കൊടൈക്കനാലിെൻറ ഉൾനാടൻ ഗ്രാമങ്ങളിലേക്കായിരുന്നു ആ യാത്ര. വിഷ് ലിസ്റ്റിൽ ഒരുപറ്റം കവിത നിറയും പേരുകൾ... പൂമ്പാറ, മന്നവന്നൂർ, കുമ്പൂർ, കൗവുഞ്ചി, പോലൂർ, പൂണ്ടി, ക്ലാവര...
യാത്രയിൽ മകളും ഭർത്താവുമടങ്ങിയ സ്ഥിരം ടീം അംഗങ്ങൾ. കൊടൈക്കനാലിെൻറ തിരക്കിൽപെട്ടു ക്ഷീണിച്ചുപോയ മൂന്നു മുഖങ്ങൾ. ഹോട്ടലിൽനിന്ന് ചെക്കൗട്ട് ചെയ്തിറങ്ങിയത് ഒട്ടും പ്രസന്നമല്ലാത്ത മുഖവുമായാണ്. തലേരാത്രിയിലെ ഗാല ഡിന്നറുംകൂടി ചേർന്നതാണ് പാക്കേജ് എന്നുപറഞ്ഞു ഭീമമായ തുക ഈടാക്കാൻ നോക്കിയ ഹോട്ടൽ ജീവനക്കാരനോടുള്ള പ്രതിഷേധത്തിൽ കനത്തുപോയ മുഖങ്ങൾ. പാക്കേജിനു നേരേത്ത തന്നെ പൈസ അടച്ചിരുന്ന ഞങ്ങൾ ഇനി ഒന്നും തരില്ലെന്ന വാശിയിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്തിരുന്നു. എല്ലാ മൂകതയും കാർ ചുരമിറങ്ങി പൂമ്പാറയിലേക്കെത്തുമ്പോഴേക്കും അസ്തമിച്ചിരുന്നു.
കൊടൈക്കനാലിെൻറ പേരുപോലെതന്നെ വഴിനിറയെ കോടമഞ്ഞ് കണ്ടുകണ്ട് സ്വപ്നംപോലെ ഒറ്റപ്പെട്ട ഗ്രാമങ്ങളെ തേടി ഒരു യാത്ര... പൈൻമരക്കാടുകളിലൂടെ മന്നവന്നൂരിലേക്കുള്ള യാത്ര ഹൃദയത്തെ വല്ലാതെ തണുപ്പിച്ചുകളയും. കൊടൈ സിറ്റിയിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയുള്ള പ്രശാന്ത സുന്ദരമാമിടം.
പോകുംവഴിയിലെ സുന്ദരിയായ ഗ്രാമമാണ് പൂമ്പാറ. വഴിയുടെ ഇരുവശവും ആഹ്ലാദമുണർത്തുന്ന കാഴ്ചകളാണ്. ഇടക്കിടെ ശക്തമായ കോടമഞ്ഞ് വന്ന് കാറിനെത്തന്നെയും മൂടിനിൽക്കും. കാർ നിർത്തി ഹൃദയംവരെയും തണുപ്പിച്ച് സ്വപ്നത്തിലെന്നപോലെ നിൽക്കാൻ എന്തു രസമാണ്.
ചെമ്മരിയാടുകൾ മേയുന്ന താഴ്വരകൾ, വെള്ളുള്ളിയും പട്ടാണിയും കാരറ്റും വിളയുന്ന കൃഷിയിടങ്ങൾ, ഗ്രാമത്തിെൻറ ഉള്ളിലേക്കു പോയാൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഇത് ശരിക്കും കർഷക ഗ്രാമമാണ്. മലനിരകളെ തട്ടുകളാക്കിത്തിരിച്ച് വിയർപ്പൊഴുക്കി പരിപാലിക്കുന്ന കൃഷിയിടങ്ങൾ.
