റോബർട്ട്, ഡോണി, സേവ്യർ.. ആർ.ഡി.എക്സ് സംഘം ഓണത്തിന് തുടങ്ങിയ തല്ല് ഓണം കഴിഞ്ഞിട്ടും തിയറ്ററുകളെ ഇളക്കിമറിക്കുകയാണ്. ആക്ഷൻ വെടിക്കെട്ടുമായി ഇടിച്ചുകയറുന്ന ‘ആർ.ഡി.എക്സ്’ കൊട്ടകകളെ പൂരപ്പറമ്പാക്കുമ്പോൾ വില്ലൻ പോൾസണും കൈയടികൾ നേടുന്നു. പകനിറച്ച കണ്ണുകളിലൂടെ പ്രേക്ഷകരെ കൊളുത്തിവലിച്ചാണ് പോൾസൺ ജീപ്പിൽ കയറിപ്പോയത്. ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ്, ആർ.ഡി.എക്സിലെ പോൾസൺ.. ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്ത്യ സംസാരിക്കുന്നു.
വിഷ്ണു വിജയൻ എങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്?
ഒരുപാട് കാലമായി എറണാകുളത്താണ് താമസമെങ്കിലും ഞാൻ കൊല്ലം അഞ്ചലുകാരനാണ്. കൃത്യമായി പറഞ്ഞാൽ അഗസ്ത്യക്കോട്. അച്ഛന്റെ വീടിന്റെ പേരാകട്ടെ അഗസ്ത്യഭവൻ എന്നും. ചാനൽ അവതാരകന്റെ വേഷമിട്ടപ്പോൾ പലർക്കും വിഷ്ണു വിജയൻ എന്ന പേരിൽ ഒരു പഞ്ച് തോന്നിയില്ല. പലരും ചെറിയ പേരുമാറ്റം നിർദേശിച്ചു. അങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്. സത്യത്തിൽ വിഷ്ണു വിജയൻ എന്ന പേരായാലും എനിക്ക് കുഴപ്പം ഒന്നുമില്ല.
ചാനലുകളിൽ സോഫ്റ്റായി സംസാരിച്ചിരുന്നയാളാണ് ആർ.ഡി.എക്സിലെ കൊടൂര വില്ലനെന്ന് പലരും അത്ഭുതത്തോടെ പറയുന്നുണ്ട്?
ഏഴു വർഷത്തോളം കിരൺ ടി.വിയിൽ അവതാരകനായിരുന്നു. അന്ന് സമൂഹമാധ്യമങ്ങൾ ഒന്നും അത്ര പോപുലർ അല്ലല്ലോ. ടി.വി അവതാരകർക്ക് ഒരു സ്റ്റാർഡമുണ്ടായിരുന്നു. കിരൺ ടി.വി മാറി സൂര്യ മ്യൂസിക് ലോഞ്ച് ചെയ്തപ്പോൾ അതിന്റെയും ഭാഗമായി. സത്യത്തിൽ സൂര്യ ടി.വിയിൽ പരിചയമുണ്ടായിരുന്ന ഒരാൾവഴി വളരെ യാദൃച്ഛികമായാണ് കിരൺ ടി.വിയിൽ എത്തുന്നത്. ആ ജോലി ശരിക്കും ഗുണംചെയ്തു. ഇന്റർവ്യൂകൾക്കുള്ള റിസർച്ചുകൾ, പുതിയ ബന്ധങ്ങൾ എല്ലാം എന്നെ ബെറ്ററാക്കിയെന്ന് പറയാം.
അഭിനയജീവിതം ആരംഭിക്കുന്നത് എന്നുമുതലാണ്?
