ്റുള്ള അസുഖങ്ങൾക്ക് ഡോക്ടറെ കാണുന്നുണ്ട്. അതുപോലെ മനസ്സിന്‍റെ ‘അസുഖങ്ങൾ’ക്കും പണം മുടക്കുന്നതിൽ തെറ്റൊന്നുമില്ല. പ്രത്യേകിച്ച് ജോലിക്കാരാണെങ്കിൽ സങ്കടഭാരം പേറി ജീവിക്കരുത്. ഫ്രൻഡ്സിനോട് പറയുമ്പോൾ കിട്ടുന്ന ‘വിട്ടുകള’ മറുപടി മതിയാവില്ല അതിജീവിക്കാൻ. എനിക്കുമുണ്ടൊരു സൈക്കോളജിസ്റ്റ്.

കുടുംബത്തോടൊപ്പം


മീനിങ്​ഫുൾ ലൈഫ്

സ്വന്തം ഇടങ്ങളിൽ കഴിയുന്നത്ര മികച്ചത്​ നൽകാൻ കഴിയണം​. വീട്ടിൽ അപ്പനും അമ്മയുമുണ്ട്. അവർക്ക്​ നൽകാൻ കഴിയുന്ന മികച്ചത്​ എന്തായിരിക്കും? അവർക്ക് സമാധാനവും സന്തോഷവും കൊടുക്കുന്നതാകാം​. ‘give your best and leave’ എന്നാണ്.

ഓരോരുത്തരുടെ ലൈഫും വ്യത്യസ്തമായിരിക്കും. ഞാൻ എന്‍റെ കഥ പറയാം. റേഡിയോ മിർച്ചിയിൽ അഞ്ചു വർഷം കഴിഞ്ഞു. എനിക്ക് ഓരോ ദിവസവും ഒമ്പത് കഥ പറയണം. ഇത്രയും കഥ പറയാൻ നല്ല പണിയുണ്ട്. ചില ദിവസങ്ങളിൽ നമുക്ക് തള്ളാനൊക്കെ പറ്റും, പക്ഷേ ആ കഥയാണ് മമ്മൂട്ടി വണ്ടി ഓടിക്കുമ്പോൾ കേൾക്കുന്നതെങ്കിലോ? അദ്ദേഹത്തിന്​ എന്നെക്കുറിച്ചുള്ള മതിപ്പ്​ എന്തായിരിക്കും.

അല്ലെങ്കിൽ മാനസികമായി തകർന്ന ഒരാളാണ്​ അത്​ കേൾക്കുന്നതെങ്കിലോ? അയാൾക്ക് ലഭിക്കേണ്ടത് പ്രതീക്ഷയുടെ നനവുകളാണ്. ഞാൻ നന്നായിപറഞ്ഞാൽ അയാളുടെ ജീവിതം രക്ഷപ്പെട്ടാലോ എന്നൊക്കെ ആലോചിക്കാറുണ്ട്. ഓരോരുത്തരുടെയും പ്രഫഷനൽ ലൈഫും പേഴ്സനൽ ലൈഫും അനുസരിച്ച് മീനിങ്ഫുളായ ലൈഫ് സെറ്റാക്കിയെടുക്കണം. പിന്തിരിഞ്ഞുനോക്കുമ്പോൾ കുറ്റബോധം തോന്നാത്ത രീതിയിൽ ജീവിക്കുക​.

ഹാപ്പിനസ് കണ്ടെത്തുകയല്ല, സംഭവിക്കുകയാണ്

സന്തോഷമുണ്ടാക്കാൻ മനഃപൂർവം ഒന്നും ചെയ്യാറില്ല. നാളെ ഹാപ്പി ആയിരിക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ചിലത് പറയാം. ഓഫിസിൽ സഹപ്രവർത്തകരുമായി വർത്തമാനം പറഞ്ഞിരിക്കുന്നത്​ ഇഷ്ടമാണ്. ഇടക്ക് കൂട്ടുകാരുമായി വിഡിയോ കാളിൽ സംസാരിക്കും.