വഴിവക്കിലുള്ള ഓരോ കർഷകരുടെയും അടുത്തു നിർത്തി സാധനങ്ങൾ വാങ്ങിയാണ് ഞങ്ങളുടെ യാത്ര. വെള്ളുള്ളിയും കാരറ്റും വാങ്ങിയ ഇടത്തുനിന്ന് പൂമ്പാറക്കാരൻ മാരിമുത്തു മന്നവന്നൂരിനെ പറ്റി ഒരു ജനറൽ പിക്ചർ തന്നു. ''കുഗ്രാമമാണ്. രണ്ടു ബസുകളേ ഉള്ളൂ. ഫോറസ്റ്റ് ഡിപ്പാർട്മെൻറിെൻറ അനുവാദമുണ്ടെങ്കിൽ ഉൾക്കാടുകൾ കാണാം. നിറയെ കാട്ടുപോത്തുണ്ട്. ചില ദിവസം മഞ്ഞുമൂടിയാൽ സൂര്യനെ കാണാൻകൂടി കിട്ടില്ല.''
ശരിക്കും അന്നും മഞ്ഞ് ഞങ്ങളെ ഒരു നല്ല ചിത്രംപോലും എടുക്കാൻ അനുവദിച്ചില്ല. ഏതാണ്ട് പത്തു മീറ്റർ ചുറ്റളവിൽ പോലും വിസിബിലിറ്റി കമ്മി. ഇടക്ക് മഞ്ഞലകൾ മലനിരകളിലേക്ക് പിന്മാറുമ്പോൾ ടി.വി സ്ക്രീനിലെന്നപോലെ തെളിയുന്ന സുന്ദരദൃശ്യങ്ങൾ കണ്ടു ഞങ്ങൾ ആഹ്ലാദംകൊണ്ട് മതിമറന്നു.
ഒരു മനോഹരമായ താഴ്വാരത്തിലേക്കാണ് കാർ വളവുതിരിഞ്ഞെത്തിയത്. ദൂരെ മരങ്ങളുടെയും പുൽമേടുകളുടെയും ഇടയിൽക്കൂടി തടാകത്തിെൻറ ഒരു സുന്ദരദൃശ്യം. ചോലക്കാടുകളും നേർത്ത അരുവികളും നിശ്ശബ്ദതയും നിറഞ്ഞ ഒരിടം. രാജാവിെൻറ ഊരെന്നാണ് പേരെങ്കിലും അധ്വാനിക്കുന്ന നിഷ്കളങ്കരായ മനുഷ്യരാണ് ചുറ്റും. മലകൾക്കിടയിൽ ഒറ്റപ്പെട്ടുപോയ പഴക്കമേറിയ ജനവാസകേന്ദ്രമാണിത്. മനുഷ്യസ്പർശം അധികമേൽക്കാത്തതിേൻറതായ വേറിട്ട സൗന്ദര്യമുള്ള തടാകംതന്നെയാണ് ഇവിടത്തെ ഹൈലൈറ്റ്. മന്നവന്നൂർ ഇക്കോടൂറിസം പാർക്കിൽ ഹോഴ്സ് റൈഡ്, കൊട്ടവഞ്ചി, വാച്ച് ടവർ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാനായുള്ള സ്ഥിരം സങ്കേതങ്ങളുമുണ്ട്.
തടാകക്കരയിൽ, 'പേരൻപി'ലെ അമുദത്തിെൻറയും പാപ്പയുടെയും തകർന്നുതുടങ്ങിയ മരപ്പാലം (റോമൻസ്, ആദവൻ മൂവികളുടെയും ലൊക്കേഷൻ ഇവിടെയാണ്). ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറിെൻറ ഒരു ഷീപ് ആൻഡ് വൂൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയുണ്ട്. ചെമ്മരിയാടുകൾ കുഞ്ഞുങ്ങളുമായി താഴ്വരകളിലേക്ക് വരിയായി പോകുന്ന സുന്ദരകാഴ്ച നോക്കി എത്രനേരം നിന്നെന്ന് അറിയില്ല. തടാകത്തിനു ചുറ്റും ചവിട്ടിയാൽ താഴ്ന്നുപോകുന്ന ചതുപ്പുനിലങ്ങളാണ്. മഞ്ഞിൽ പൊതിഞ്ഞ പുൽനാമ്പുകളിൽനിന്നും ഉയർന്നുനിൽക്കുന്ന മഞ്ഞയും വെള്ളയും ഇടകലർന്ന കുഞ്ഞിപ്പൂക്കൾ...
