‘പരിപാടി കഴിഞ്ഞ്​ സ്​റ്റേജിനു പിന്നിലെത്തിയ എസ്. ജാനകിയുടെ ആ ചോദ്യം തെന്നിന്ത്യൻ സംഗീത ലോകത്തേക്കുള്ള എന്‍റെ എൻട്രി പാസായിരുന്നു’

ജാനകിയമ്മയുടെ ചോദ്യം കേട്ടപാതി പെട്ടിയുമെടുത്ത് ആ 16കാരൻ​ വീട്ടിൽ നിന്നിറങ്ങി. സംഗീതം മാത്രം മുഴങ്ങിക്കൊണ്ടിരുന്ന അവന്‍റെ ചെവിയിൽ രക്ഷിതാക്കളുടെ തടസ്സവാദങ്ങളൊന്നും എത്തിയതേയില്ല. ജാനകിയമ്മയുടെ കൈപിടിച്ച്​ നേരെ ചെന്നൈയിലേക്കായിരുന്നു യാത്ര. തെന്നിന്ത്യൻ സംഗീതലോകത്തേക്ക്​ കൗശിക്​ മേനോൻ എന്ന പാലക്കാട്ടുകാരന്‍റെ യാത്ര തുടങ്ങിയത്​ ഇവിടെ നിന്നാണ്​. കൈയിൽ ഒരുപിടി ഗാനങ്ങൾ, സ്വന്തം സ്റ്റുഡിയോ, സ്​റ്റേജ്​ ഷോ, ആർ.ജെ, വോക്കൽ ട്രെയിനർ... അങ്ങനെ നീളുകയാണ്​ കൗശിക്കിന്‍റെ സംഗീതയാത്ര.

പാലക്കാട്ടുനിന്ന്​ ചെന്നൈയിലേക്ക്​ നടന്താർ പടയാളികളും ബഹുഘോഷമതാൽ...

പാലക്കാട്ടെ വേദികളിൽ ബദ്ർ കിസ്സ പാട്ടുപാടി നടന്നിരുന്നതാണ്​ പയ്യൻ. ജില്ല, സംസ്ഥാന സ്​കൂൾ കലോത്സവ വേദിയിലും പാലക്കാട്ടെ സദസ്സുകളിലുമെല്ലാം അറബി, ഉർദു, മാപ്പിളപ്പാട്ടുകൾ പാടിത്തകർത്തു. നാട്ടിൽ ഏതു​ സ്​പെഷൽ ഷോയുണ്ടായാലും കൗശിക്കിന്​ അവിടെ അവസരമുണ്ടാവും. അങ്ങനെയാണ്​ എസ്​. ജാനകിയുടെ കൂടെ പാടാൻ അവസരം ലഭിച്ചത്​.

‘അകലെയകലെ നീലാകാശ’മായിരുന്നു പാട്ട്​. പരിപാടി കഴിഞ്ഞ്​ സ്​റ്റേജിനു പിന്നിലെത്തിയ ജാനകിയമ്മ ചോദിച്ചു, ‘എന്‍റെ കൂടെ പോരുന്നോ’. തെന്നിന്ത്യൻ സംഗീത ലോകത്തേക്ക്​ കൗശിക്കിന്‍റെ എൻട്രി പാസായിരുന്നു ഈ മില്യൺ ഡോളർ ചോദ്യം. ജാനകിയമ്മ തമാശക്ക്​ ചോദിച്ചതാണോ എന്ന്​ കൗശിക്കിന്​ ഇന്നും അറിയില്ല.

എന്തായാലും, തൊട്ടടുത്ത ദിവസം ജാനകിയമ്മക്കൊപ്പം അവനും ചെന്നൈയിലേക്ക്​ തിരിച്ചു. മനസ്സില്ലാ മനസ്സോടെയാണ്​ വീട്ടുകാർ യാത്രയാക്കിയത്​. എസ്​.പി.ബി, ഇളയരാജ പോലുള്ള മഹാരഥന്മാരെ അടുത്തറിയുന്നത്​ ഇക്കാലത്തായിരുന്നു. ജാനകിയമ്മയുടെ ലേബലിൽ തന്നെ പല വേദികളിലും അവസരം ലഭിച്ചു.

ചെന്നൈയിലെ ചെലവുകൾ

ചെന്നൈ ജീവിതം അത്ര എളുപ്പമായിരുന്നില്ല. സംഗീതംകൊണ്ടു മാത്രം തീർക്കാവുന്നതായിരുന്നില്ല ചെന്നൈയിലെ ചെലവുകൾ. വീട്ടുവാടകയും ഭക്ഷണവുമുൾപ്പെടെ വൻതുക വേണ്ടിവന്നതോടെ വഴിയാധാരമായി. കിടപ്പ്​ അമ്പലത്തറയിലായി. എസ്​. ജാനകിയോടോ എസ്​.പി.ബിയോടോ അച്ഛനോടോ സൂചിപ്പിച്ചാൽ തീരാവുന്ന പ്രതിസന്ധിയേ കൗശിക്കിനുണ്ടായിരുന്നുള്ളൂ.

