സൗപർണികയും സുഭാഷും. ചി​​​ത്ര​​​ങ്ങൾ:

അൻഷാദ്​ ഗുരുവായൂർ

‘വിവാഹശേഷം അഭിനയം തുടരുന്നതിന്‍റെ പൂർണ ക്രെഡിറ്റും ഏട്ടനാണ്​’ -നടി സൗപർണിക

ബുള്ളറ്റിൽ ഒരു ഫോട്ടോ ഷൂട്ടിന്‍റെ ഒരുക്കത്തിലായിരുന്നു സൗപർണികയും സുഭാഷും. നിർത്താതെ ചിരിയും വർത്തമാനവും തന്നെ, മലയാള സിനിമ, സീരിയൽ രംഗത്തെ ഈ താരദമ്പതികൾ.
മനു കൃഷ്ണ സംവിധാനം ചെയ്ത ഗില ഐലന്‍ഡ് ആണ് സുഭാഷിന്‍റെ പുതിയ ചിത്രം. നവംബര്‍ 25ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്റര്‍ വിട്ടിട്ട് അധികമായിട്ടില്ല. സ്കൂൾ കാലഘട്ടത്തിൽ ‘അവൻ ചാണ്ടിയുടെ മകൻ’, ‘തന്മാത്ര’ സിനിമകളിലൂടെ വെള്ളിത്തിരയിൽ എത്തിയതാണ്​ സൗപർണിക. 17 വർഷത്തിനിടെ 85 സീരിയലുകളിലും അഭിനയിച്ചു.
Drive with smile എന്ന സന്ദേശവുമായി നടന്ന മാധ്യമം ‘കുടുംബം’ കവർ ഷൂട്ടിന്‍റെ ഇടവേളയിൽ ഇവരുടെ വിശേഷം പറച്ചിൽ...

രണ്ടുപേരും അഭിനയ മേഖലയിൽ. ജീവിതം എങ്ങനെ?

സുഭാഷ്: രണ്ടുപേരും ഒരേ ഫീല്‍ഡിലാകുന്നത് വളരെ നല്ലതാണ്​. കാരണം ജോലിയെക്കുറിച്ച് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. ചിലപ്പോള്‍ പറഞ്ഞ സമയത്ത് ഷൂട്ടിങ് തീരില്ല. രാത്രി വൈകിയും ഉണ്ടാകും. ഇത് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. എന്നാല്‍, വേറൊരു പ്രഫഷനിലുള്ള ആളാണെങ്കില്‍ മനസ്സിലാക്കണമെന്നില്ല.

സൗപര്‍ണിക: ഒരേ മേഖലയിലായാൽ ജോലിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. നമ്മളെ പിന്തുണച്ച് എപ്പോഴും ഒപ്പമുണ്ടാകും. ഞങ്ങള്‍ക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മറിച്ച് ഗുണം മാത്രമേയുള്ളൂ.

പരസ്പര പിന്തുണ?

വിവാഹശേഷം അഭിനയം തുടരുന്നതിന്റെ പൂർണ ക്രെഡിറ്റും ഏട്ടനാണ്​. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കാറുണ്ട്. നമുക്ക് അനുയോജ്യമായതും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ പറയാറുണ്ട്. അതുപോലെ ഫിറ്റ്നസിന്റെ കാര്യത്തിലും മോട്ടിവേറ്റ് ചെയ്യാറുണ്ട്.

സുഭാഷ്: അഭിനയത്തില്‍ മാത്രമല്ല ഏതൊരു കാര്യത്തിലും പൂർണ പിന്തുണയുമായി സൗപര്‍ണിക കൂടെയുണ്ടാവാറുണ്ട്. നല്ല സപ്പോര്‍ട്ടാണ്. ഇതുവരെ സൗപർണിക നോ പറഞ്ഞ ഒരു സാഹചര്യവും ഇല്ല. പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഞങ്ങള്‍ക്ക് കഴിയാറുണ്ട്.

വിവാഹം എങ്ങനെയായിരുന്നു?

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. നടി കവിതച്ചേച്ചിയാണ് (കലാനിലയം കവിത) ആലോചന കൊണ്ടുവരുന്നത്. ചേച്ചിക്ക് എന്നെ കാണുമ്പോള്‍ ചേട്ടനെ ഓര്‍മ വരുമെന്ന് പറയും. വിവാഹത്തിനു മുമ്പ്​ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. കവിതച്ചേച്ചി തന്നെയാണ് ഏട്ടന്റെ ചേച്ചിയോടും വിവാഹക്കാര്യം സംസാരിക്കുന്നത്. പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തി.


വിവാഹശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങള്‍?

സൗപര്‍ണിക: വിവാഹത്തിനു മുമ്പ് അച്ഛന്റെയും അമ്മയുടെയും തണലിലാണ്​ ജീവിച്ചത്. അന്ന് ഷൂട്ടിങ്ങിന് കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. എന്നാല്‍, വിവാഹശേഷം സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ചേട്ടന്‍ പഠിപ്പിച്ചു.