പള്ളിയിൽ പോയിരിക്കുന്നത് വലിയ ഇഷ്ടമാണ്. ഞായറാഴ്ച ദിവസങ്ങളിൽ കുർബാനക്ക് എല്ലാവരും കൂടുമ്പോഴല്ല, ദൈവം ഒറ്റക്കാവുന്ന സമയമുണ്ട്. ആരും ഇല്ലാണ്ടിരിക്കുന്ന നേരം. അപ്പോൾ ഞാൻ അവിടെ പോയി രണ്ടു മണിക്കൂർ വർത്തമാനം പറഞ്ഞിരിക്കും. എന്റേതായ ഭ്രാന്തുകൾ. എഴുതുന്നത് ഇഷ്ടമാണ്, നല്ലൊരു കണ്ടന്‍റ് പ്രിപ്പയർ ചെയ്യുന്നത് ഇഷ്ടമാണ്. അതെല്ലാം പാർട്ട് ഓഫ് ദ േഫ്ലാ ആണ്. ഇതിൽനിന്നൊക്കെ എനിക്ക് ഹാപ്പിനസ് കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്.

അമേരിക്കയിൽനടന്ന ഇന്‍റർനാഷനൽ വിസിറ്റർ ലീഡർഷിപ്പ്​ പ്രോഗ്രാമിൽ ജോസഫ്​ അന്നംകുട്ടി


സംസാരം ഹൃദയത്തിൽനിന്ന്​

എന്റേത് അത്ര മനോഹരമായ മലയാളമോ സുന്ദരമായ ശബ്​ദമോ അല്ല എന്നെനിക്കറിയാം. എന്നിട്ടും ഞാൻ പറയുന്നത്​ കേൾക്കാൻ ആളുകൾ തയാറാവുന്നതിന്​ കാരണം, ഹൃദയംകൊണ്ട്​ സംസാരിക്കുന്നതുകൊണ്ടായിരിക്കുമെന്നാണ്​ കരുതുന്നത്​. വെറുതെ ഒരു വിഡിയോ ചെയ്തിട്ടില്ല. അഞ്ചു വർഷംകൊണ്ട് നൂറ് വിഡിയോ മറ്റോ ആയിട്ടുള്ളൂ. കൃത്യമായി വർക്ക് ചെയ്തും, ചില സമയങ്ങളിൽ പ്രാക്ടിസും ചെയ്താണ് ഓരോ വിഡിയോയും ചെയ്യുന്നത്.

ജോസഫിൽനിന്ന്​ അന്നംകുട്ടിയിലേക്ക്​

അന്നംകുട്ടി അമ്മയാണ്.​ കുട്ടിക്കാലത്ത്​ അപ്പനോടായിരുന്നു അടുപ്പം. ജീവിതത്തിൽ ഓരോ തിരിച്ചറിവ്​ നേരങ്ങൾ (moment of realization) ഉണ്ടാവുമല്ലാ. ബിരുദപഠനവുമായി ബന്ധപ്പെട്ട്​ ബംഗളൂരുവിൽ ഒറ്റക്ക് ജീവിക്കുമ്പോഴാണ്​ അമ്മ ചെയ്യുന്ന കാര്യങ്ങളുടെ വലുപ്പം തിരിച്ചറിഞ്ഞത്. സ്വയം ഭക്ഷണം പാകംചെയ്യൽ, പാത്രം കഴുകൽ തുടങ്ങി വീട് മുഴുവൻ ഞാൻ ഒറ്റക്ക് നോക്കുന്ന ആ അവസ്ഥയിലാണ് അമ്മയെ കൂടുതൽ തിരിച്ചറിഞ്ഞത്​.

നാല് ആൺപിള്ളേരുള്ള (ഞങ്ങൾ മൂന്ന്​ ആൺമക്കളെയും അപ്പനെയും ചേർത്താണ്​ ഞാനിത്​ പറയുന്നത്​) ഒരു വീട്ടിലെ എല്ലാപ്പണികളും ഒറ്റക്കാണ് അമ്മ ചെയ്യുന്നത്. അതിനിടയിൽ അമ്മ ഫ്രസ്ട്രേറ്റഡായിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പിന്നീടാണ്​ മനസ്സിലായത്​. പിന്നെ അമ്മയുടെ പേരും ഒപ്പം ചേർക്കണമെന്ന തോന്നലുണ്ടായിരുന്നു. ഒഫീഷ്യൽ ഡോക്യുമെന്‍റുകളിലില്ല. പക്ഷേ എല്ലാവരും പറയുമ്പോഴും സോഷ്യൽ മീഡിയയിലും പേര്​ അതാണ്. 2013-14കളിലാണ് ഞാൻ അങ്ങനെയാകുന്നത്​.

