ചെമ്മീൻ കെട്ടുകൾക്ക് ഇടയിലൂടെ നീണ്ട് പുളഞ്ഞുകിടക്കുന്ന റോഡ്. കാറ്റിൽ കടലിന്‍റെ ഉപ്പുരസം. വൈപ്പിൻകരയിലെ പാതയോരങ്ങളിൽ ഫുട്ബാൾ കമ്പവും ക്രിസ്മസ് വരവും ഫ്ലക്സുകളായും നക്ഷത്രങ്ങളായും നിറഞ്ഞിട്ടുണ്ട്. വളപ്പിൽനിന്ന് ഉൾറോഡിലേക്ക് കുറച്ചധികം ചെന്നപ്പോഴേക്കും ആ 'അമ്മച്ചി' തന്‍റെ കുഞ്ഞുവീട്ടിൽ കാത്തുനിന്നിരുന്നു.
'അപ്പൻ' ചിത്രത്തിൽ ആരുടെയും കണ്ണ് നിറയിക്കുന്ന അമ്മച്ചിയായി വേഷമിട്ട പൗളി വത്സന് ഇപ്പോൾ മുഖം നിറഞ്ഞ ചിരിയുണ്ട്. നാടകങ്ങളിലും സിനിമകളിലും അവർ കാലുറപ്പിച്ചിട്ട് പതിറ്റാണ്ടുകളായി. ഈ ക്രിസ്മസ് പൗളിക്ക് വിശേഷപ്പെട്ടതാണ്. ആഘോഷിക്കാൻ കഴിയാതെപോയ ഒട്ടേറെ ക്രിസ്മസുകളുടെ കഥ പറഞ്ഞുതന്നെ അവർ തുടങ്ങി...
എന്തൊക്കെയാണ് ക്രിസ്മസിൻെറ ആഘോഷങ്ങൾ?
രണ്ടുമൂന്നു വര്‍ഷമായി ക്രിസ്മസ് ആഘോഷം ഒന്നുമില്ല. ഭർത്താവ് വത്സൻ മരിച്ചിട്ട് ഒന്നരക്കൊല്ലമായി. ഇപ്രാവശ്യം ആഘോഷിക്കണം. എന്റേത് പ്രണയവിവാഹമായിരുന്നു. അതുകൊണ്ട് രണ്ടു മതത്തിന്റെ ആഘോഷങ്ങളും ഞങ്ങൾക്കുണ്ട്. മുമ്പ് ക്രിസ്മസിന് എവിടെയാണെങ്കിലും രാത്രിക്ക് രാത്രി വീട്ടിലെത്തും. ക്രിസ്മസ് കാലം അന്നൊക്കെ നാടകസീസണാണ്. ദിവസം നാലു നാടകങ്ങള്‍ വരെ ഉണ്ടാകും.
എന്‍റെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും അപ്പച്ചന്റെ അമ്മയും പിന്നെ ഞങ്ങള്‍ ഏഴു മക്കളുമായിരുന്നു. അഞ്ചു പെണ്ണും രണ്ടാണും. അപ്പച്ചന്‍ ചവിട്ടുനാടകം ചെയ്തിട്ടുണ്ട്. അനുജന്‍മാരും നാടകം അഭിനയിച്ചിരുന്നു. കുടുംബത്തില്‍ എല്ലാവരും കലാസ്വാദകർതന്നെ. പ്രണയവിവാഹമായതിനാൽ അപ്പച്ചന്‍ കുറെനാള്‍ വീട്ടില്‍ കയറ്റിയില്ല. അഞ്ചുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചത് ആരും അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായി. ആത്മഹത്യശ്രമം വരെ നടത്തിയിട്ടുണ്ട്.
മമ്മൂട്ടിയുമായി നേരത്തേ പരിചയമുണ്ടോ?
ആൻസൻ മാഷ്, ആന്റണി പാലക്കിൽ എന്നിവരുടെ കൂടെയൊക്കെ മമ്മൂട്ടി മിക്കപ്പോഴും നാടക ട്രൂപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻകരയിൽ ഉണ്ടായിരുന്നു. അതുകൊണ്ടല്ലേ ഇത്ര നന്നായി വഞ്ചി വലിക്കാനൊക്ക അദ്ദേഹം പഠിച്ചത്.
പിന്നീട് അതേ സെറ്റിൽ എന്നെ കണ്ടപ്പോള്‍ ചോദിച്ചു 'താനെന്താടോ എന്നെ കണ്ടിട്ട് മിണ്ടാതെ പോയതെന്ന്'. 'മമ്മൂക്കാ, ഞാന്‍ വയസ്സായിപ്പോയി. നിങ്ങൾ അതുപോലെ തന്നെയിരിക്കുന്നു. ഞാന്‍ സെറ്റിൽവെച്ച് അറിയോന്ന് ചോദിച്ച് ഇല്ലെന്നെങ്ങാനും പറഞ്ഞാല്‍ നാണക്കേടാകുമ
ല്ലോ. അതുകൊണ്ടാണെന്ന്' മറുപടി നൽകി. അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു. വൈപ്പിൻകരയിലെ എല്ലാവരെയും മമ്മൂക്ക അറിയും. ഞാന്‍ കുറെ പേരെയൊക്കെ മറന്നുപോയി. അദ്ദേഹത്തിന്‍റെ സ്‌നേഹം പിന്നീട് എേപ്പാഴും കിട്ടിയിട്ടുണ്ട്. ഭീഷ്മ പര്‍വം സിനിമ ചെയ്തപ്പോള്‍ ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു.
(2022 ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്)
പൗളി വത്സനുമായുള്ള പൂർണ്ണ അഭിമുഖം ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...
സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.