പലരും പറയുന്നപോലെ കുഞ്ഞുകാലം മുതലേ സിനിമ സ്വപ്നമാക്കിയയാളല്ല ഞാൻ. കോളജ് കാലത്ത് സ്റ്റേജിലൊന്നും കയറിയ പരിചയംപോലുമില്ല. ഞാനൊരു ‘ആഗ്രഹനടൻ’ മാത്രമായിരുന്നു. എന്റെ അഭിനയശേഷിയെക്കുറിച്ച് എനിക്കുതന്നെ മതിപ്പൊന്നുമില്ലായിരുന്നു. അഭിനയവുമായി ബന്ധപ്പെട്ട് ഒരുപാട് വർക്ക്ഷോപ്പുകൾ ഒക്കെ അറ്റൻഡ് ചെയ്ത് ഘട്ടംഘട്ടമായി സ്വയം പുതുക്കിയെടുക്കുകയായിരുന്നു. ആക്ടിങ്ങിൽ മൂന്നു മാസത്തെ ഒരു കോഴ്സ് തന്നെ ചെയ്തു. പതിയെ സിനിമകളിൽ അവസരം കിട്ടിത്തുടങ്ങി. അരികിൽ ഒരാൾ, ആളൊരുക്കം, മറഡോണ, ഇര, ഒരു കുപ്രസിദ്ധ പയ്യൻ... ഇങ്ങനെ നീളുന്നു സിനിമകൾ.
സിനിമകളേക്കാൾ പോപുലാരിറ്റി നൽകിയത് ‘കരിക്ക്’ ടീമിനുവേണ്ടി ചെയ്ത ‘ഇൻസോമ്നിയ നൈറ്റ്സ്’ അല്ലേ?
‘ഇൻസോമ്നിയ നൈറ്റ്സ്’ ഞങ്ങൾ ഇൻഡിപെൻഡന്റായി ചെയ്ത വർക്കാണ്. ചെയ്ത വർക്കിൽ നല്ല കോൺഫിഡന്റുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കരിക്ക് ടീമിനെ സമീപിച്ചത്. അവർക്കും ഒ.കെയായി. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഏതാണ്ടെല്ലാ മലയാളികൾക്കും കരിക്കിനെ അറിയാമല്ലോ. കരിക്ക് അത് ഏറ്റെടുത്തത് വലിയ വിസിബിലിറ്റി നൽകിയെന്ന് പറയാം.
ഒാ ബേബിയിലും ആർ.ഡി.എക്സിലുംവില്ലനാണ്. രണ്ടു വില്ലന്മാരും തമ്മിൽ ഒരു സാമ്യവുമില്ലല്ലോ?
സംവിധായകരായ രഞ്ജൻ പ്രമോദും നഹാസ് ഹിദായത്തും വളരെ വ്യത്യസ്തരായ ഫിലിം മേക്കേഴ്സാണ്. രണ്ടു വ്യത്യസ്ത സംവിധായകരോടൊപ്പം ജോലിചെയ്യുമ്പോൾതന്നെ വലിയമാറ്റം ഉണ്ടായിരിക്കും. ‘1001 നുണകളി’ലെ ‘വിനയ്’ സൗമ്യനായ മറ്റൊരാളാണ്. പക്ഷേ, ഇതുവെച്ച് ഇനി ഞാൻ ചെയ്യുന്നതെല്ലാം വ്യത്യസ്തമായിരിക്കും എന്നൊന്നും പറയാനേ കഴിയില്ല.
ആർ.ഡി.എക്സ് പോലെ ഒരു മൾട്ടി സ്റ്റാർ ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ചെയ്യുമ്പോൾ ഹൈപ് ഒരു പ്രശ്നമാകില്ലേ?
സത്യത്തിൽ എനിക്ക് പ്രഷർ ഒന്നുമുണ്ടായിരുന്നില്ല. അതിന്റെ ക്രെഡിറ്റ് എന്നെ വിശ്വസിച്ച ഡയറക്ടർക്കും പ്രൊഡ്യൂസർക്കുമാണ്. ഇത്രയും ഹൈപ് റോൾ തന്ന് അവരാണ് റിസ്ക് എടുത്തത്. അവർ എന്നിൽ ട്രസ്റ്റ് ചെയ്തത് വലിയ ധൈര്യം നൽകി. എന്നെക്കൊണ്ട് ആകുന്നതെല്ലാം ആ വേഷത്തിനായി ചെയ്തിട്ടുണ്ട്.