ടീച്ചറുടെ മകൻ, മാഷിന്‍റെയും

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അന്നംകുട്ടിയും ജോസ് കെ.ഡിയും. കുട്ടിക്കാലത്ത്​ അധ്യാപകരുടെ മകനെന്നൊരു അധിക ബാധ്യതയുണ്ടായിരുന്നു. ഞങ്ങളുടെ ഏരിയയിൽ ആ സമയത്ത് അമ്മയും അപ്പനും അധ്യാപകരായിട്ടുള്ള ഒരു കുടുംബം എന്റേതായിരുന്നു. അധ്യാപകരുടെ മകനായതിനാൽ ‘ബൈ ഡിഫാൾട്ട്’ വല്ലിയ അലമ്പുകളിലൊന്നും ചെന്നുപെടാൻ പറ്റില്ല. അതുകൊണ്ട് കുട്ടിക്കാലം, സോഷ്യലി പോസിറ്റിവ്‍ലി കണ്ടീഷൻഡായിരുന്നു.

മക്കളിൽ ഏറ്റവും ഇളയാളാണ് ഞാൻ. എനിക്ക് രണ്ടു ജ്യേഷ്ഠന്മാരാണ്. ആദർശ് കെ. ജോസും അരുൺ കെ. ജോസും. രണ്ടു ജ്യേഷ്ഠന്മാരും തമ്മിൽ അഞ്ചു വയസ്സിന്‍റെ വ്യത്യാസമുണ്ട്​​​. മുതിർന്ന ജ്യേഷ്ഠനും ഞാനും തമ്മിൽ പത്തു വയസ്സിന്‍റെ വ്യത്യാസമുണ്ട്​. പത്താം ക്ലാസ് വരെയേ എന്‍റെ കുട്ടിക്കാലം എന്നു പറയാൻ പറ്റുള്ളൂ. സ്പോർട്സും തമാശ പറയലും വലിയ ഇഷ്ടമായിരുന്നു. പ്രസംഗമോ മറ്റു കഴിവുകളോ ഉണ്ടായിരുന്നില്ല. വലിയ സംസാരപ്രിയനായിരുന്നുവെന്നതാണ് ഓർമ. ഇളയ ആളായതിനാൽതന്നെ വലിയ ശ്രദ്ധ എന്‍റെ കാര്യത്തിൽ അപ്പനും അമ്മക്കും ഉണ്ടായിരുന്നില്ല. അതിനാൽ നല്ല ഫ്രീഡവും ഉണ്ടായിരുന്നു.

ഫുട്​ബാളും മെസ്സിയും

സ്കൂൾകാലങ്ങളിൽ സ്പോർട്സിൽ ആക്ടിവായിരുന്നു. ​അഞ്ചിൽ പഠിക്കുന്ന കാലത്തൊക്കെ ഫുട്ബാൾ ടീമിലൊക്കെയുണ്ടായിരുന്നു. അതിന്‍റെ ഒരു തുടർച്ചയായാണ് മെസ്സിയൊക്കെ പ്രിയപ്പെട്ടയാളാകുന്നത്. ഏരിയയിൽ ആദ്യമായി കളർ ടി.വി വരുന്നത് വീട്ടിലാണ്. ലോകകപ്പിന്‍റെ സമയത്ത് അയൽപക്കത്തുള്ളവരൊക്കെ വീട്ടിൽ വരും. ’98 ലോകകപ്പ്​ എനിക്ക് ഓർമയുണ്ട്. അന്ന് മൂത്ത ചേട്ടൻ ഹോളണ്ടിന്‍റെ ആരാധകനാണ്. അന്ന് എന്‍റെ ഒരു അച്ചാച്ചൻ അർജന്‍റീനയുടെ ആരാധകനായിരുന്നു. അങ്ങനെയാണ്​ ഞാനും നീലക്കുപ്പായത്തിന്‍റെ ആരാധകനാവുന്നത്​.

അർജന്‍റീനയിൽ ആരു വന്നാലും ഇഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു അന്ന്​. ബി.കോമിന് പഠിക്കുന്ന കാലത്താണ് അർജന്‍റീന ടീമിലൊരു അത്ഭുതബാലൻ എന്ന വാർത്ത പത്രത്തിൽ വായിക്കുന്നത്. മെസ്സിയുടെ കളികൾ കാണുക മാത്രമല്ല, ഇന്‍റർവ്യൂകളും ഡോക്യുമെന്‍ററികളുമൊക്കെ തപ്പിപ്പിടിക്കും.