തടാകക്കരയിലെ പുൽമേടുകളിലൂടെ അലസം നടന്നു. വൃത്തിയുള്ള ടോയ്ലറ്റുള്ള ഒരിടംകൂടിയാണ് എന്നു മനസ്സിലോർത്തു. ട്രക്കേഴ്സിെൻറ സ്വർഗംകൂടിയാണിവിടം.
മന്നവന്നൂരിൽനിന്ന് ബാരിജത്തേക്ക് ഒരു ട്രക്കിങ് പാതയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുേമ്പ ബ്രിട്ടീഷുകാരുടെ കാലത്തു ബാരിജത്തിൽനിന്ന് ടോപ് സ്റ്റേഷൻ വഴി കോടൈയിൽനിന്നു മൂന്നാറിലേക്ക് ഒരു എസ്കേപ് റോഡുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജാപ്പനീസ് ആക്രമണമുണ്ടായാൽ എളുപ്പത്തിൽ കൊടൈക്കനാൽ-ബാരിജം-ടോപ് സ്റ്റേഷൻ വഴി കൊച്ചി തുറമുഖത്തെത്തി കടലു കടക്കാനുള്ള ബ്രിട്ടീഷ് ബുദ്ധി... നമിച്ചു!
അന്നു ജാപ്പനീസ് പട്ടാളം മദിരാശി നഗരത്തിൽ നടത്തിയ ബോംബിങ്ങിൽ പരിഭ്രാന്തരായ അന്നത്തെ മദ്രാസ് റെസിഡൻസിയിലെ സമ്പന്നരായ ബ്രിട്ടീഷ് ജനത പളനിമലനിരകളിലെ കൊടൈക്കനാലിലേക്കു ചേക്കേറി. പശ്ചിമഘട്ടമായിരുന്നു അന്നവരുടെ പലായനത്തിനുള്ള വിഘാതം. അതിനു പരിഹാരമായി ബാരിജം തടാകത്തിനെ ചുറ്റി വരന്തരവ് കൊടുമുടിയെ അരികിലാക്കിയുള്ള ആ പുരാതനമായ റോഡ് ബ്രിട്ടീഷ് മിലിട്ടറിയുടെ സിവിൽ എൻജിനീയറിങ് വിഭാഗം മിനുക്കിയെടുക്കുകതന്നെ ചെയ്തു. 2480 അടി ഉയരത്തിൽ ഒരു എസ്കേപ് റോഡ്. അന്ന് ആ റോഡ് വഴി കൊടൈക്കനാലിൽനിന്നു കേരളത്തിലേക്കുള്ള ദൈർഘ്യം വെറും 49 കിലോമീറ്റർ. ഇന്ന് നമ്മൾ ഏതാണ്ട് 170 കിലോമീറ്റർ യാത്രചെയ്യുന്ന ദൂരം. ഏഷ്യയിൽ കാട്ടുപോത്തുകളുടെ നൈസർഗികമായ വിഹാര ഇടമാണത്രെ വരന്തരവ് പീക്. പതിവുപോലെ ഈ പാതയും തമിഴ്നാട്, കേരള സർക്കാറുകളുടെ മത്സരിച്ചുള്ള നോട്ടക്കുറവിൽ നാമാവശേഷമായിക്കഴിഞ്ഞു.
മന്നവന്നൂരും കഴിഞ്ഞാണ് കൗവുഞ്ചി. വിക്രമിെൻറ ഐ മൂവിയുടെ കുറെ ഭാഗങ്ങൾ ഇവിെടയാണ് ഷൂട്ട് ചെയ്തത്. കൃഷിയിടങ്ങളുടെ സൗന്ദര്യമാണ് ഇവിടത്തെയും പ്രധാന ആകർഷണം. കൗവുഞ്ചിയിൽനിന്ന് വെളുത്തുള്ളി മണക്കുന്ന ഗ്രാമമായ പൂണ്ടിയും കഴിഞ്ഞ് ക്ലാവരയെത്തുമ്പോൾ പാത മുറിയുന്നു. ഇനി വനമാണ്. ഏതാണ്ട് എസ്കേപ് റോഡിനു സമാന്തരമായി വട്ടവട ചെന്നുകയറാൻ കഴിയുന്ന ഒരു പാതയായിരുന്നത്രെ ഇതും.