സിനിമയുടെ ആദ്യഘട്ടത്തിൽ സംവിധായകൻ നഹാസിന്റെ മനസ്സിലുണ്ടായിരുന്നത് മറ്റു ഭാഷകളിലുള്ള നടന്മാരാണ്. അതിനിടയിലാണ് സുഹൃത്ത് അശ്വിൻ എന്നെ സജസ്റ്റ് ചെയ്യുന്നത്. നഹാസിനെ ആദ്യം മീറ്റ് ചെയ്തപ്പോൾതന്നെ കഥാപാത്രത്തിന്റെ ഏകദേശ രൂപം കിട്ടി. എന്നേക്കാൾ ഭാരം കുറഞ്ഞയാളെയായിരുന്നു അവർക്കു വേണ്ടത്. ഭാരം കുറച്ച് വീണ്ടും നഹാസിനെ കണ്ടു. റോളിനായി ഞാൻ എടുക്കുന്ന റിസ്ക് കണ്ടിട്ടാകണം നഹാസ് ഒ.കെയായത്.
സിനിമയിലെ എന്റെ നോട്ടത്തെക്കുറിച്ചും കണ്ണുകളെക്കുറിച്ചും എല്ലാവരും പറയുന്നുണ്ട്. അത് പക്ഷേ ഞാനല്ല, ആരു ചെയ്താലും അങ്ങനെത്തന്നെയാകും. കാരണം, പോൾസൺ എന്ന കഥാപാത്രത്തിന്റെ കണ്ണുകളുടെ പ്രത്യേകതകളെക്കുറിച്ച് അവർ ആദ്യമേ എന്നോട് പറഞ്ഞിരുന്നു. മറ്റൊരു പ്രശ്നം എന്റെ സ്കിൻ ടോണായിരുന്നു. വെളുത്ത ടോണുള്ള ഒരാളെ ഡാർക്ക് റോളിലേക്ക് മാറ്റുന്നതിന് പരിമിതികളുണ്ടല്ലോ. കൊച്ചിയിലൂടെ സ്കൂട്ടറെടുത്ത് വെയിലത്തൊക്കെ യാത്രചെയ്താണ് സ്കിൻ ടോൺ കുറച്ച് റഫ് ആക്കിയത്. മറ്റു മേക്കപ്പിന്റെ ക്രെഡിറ്റൊക്കെ അവർക്കാണ്.
കെ.ജി.എഫ്, വിക്രം അടക്കമുള്ള സിനിമകളുടെ ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സിനൊപ്പമുള്ള അനുഭവങ്ങൾ?
ആക്ഷൻ മൂവി ഏതൊരു നടനും വെല്ലുവിളിയാണ്. ഹാർഡ് വർക്ക് ഉണ്ടെങ്കിൽ മാത്രം ചെയ്യാൻപറ്റുന്ന ഒന്ന്. അൻപറിവ് മാസ്റ്റർമാരെപ്പോലെയുള്ളവരുടെ അടുത്തേക്ക് പോകുമ്പോൾ നമ്മൾ മോശമാകരുതല്ലോ. കൃത്യമായി വർക്കൗട്ട് ചെയ്തിട്ടാണ് പോയത്. സ്റ്റണ്ട് മാസ്റ്ററായ ശ്രാവണോടൊപ്പം സ്വകാര്യമായി പ്രാക്ടിസ് ചെയ്തിരുന്നു. ഫിലിം ക്രൂ പോലും അറിയാതെയായിരുന്നു അത്. മട്ടാഞ്ചേരിയിൽ അക്കർ എന്നൊരു സുഹൃത്തുണ്ട് എനിക്ക്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവഴിച്ചു. പോൾസണെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിനും പങ്കുണ്ട്. ആർ.ഡി.എക്സ് ജനങ്ങളെ എന്റർടെയിൻ ചെയ്യിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, ഇത്രയും ഹിറ്റിലേക്ക് പോകുമെന്നൊന്നും കരുതിയതേയില്ല. മികച്ച റിവ്യൂകൾ കേൾക്കുമ്പോൾ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.