അമ്മ ഹിഡൻ ഇൻഫ്ലുവൻസ്​

അമ്മ സ്ട്രെയ്റ്റ് ഫോർവേഡാണ്. ഭക്തിയുൾപ്പെടെ എല്ലാ കാര്യത്തിലും അമ്മക്ക് ചില പോളിസികളുണ്ട്. അതിൽ 95 ശതമാനവും അമ്മയുടെ നിലപാടുതന്നെയാണ്​ ശരി. ബാക്കിയുള്ളതിൽ ശരിയല്ലാത്തതുണ്ട്, അത്​ ഞങ്ങൾ തിരുത്താറുണ്ട്​, അതിന്‍റെ പേരിൽ വാദപ്രതിവാദങ്ങളൊക്കെ നടക്കാറുണ്ട്​. അമ്മയെപ്പോലെ സ്ട്രെയ്റ്റ് ഫോർവേഡ് ആയിട്ടിരിക്കുന്നതാണ് നല്ലതെന്ന്​ എനിക്ക് ഇന്ന് മനസ്സിലാകുന്നുണ്ട്.

എന്‍റെ 20കളിൽ അപ്പന്‍റെ കാഴ്ചപ്പാടാണ് മികച്ചതെന്ന്​ എനിക്ക് തോന്നിയിരുന്നു. ജോസഫ് എന്ന ഈ വ്യക്തിയിൽ അപ്പനാണ് കൂടുതലുള്ളത്. അപ്പൻ നല്ലൊരു വാഗ്മിയാണ്, നല്ല ഹ്യൂമർസെൻസാണ്. എനിക്ക് അതാണ് കൂടുതൽ കിട്ടിയിട്ടുള്ളത്. അമ്മ എന്നിൽ ഹിഡൻ ഇൻഫ്ലുവൻസാണ്. കുറെക്കാലംകൂടി കഴിഞ്ഞാലേ എനിക്ക് പറയാൻ പറ്റുകയുള്ളൂവെന്ന് തോന്നുന്നു അമ്മ എന്നെ എങ്ങനെ സാധീനിച്ചുവെന്ന്.

സെമിനാരി തന്ന തിരിച്ചറിവുകൾ

പത്താം ക്ലാസിനുശേഷം പള്ളീലച്ചനാകാൻ സെമിനാരിയിൽ പോയി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് സെമിനാരിയിൽ പോയതാണ്. ലൈഫിന്‍റെ ദിശയെ ഭയങ്കരമായി സ്വാധീനിച്ച പുരോഹിതൻ ഫാ. ബോബി ജോസ് കട്ടികാടിനെ പരിചയപ്പെട്ടത്​ അവിടെയാണ്​. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് കടക്കുന്നത്.

എന്നെ പള്ളീലച്ചനാക്കിയാൽ നന്നാകുമെന്ന ചിന്തയൊക്കെ അപ്പനുണ്ടായിരുന്നു. വെറുതെ ഒരു രസത്തിന് പോയതാണ്. ഇടക്ക് നിർത്തി​പ്പോകുമ്പോൾ അപ്പനും അമ്മയും എന്ത് വിചാരിക്കും, അവർക്ക് സങ്കടമാവില്ലേ എന്നോർത്ത് മൂന്നു വർഷം പിടിച്ചുനിന്നു. പ്ലസ് ടു അവിടെ പൂർത്തിയാക്കിയ ശേഷം പിന്നെ ഞാനിങ്ങ് പോന്നു. അവിടെ പ്ലസ് ടു പൂർത്തിയാക്കിയതുകൊണ്ട് 92 ശതമാനം മാർക്കുണ്ടായിരുന്നു. അവിടെ ഫുട്ബാളൊക്കെയുണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട ‘എന്‍റർടെയ്ൻമെന്‍റ്’ പഠനമായിരുന്നു. സ്റ്റഡി ടൈമിൽ പഠിച്ചേ പറ്റൂ. വേറൊന്നും ചെയ്യാനില്ല. അങ്ങനെയങ്ങ് പഠിച്ചു.