എന്നാൽ, സ്വന്തം കാലിൽ നിൽക്കണമെന്ന അതിയായ ആഗ്രഹം അവനെ സഹായം അഭ്യർഥിക്കുന്നതിൽനിന്ന്​ പിന്തിരിപ്പിച്ചു. അമ്പലത്തറയിലെ കഥയറിഞ്ഞ്​ എസ്​.പി.ബി തന്നെ വലിയൊരു തുക സഹായമായി നൽകി. ഇതിനിടയിലും അവസരങ്ങൾ തേടി അലഞ്ഞു. റിയാലിറ്റി ഷോയിൽ പ​ങ്കെടുക്കണമെന്ന്​ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല.

കോറസ്​ പാടാൻ പോകില്ലെന്ന്​ മനസ്സിൽ ഉറപ്പിച്ചിരുന്നെങ്കിലും അതും വേണ്ടിവന്നു. ‘ഇവന്​ അവസരം കൊടുക്കണം’ എന്നു പറഞ്ഞ്​ എം.എസ്​. വിശ്വനാഥൻ അദ്ദേഹത്തിന്‍റെ കാറിൽ പലയിടത്തും കൊണ്ടുപോയിട്ടുണ്ട്​.


കാത്തിരുന്നു നേടിയ അവസരങ്ങൾ

ഒറ്റക്കുതിപ്പിൽ ഉദിച്ചുയർന്ന താരമല്ല കൗശിക്​. സമയമെടുത്ത്​ ക്ഷമയോടെ കാത്തുനിന്ന്​ അവസരങ്ങൾ സ്വന്തമാക്കിയയാളാണ്​. കിട്ടുന്ന അവസരമെല്ലാം ഉപയോഗപ്പെടുത്തിയ കൗശിക്കിനെ തേടി തമിഴിൽനിന്നും തെലുങ്കിൽനിന്നും പാട്ടുകളെത്തി.

പക്ഷേ, മലയാളം ഇപ്പോഴും കൗശിക്​ എന്ന ഗായകനെ പൂർണമായും ഉൾക്കൊണ്ടിട്ടില്ല. അനുഗൃഹീതൻ ആൻറണിയിലാണ്​ അവസാനമായി മലയാള സിനിമയിൽ പാടിയത്​. കാർത്തിക്​ എന്ന പേരിൽനിന്ന്​ കൗശിക് ആയി മാറിയത്​ ഇളയരാജയുടെ നിർദേശപ്രകാരമായിരുന്നു. തമിഴിലും തെലുങ്കിലുമായി 25ഓളം പാട്ടുകൾ ആലപിച്ചു. ഹിന്ദിയും കന്നടയും പാടി.

വിവിധ റിയാലിറ്റി ഷോകളിൽ ഗായകനായും അവതാരകനായും വിധികർത്താവായും എത്തി. ശ്രേയ ഘോഷാൽ, ചിത്ര, സുജാത, ശ്രീനിവാസൻ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം പാടാനും വേദി പങ്കിടാനും അവസരം ലഭിച്ചു. 200ഓളം സ്​റ്റേജ്​ ഷോകളിൽ ഇതിനകം പാടിത്തകർത്തു.

പാട്ടുപഠിക്കാൻ ‘ഒളിച്ചോട്ടം’

ഇതിനു​ മുമ്പും ചെന്നൈക്ക്​​​ പോയ കഥയുണ്ട്​ കൗശിക്കിന്​. അതൊരു ഒളിച്ചോട്ടമായിരുന്നു എന്നു​ വേണമെങ്കിൽ പറയാം. പഴനിയിൽ ഭജനക്ക്​ ബന്ധുക്കൾക്കൊപ്പം പോകുന്നുവെന്നാണ്​ വീട്ടിൽ പറഞ്ഞിരുന്നത്. വിഷുക്കൈനീട്ടവും പാടിക്കിട്ടിയ പണവും അച്ഛന്‍റെ പോക്കറ്റിൽനിന്ന്​ മോഷ്ടിച്ച ചെറിയൊരു തുകയും മാത്രമാണ്​ കൈയിലുണ്ടായിരുന്നത്​.

ട്രെയിൻയാത്ര ചെയ്തുപോലും പരിചയമില്ലാതിരുന്ന കൗശിക്​ അങ്ങനെ ആദ്യമായി ചെന്നൈയിലേക്ക്​ തിരിച്ചു. പാട്ടുകാരുടെ ലോകമാണ്​ ചെന്നൈ എന്ന്​ കേട്ടറിഞ്ഞായിരുന്നു യാത്ര. രണ്ടുദിവസം കഴിഞ്ഞും മകൻ തിരിച്ചുവരാതിരുന്നതോടെ അച്ഛൻ ചേട്ടന്മാരെ വിളിച്ചു.