സുഭാഷ്: തടി കുറഞ്ഞതാണ് വിവാഹത്തിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റം. സൗപര്‍ണികയുടെ വാക്കുകളാണ് അതിന് കാരണം. അതിനുശേഷമാണ് സിനിമയിലേക്ക് ഓഫറൊക്കെ വന്നത്.

ചെയ്യാന്‍ ഇഷ്ടമുള്ള കഥാപാത്രങ്ങള്‍?

സൗപർണിക: നെഗറ്റിവ്, പോസിറ്റിവ്, കോമഡി എന്നിങ്ങനെ ഒട്ടുമിക്ക വേഷങ്ങളും ചെയ്തിട്ടുണ്ട്. കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. ആളുകളെ ചിരിപ്പിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.

സുഭാഷ്: എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ ഇഷ്ടമാണ്. വയലന്‍സിനോടും റിയലിസ്റ്റ് ഫൈറ്റിനോടും അല്‍പം ഇഷ്ടം കൂടുതലാണ്. പിന്നെ ചിന്നു (സൗപര്‍ണിക) പറഞ്ഞതുപോലെ ചലഞ്ചിങ്ങായ വേഷങ്ങള്‍ ചെയ്യണം.

ഹോബികൾ?

സൗപര്‍ണിക: ഡ്രസ് ഡിസൈന്‍ ചെയ്യാന്‍ ഇഷ്ടമാണ്. കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാറുണ്ട്. സിനിമ കാണുകയാണ് പ്രധാന ഹോബി. പിന്നെ പാട്ടു പാടും.

സുഭാഷ്: ഡ്രൈവിങ് തന്നെയാണ് പ്രധാന ഹോബി. ലോങ് ഡ്രൈവ് ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. അതുപോലെ സൈക്ലിങ് ചെയ്യാറുണ്ട്. സിനിമകള്‍ കാണും. വാഹനങ്ങൾ, ടെക്​നോളജി എന്നിവയിൽ ചില ചാനല്‍ പരിപാടികളും കാണാറുണ്ട്.


ഇഷ്ടവാഹനം

സുഭാഷ്: ഏറ്റവും ഇഷ്ടപ്പെട്ട വാഹനം എന്നൊന്നില്ല. എല്ലാ വാഹനങ്ങളും ഇഷ്ടമാണ്.

യാത്രകൾ ഇഷ്ടമാണോ​?

സുഭാഷ്: അഭിനയം പോലെ തന്നെ യാത്രകളും ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍, സമയക്കുറവ് കാരണം എല്ലാം പെന്‍ഡിങ്ങിലാണ്. ഒരാഴ്ചത്തെ യാത്രയൊക്കെ പ്ലാന്‍ ചെയ്യും. എന്നാല്‍, ആ സമയത്ത് ഷൂട്ട് വരും. യാത്ര പിന്നേക്ക് മാറ്റിവെക്കും. ഇതാണ് ഇപ്പോള്‍ കുറച്ചുകാലമായി സംഭവിക്കുന്നത്.

ചെറിയ യാത്രകള്‍ പോകും. എനിക്ക് ഡ്രൈവ് ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അതുപോലെ സൗപര്‍ണികക്ക് സൈഡിലിരിക്കാനും. അധികവും പ്ലാന്‍ ചെയ്യാതെയാണ് ഇപ്പോള്‍ യാത്ര. ക്രിസ്മസിന് യാത്ര പോകണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍, അത് നടന്നില്ല. ഫെബ്രുവരിയില്‍ യാത്ര പോകണമെന്ന് വിചാരിക്കുന്നു. നടക്കുമോ എന്നറിയില്ല.

സൗപര്‍ണിക: അധികവും പ്ലാന്‍ ചെയ്യാതെ പെട്ടെന്നാണ് യാത്ര പോകുന്നത്. ചിലപ്പോള്‍ എറണാകുളത്തുനിന്ന് വരുമ്പോഴാകും മൂന്നാറിലേക്ക് പോയാലോ അല്ലെങ്കില്‍ നെല്ലിയാമ്പതിക്ക് വിട്ടാലോ എന്ന് തോന്നുക.

മറക്കാന്‍ കഴിയാത്ത യാത്ര?

സുഭാഷ്: ഡല്‍ഹി യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളി അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായിട്ടാണ് പോയത്. ശേഷം ഒരാഴ്ച അവിടെ നിന്നു. ഭയങ്കര തണുപ്പുള്ള സമയമായിരുന്നു. നേരത്തേ ഒരു ഓണ്‍ലൈന്‍ ആപ് വഴി ഒരു ഹോട്ടലില്‍ റൂമൊക്കെ ബുക്ക് ചെയ്തു. ഞങ്ങള്‍ ഒരുപാട് ദൂരം യാത്ര ചെയ്താണ് ഹോട്ടലില്‍ എത്തിയത്. അപ്പോള്‍ ഏകദേശം രാത്രി 12 ആയി.