ബംഗളൂരുവും ക്രൈസ്റ്റും

സെമിനാരിയിൽ പഠനം നിർത്തി തിരിച്ചുവന്നപ്പോ അപ്പനും അമ്മക്കും സങ്കടമുണ്ടായിരുന്നു. വലിയ ഹൃദയമുള്ളവരാണല്ലോ അവർ. നിനക്കിത് നേരത്തേ പറയാമായിരുന്നില്ലേ, ഞങ്ങൾക്കുവേണ്ടി നീ അങ്ങനെ ബുദ്ധിമുട്ടി നിൽക്കേണ്ട കാര്യമില്ലായിരുന്നുവെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ നേരെ ബംഗളൂരുവിലേക്ക് വിട്ടതും ഏറ്റവും നല്ല ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ക്രൈസ്റ്റിൽ പഠിപ്പിച്ചതും അതുകൊണ്ടാണ്.

ലൈഫിലെ നല്ല അനുഭവങ്ങൾ സമ്മാനിച്ച കാമ്പസാണത്. മികച്ച വിദ്യാഭ്യാസം ലഭിച്ചത് അവിടെനിന്നാണ്. താമസിച്ചത് ചേട്ടന്‍റെ രണ്ടു കൂട്ടുകാർക്കൊപ്പമാണ്. ദീപു ചേട്ടനും ആനന്ദേട്ടനും. എനിക്ക് ലൈഫിനെക്കുറിച്ചുള്ള പല വീക്ഷണങ്ങളും മാറിയ കാലമാണത്. എന്നെക്കാളും പ്രായമുള്ളവരായിരുന്നു അവർ. എെന്‍റ ഹാങ്​ഔട്ടുകൾ ഇവർക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ നോർമലി ഒരു കോളജ് പയ്യൻ ചർച്ചചെയ്യുന്ന കാര്യങ്ങളായിരുന്നില്ല ഞങ്ങൾക്കിടയിലുണ്ടായിരുന്നത്​.

ടേണിങ് പോയന്‍റ്

‘മാധ്യമം കുടുംബ’ത്തിനുവേണ്ടി നമ്മൾ ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നതിലേക്ക് എത്തിച്ചത് ഒരു വിഡിയോയാണ്. നാലു വർഷം തുടർച്ചയായി ആ ജോലി ചെയ്തതോടെ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങി. നല്ല പ്രൊഫൈലായിരുന്നു, മികച്ച സാലറിയും, വിവിധ രാജ്യങ്ങൾ കമ്പനി ചെലവിൽ യാത്ര ചെയ്യാൻ പറ്റി. എന്നിട്ടും എനിക്ക് മുന്നോട്ടുപോകാൻ പറ്റിയില്ല. അങ്ങനെ രാജിക്കത്ത് നൽകി.

നോട്ടീസ് പീരിയഡ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കുമ്പോഴും ഇനിയെന്തു ചെയ്യും എന്നതിൽ ഒരു ധാരണയുമില്ല. ദിവസങ്ങൾ തള്ളി നീക്കാൻ പറ്റുന്നില്ല, ഉറക്കം നഷ്ടപ്പെട്ടുതുടങ്ങി. അങ്ങനെയാണ് 2017 ഫെബ്രുവരി 20 തിങ്കളാഴ്ച കാമറ ഓണാക്കി ആ വിഡിയോ ചെയ്യുന്നത്. അവിടെനിന്നുതന്നെയാണ് എല്ലാം മാറുന്നത്. ആ വിഡിയോ വൈറലായി. അങ്ങനെ റേഡിയോ ജോക്കിയായി.

വിഡിയോ ഇറക്കുന്നതിനു മുമ്പ്​ ഞാനൊരു പുസ്തകം സെൽഫ് പബ്ലിഷിങ് ചെയ്തിരുന്നു. എന്‍റെ പ്രൊഫൈൽ അന്വേഷിച്ചെത്തിയവർക്ക്​ എഴുത്തുകാരനാണെന്നുകൂടി മനസ്സിലായതോടെ കൂടുതൽ കേൾക്കാൻ തയാറായി. ബുക്ക്​ വിറ്റഴിക്കാൻ തുടങ്ങി. അഞ്ജലി മേനോനും രഞ്ജിനി ഹരിദാസുമൊക്കെ അത് ഷെയർ ചെയ്തു. പലരും പേഴ്സനലി വിളിച്ച് സംസാരിച്ചു. അതാണ്​ ടേണിങ്​ പോയന്‍റ്​.

