നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് സ്വന്തം വഴി വെട്ടിത്തെളിച്ച മിടുക്കിയാണ് 22കാരി അലീന അഭിലാഷ്. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് അങ്ങ് ന്യൂസിലന്‍ഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ആത്മവിശ്വാസത്തില്‍ ഉറച്ചുനിന്നാല്‍ നേടിയെടുക്കാന്‍ സാധിക്കാത്തത് ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് അലീന.
കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന അച്ഛൻ അഭിലാഷ് സെബാസ്റ്റ്യനും അമ്മ ബോബിക്കുമൊപ്പം ന്യൂസിലന്‍ഡിലെത്തുന്നത്. സ്‌കൂള്‍ പഠനശേഷം ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയും ക്രിമിനോളജിയും കരസ്ഥമാക്കി. പണ്ടുതൊട്ടേ റിസ്‌കിയായ കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹവും ഇഷ്ടവുമാണ് അലീനയെ പൊലീസിലെത്തിച്ചത്. എന്നാൽ, പൊലീസിലേക്കുള്ള ഒരൊറ്റ ചുവടുവെപ്പും അലീനക്ക് എളുപ്പമായിരുന്നില്ല.
മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ പ്രതിസന്ധിയും അവൾക്ക് കൂടുതല്‍ പരിശ്രമിക്കാനുള്ള ഊര്‍ജമാണ് നല്‍കിയത്. ആദ്യത്തെ ഫിസിക്കല്‍ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തില്‍ വിജയം നേടി. ലിംഗവിവേചനം, വംശീയത പോലുള്ള വെല്ലുവിളികളെല്ലാം തരണംചെയ്താണ് അലീന പൊലീസ് തൊപ്പി അണിയുന്നത്. റോയല്‍ ന്യൂസിലൻഡ് കോളജില്‍നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കോണ്‍സ്റ്റബ്ള്‍ റാങ്കിലാണ് ആദ്യ നിയമനം.
''ഞാനും യൂനിഫോമും കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍സിലാണ് താൽപര്യം. അതിനാല്‍ സി.ഐ.ബി ആണ് ഇനിയുള്ള ലക്ഷ്യം'' -അലീന പറഞ്ഞു. സഹോദരൻ ആല്‍ബി അഭിലാഷ് വിക്ടോറിയ കോളജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.