അവർ ഇങ്ങനെയൊരു ഭജനയുടെ കാര്യം അറിഞ്ഞിട്ടുപോലുമില്ല. പൊലീസിൽ പരാതി കൊടുക്കാൻ തയാറെടുത്തപ്പോഴാണ്​ ഒന്നുമറിയാത്തപോലെ കൗശിക്കിന്‍റെ മടങ്ങിവരവ്​. അന്ന്​ കിട്ടിയ ചൂരൽക്കഷായത്തിന്​ ഇന്ന്​ മധുരമാണെന്ന്​ കൗശിക്​ പറയുന്നു.


‘തപസ്സ്’ ആണ്​ ജീവിതം

ചെന്നൈയിൽ ‘തപസ്സ്’ എന്ന പേരിൽ റെക്കോഡിങ്​ സ്റ്റുഡിയോ സ്ഥാപിച്ചാണ്​ കൗശിക്കിന്‍റെ സംഗീതയാത്ര തുടരുന്നത്. പതിറ്റാണ്ടുകൾക്കു മുമ്പ്​ കാണാൻ ആഗ്രഹിച്ചിരുന്ന പാട്ടുകാരെല്ലാം ഇപ്പോൾ കൗശിക്കിന്‍റെ സ്റ്റുഡിയോയിൽ എത്തുന്നു. അവസരം കിട്ടാതെ നടക്കുന്ന പലർക്കും അത്താണി കൂടിയാണ്​ കൗശിക്​. ദുബൈയിലെ കഴിവുള്ള കലാകാരന്മാരെ വളർത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്​.

ദുബൈയിലാണെങ്കിലും ഇവിടെനിന്ന്​ റെക്കോഡ്​ ചെയ്ത്​ പാട്ടുകൾ നാട്ടിലേക്ക്​ അയക്കാറുണ്ട്​. വോക്കൽ ട്രെയിനർ കൂടിയായ കൗശിക്​ ഭാവിതലമുറക്ക്​ സംഗീതത്തിന്‍റെ പാഠം പകർന്നുനൽകുന്ന പ്രചോദകൻ കൂടിയാണ്. ദുബൈയിലും ‘തപസ്സ്’ വളർത്തണമെന്ന്​ ആഗ്രഹമുണ്ട്​. റേഡിയോകളിൽ ഫ്രീലാൻസ്​ ആർ.ജെയായും ആ ശബ്​ദം കേൾക്കാം. ‘മല്ലു തമിഴ’ എന്ന ബാൻഡിനൊപ്പമാണ്​ യാത്ര.

നമ്മൾ വെറും മനുഷ്യരാണെന്നും നാളെയെ കുറിച്ച്​ ചിന്തിച്ച്​ ആശങ്കപ്പെടരുതെന്നും എന്നാൽ, നാളെയെ കുറിച്ച്​ സ്വപ്നങ്ങൾ കാണണമെന്നുമാണ്​ കൗശിക്കിന്‍റെ മതം. ‘‘ജീവിത വഴിയിൽ ആരെയെങ്കിലുമൊക്കെ സഹായിക്കണം. മറ്റുള്ളവർക്കായി ജീവിക്കണം, അവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യണം’’ -കൗശിക്​ നിലപാട്​ വ്യക്തമാക്കുന്നു.

കാസറ്റുകൾ ഗുരു

അച്ഛൻ ഗോവിന്ദൻ കുട്ടി വാങ്ങിക്കൊടുത്ത കാസറ്റുകളാണ്​ കൗശിക്കിന്‍റെ സംഗീത ഗുരു. ഏത്​ സീഡി ഇറങ്ങിയാലും ആദ്യം അത്​ വീട്ടിലെത്തും. ​ചെറുപ്പത്തിൽ കേൾക്കാത്ത പാട്ടുകളില്ല. അമ്മ ശ്രീപാർവതിയും നന്നായി പാട്ടുപാടും. ഒറ്റമകനായതിനാൽ എല്ലാ പ്രതീക്ഷകളും കൗശിക്കിലായിരുന്നു.

സംഗീതലോകത്ത്​ അമിതമായി ശ്രദ്ധകേന്ദ്രീകരിച്ചാൽ അവന്‍റെ ജീവിതത്തെ ബാധിക്കുമോ എന്ന്​ അവർക്ക്​ ആശങ്കയുണ്ടായിരുന്നു. അവരുടെ ഉപദേശപ്രകാരമാണ്​ ബിസിനസിലേക്കുകൂടി തിരിഞ്ഞത്​. ഷുഗർ, പായൽ ഇംപോർട്ടായിരുന്നു ബിസിനസ്​. സംഗീതവുമായി യോജിച്ചു പോകാത്തതിനാൽ ബിസിനസിൽനിന്ന്​ പിന്മാറി.

Tags:    
News Summary - Kaushik Menon has about 200 songs to his credit as a playback singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.