കരിയറും ലൈഫും ചോയ്സും

എന്‍റെ കരിയർ ഷിഫ്റ്റ് കഠിനാധ്വാനംചെയ്ത് കണ്ടെത്തിയതൊന്നുമല്ല. വിഡിയോ വൈറലായതാണ് ലക്കി. എന്തുകൊണ്ട് വിഡിയോ വൈറലായി? പറഞ്ഞ കണ്ടന്‍റ് നന്നായതിനുപിന്നിൽ വായിച്ച ധാരാളം പുസ്തകങ്ങളാണ്. അതിനെ വേണമെങ്കിൽ ഹാർഡ് വർക്കെന്ന് വിളിക്കാം. വിഡിയോ വൈറലായ സമയത്ത് എനിക്ക് വന്ന ആയിരക്കണക്കിന് മെസേജിൽ ഒരെണ്ണം റേഡിയോ മിർച്ചിയിൽനിന്നായിരുന്നു.

അവിടേക്ക്​ ക്ഷണം വന്നു. വോയ്സ് ടെസ്റ്റിൽ റിജക്ടായി. രണ്ടാമത് ടെസ്റ്റ് ചെയ്യുമ്പോൾ നാഷനൽ പ്രോഗ്രാം ഹെഡായിരുന്ന സംഗീതയുമുണ്ടായിരുന്നു. മലയാളിയായ അവർക്ക് ഞാൻ പറഞ്ഞ കണ്ടന്‍റ് ഇഷ്ടമായി. അങ്ങനെയാണ് സെലക്ട് ചെയ്യപ്പെടുന്നതും ഞാൻ ആർ.ജെ ആകുന്നതും. ഇത്രയും കോ ഇൻസിഡൻസ് നടന്നിട്ടുണ്ട്.

അമേരിക്കൻ യാത്ര

International Visitor Leadership Programme (IVLP)ന്‍റെ ഭാഗമായിട്ടായിരുന്നു യാത്ര. അമേരിക്കൻ ഗവൺമെന്‍റ് നടത്തുന്ന ഒരു ഷോർട്ട് ടൈം കോഴ്സാണത്. ഒരു മാസം നമ്മൾ ആ രാജ്യത്തിന്‍റെ അതിഥിയായിട്ടായിരിക്കും പോവുക.

പദ്ധതികൾ, പുസ്തകം

പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ്. കഥയല്ല, അനുഭവങ്ങളാണ്. അടുത്ത വർഷത്തിനുള്ളിൽ അത് പുറത്തു വരും. സമയമെടുത്ത് എഴുതുന്ന ആളാണ് ഞാൻ.

സിനിമ

സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്. ചില കഥകൾ സിനിമയാക്കാൻ സംവിധായകരുമായി ചർച്ചകൾ നടക്കുന്നു. അതും ഉടൻ സംഭവിക്കും.

യൂട്യൂബ് ചാനൽ

യൂട്യൂബ് ചാനൽ സജീവമാക്കാനുള്ള ആലോചനകളാണ്. ഇടക്ക് വിഡിയോകൾ ചെയ്യാൻ മടിച്ചിരുന്നു. കഴിഞ്ഞ വർഷം വളരെ കുറവായിരുന്നു. എന്നാലും കമന്‍റുകൾ വായിക്കാറുണ്ട്. ‘മരണത്തിന് മുന്നിൽനിന്ന് തിരിച്ചുവരാൻ കാരണമായത് ഈ വിഡിയോയായിരുന്നു’ എന്നൊക്കയുള്ള കമൻറുകൾ വരാറുണ്ട്.

ഇപ്പോഴാണ് കൂടുതൽ സജീവമായി ചെയ്യാൻ തുടങ്ങിയത്. അതിനൊപ്പം സുഹൃത്തായ ബിനോജ് അച്ചൻ ഒരിക്കൽ വിളിച്ചിട്ട് പറഞ്ഞു, ‘‘എടാ, സോഷ്യൽ മീഡിയയിൽ പരസ്പരം തെറിവിളിയും റോസ്റ്റിങ്ങും സെക്സുമൊക്കെയാണല്ലോ. നമുക്ക് ഒരു എതിർസ്വരം വേണ്ടേ, നിന്‍റെയായിരുന്നു പിന്നെയും ഉണ്ടായിരുന്ന ഒരു എതിർസ്വരം, നിനക്ക് മടുത്തുകാണുമെന്നറിയാം. എന്നാലും അത് തുടരുന്നതാണ് സമൂഹത്തിന് നല്ലതെന്ന്.’’ ഇപ്പോൾ വെറുപ്പ് പടർത്താൻ എളുപ്പമാണ്.




Tags:    
News Summary - Joseph Annamkutty talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.