ഡല്‍ഹിയിലെ നല്ലൊരു ഹോട്ടലായിരുന്നു അത്. പക്ഷേ, ബുക്കിങ് കാണിച്ചപ്പോഴാണ് ചതി മനസ്സിലായത്. ആ ആപ്പുമായി ഹോട്ടല്‍ സഹകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് റൂം തരാന്‍ അവര്‍ക്ക് പറ്റില്ലായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ വന്ന ടാക്‌സി തിരികെ പോയി. ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ല. എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടും മുറിയുടെ കാര്യത്തില്‍ അവര്‍ കൈമലര്‍ത്തി.

തൊട്ടടുത്ത് വേറെ ഒരു ഹോട്ടലുണ്ടെന്ന് ഇവര്‍ തന്നെ ഞങ്ങളോടു പറഞ്ഞു. ഇരുട്ടത്ത് മരംകോച്ചുന്ന തണുപ്പില്‍ ഞങ്ങള്‍ രണ്ടും കല്‍പിച്ച് നടന്നു. കുറച്ച് ദൂരം ചെന്നപ്പോഴാണ് ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. കുറെ ചെറുപ്പക്കാരായിരുന്നു അതില്‍. സംഭവം അത്ര പന്തിയല്ലെന്ന് മനസ്സിലായി. ഞങ്ങളുടെ കൈയില്‍ ആകെ ഉണ്ടായിരുന്നത് ഒരു സെല്‍ഫി സ്റ്റിക്കായിരുന്നു.

വേണ്ടിവന്നാല്‍ രണ്ട് അടി കൊടുക്കാന്‍ ഞാന്‍ തയാറായിരുന്നു. ഭയം മനസ്സിലുണ്ടായിരുന്നെങ്കിലും അത് പ്രകടിപ്പിച്ചില്ല. അവരെ കാണിക്കാന്‍ ചുമ്മാ ഫോണെടുത്ത് സുഹൃത്തിനെ വിളിക്കുന്നതുപോലെ ആക്ഷന്‍ കാണിച്ചു. കുറച്ചുദൂരം ചെന്നപ്പോള്‍ ഇവര്‍ ഞങ്ങളോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു.

ഒരു ഭാവവ്യത്യാസവുമില്ലാതെ സുഹൃത്ത് വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ വണ്ടിയുംകൊണ്ട് അവർ പോയി. ഒടുവില്‍ ഒരു റോഡിലെത്തി. ഭാഗ്യംപോലെ ഒരു ഓട്ടോ കിട്ടി. അതിനിടക്ക് എങ്ങനെയൊക്കെയോ ഒരു ഹോട്ടല്‍ ബുക്ക് ചെയ്തു.

ഇന്നത്തെ തലമുറ റോഡില്‍ പാലിക്കേണ്ട മര്യാദ

സുഭാഷ്: റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ബോധവത്കരണ ക്ലാസ് കൊടുത്തിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതുപോലെ ചെറുപ്പത്തിലേ കുട്ടികള്‍ക്ക് റോഡ് നിയമങ്ങള്‍ ബോധ്യപ്പെടുത്തി​ക്കൊടുക്കണം. അതുപോലെ അച്ഛനില്‍നിന്നും അമ്മയില്‍നിന്നും ഇതു കണ്ടുപഠിക്കണം.

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സ്‌ട്രോങ്ങായി നടപടി സ്വീകരിക്കണം. നമ്മള്‍ എല്ലാവരും റോഡിലൂടെ സഞ്ചരിക്കുന്നവരാണ്. നമ്മളുടെ ജീവന്‍ റോഡിലാണ്. എന്തുകൊണ്ട് കുട്ടികളെ റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ചുകൂടാ? എന്തെങ്കിലും ഒരു പ്രശ്‌നം നടന്നാല്‍ പരസ്പരം തര്‍ക്കിക്കുന്നത് കാണാം.

സത്യം പറഞ്ഞാല്‍ രണ്ടുപേര്‍ക്കും അറിയില്ല അവിടെ നിയമപരമായി സംഭവിക്കുന്നത് എന്താണെന്ന്. ആര്‍ക്കാണോ കൈയൂക്കുള്ളത് അവര്‍ അവിടെ തര്‍ക്കിച്ച് ജയിക്കും. അറിവില്ലായ്മയാണ് അവിടത്തെ പ്രശ്‌നം. കുറച്ചുകൂടി റോഡ് നിയമങ്ങളില്‍ അറിവുണ്ടായാല്‍ കുറേയൊക്കെ മാറ്റംവരുമെന്നാണ് എനിക്ക് തോന്നുന്നത്.

Tags:    
News Summary - Souparnika Subhash and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.