മന്നവന്നൂരിൽനിന്ന് അഞ്ചു കിലോമീറ്റർകൂടി യാത്രചെയ്താൽ കുമ്പൂർ ഗ്രാമം എത്തും. അവിടെനിന്നുമൊരു ഫോർ വീൽ ഡ്രൈവിൽ നിങ്ങൾക്ക് തമ്പുരാൻകോവിൽ എത്താം. നീലക്കുറിഞ്ഞികൾ കാലംതെറ്റി പൂത്തുനിൽക്കുന്ന പുൽമേടുകളുടെ ഒരിക്കലും മടുക്കാത്ത കാഴ്ച കാണാം. കൺമുന്നിൽ സഹ്യെൻറ വിസ്മയിപ്പിച്ചു പടർന്നുകിടക്കുന്ന ഗിരിശൃംഗങ്ങൾ... താഴെ മഞ്ചംപെട്ടി താഴ്വര. കൊടൈക്കനാലിൽനിന്നു മന്നവന്നൂർ പൂണ്ടി വഴി യാത്ര ചെയ്താൽ നാട്ടാംപെട്ടിയിലെത്താം. തണുത്തു പോയ ഹൃദയവുമായാണ് തിരികെ പോന്നത്. അത്രയും നിർമല പ്രകൃതിയായിരുന്നു...
മുമ്പ് കണ്ട സ്ഥലങ്ങൾ പിന്നീട് പോകുമ്പോൾ പ്ലാസ്റ്റിക്ക് വന്മലകളാൽ നശിപ്പിക്കപ്പെട്ടുകിടക്കുന്ന കാഴ്ച എത്ര ദുസ്സഹമെന്നോ. യാത്രികരുടെ കാൽപ്പാടുപോലും പതിയാതെ സ്ഥലങ്ങളെ ഒന്നനുഭവിച്ചുനോക്കൂ. അലറിവിളിച്ചും കാട്ടിൽക്കൂടി ഹോണടിച്ചു പാഞ്ഞും പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും ഉപേക്ഷിച്ചുപോകുന്നതുമായ യാത്രകൾക്കെതിരെ ഫലപ്രദമായ കാമ്പയിൻ ഉണ്ടാകുമെന്നും നല്ല ഒരു യാത്രാസംസ്കാരമുണ്ടാകുമെന്ന പ്രത്യാശയോടെ...
ആനന്ദയാത്രാവഴി ഇങ്ങനെ...
മന്നവന്നൂരിൽ 1500 രൂപ മുതൽ ഇക്കോ ടൂറിസത്തിെൻറ താമസസൗകര്യം ലഭിക്കും. കൊടൈക്കനാൽ-പൂമ്പാറ-മന്നവന്നൂർ ആണ് വഴി. കൊടൈക്കനാലിൽനിന്ന് ക്ലാവര, കടവരി, കോട്ടക്കമ്പൂർ, വട്ടവട വഴി മൂന്നാർ എത്താൻ കഴിയും. കൗവുഞ്ചി വരെയാണ് നല്ല റോഡ്. അതിനുശേഷം നല്ല റോഡ് അവസാനിക്കുന്നു. മന്നവന്നൂരിൽ നാം അമിത പ്രതീക്ഷകളുമായി പോകരുത്. പരമശാന്തമായ തടാകവും ട്രക്കിങ്ങുമാണ് ഇവിടത്തെ ആകർഷണീയത.
കൊടൈ-മന്നവന്നൂർ- 30 കിലോമീറ്റർ
മന്നവന്നൂർ-പൂണ്ടി - 8 കിലോമീറ്റർ
പൂണ്ടി-ക്ലാവര - 2 കിലോമീറ്റർ
(കുടുംബം മാഗസിൻ 2021 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.