എല്ലാ യാത്രകളും വ്യത്യസ്ത അനുഭവങ്ങളാണ്. ഒരു സ്ഥലം സന്ദർശിച്ച് മടങ്ങുക എന്നതിലുപരി അവിടത്തെ ചരിത്രം ഉൾപ്പെടെ സകല സംഭവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യംകൂടി എെൻറ യാത്രക്കുണ്ട്. ഏതു സ്ഥലമായാലും അവിടത്തെ കിട്ടാവുന്ന പരമാവധി വിഷ്വലുകളും ഫോട്ടോയും എടുക്കും. ഓരോ യാത്രയിലും എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അങ്ങനെയൊരു വ്യത്യസ്ത അനുഭവമായിരുന്നു വൈറ്റ് ഹൗസ് സന്ദർശനത്തിടെയുണ്ടായത്.
വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ന്യൂയോർക്കിൽനിന്ന് ഇനി പോവാനുള്ളത് വാഷിങ്ടൺ ഡി.സിയിലേക്കാണ്. വൈറ്റ് ഹൗസാണ് ലക്ഷ്യം. ടൂർ ഓപറേറ്ററുടെ സഹായത്തോടെയായിരുന്നു യാത്ര. ഏതാണ്ട് 3-4 മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ വാഷിങ്ടണിലെത്തി. വൈറ്റ് ഹൗസിന് അകത്തേക്ക് കാഴ്ചക്കാർക്ക് പ്രവേശനമില്ല. കമ്പിവേലിക്ക് പുറത്തുനിന്ന് കാണാനുള്ള അനുമതിയേ ഉള്ളൂ. വാഷിങ്ടണിലെ മറ്റു സ്ഥലങ്ങളും സന്ദർശിക്കേണ്ടതിനാൽ ടൂർ ഓപറേറ്റർ 10 മിനിറ്റ് സമയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വൈറ്റ് ഹൗസ് എനിക്ക് വിശദമായി ചിത്രീകരിക്കേണ്ടതുണ്ട്.
പ്രേക്ഷകർക്കായി ചരിത്രം ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദീകരിക്കണം. അതിനായി ധാരാളം വിഷ്വൽ ഫൂട്ടേജുകളും ആവശ്യമാണ്. ആകെ പത്തുമിനിറ്റ് സമയവും. ഞങ്ങൾ എത്തുമ്പോൾ വൈറ്റ് ഹൗസ് പരിസരം വിജനമായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെപ്പോലും കാണാനില്ല. എല്ലാരും കമ്പിവേലി കറങ്ങിത്തിരിഞ്ഞ് വൈറ്റ് ഹൗസ് കാണുമ്പോൾ ഞാൻ അതിെൻറ ഓരോ ഭാഗങ്ങളും പരമാവധി ദൂരെ നിന്ന് കാമറയിൽ സൂം ചെയത് ഒപ്പിയെടുക്കുകയായിരുന്നു. വെപ്രാളത്തിൽ പത്തുമിനിറ്റ് പോയത് അറിഞ്ഞില്ല. സമയമായതോടെ എല്ലാവരും തിരികെ ബസിലേക്ക് മടങ്ങി.
മനസ്സില്ലാമനസ്സോടെ മടങ്ങാനായി കാമറയും ട്രൈപോഡും ബാഗിലാക്കി രണ്ടടി നടന്നപ്പോഴേക്കും പെട്ടെന്ന് മുന്നിൽ ഒരു സൈക്കിൾ വട്ടം ചുറ്റി നിർത്തി. ആദ്യം തമാശയാണെന്ന് കരുതി അവഗണിച്ച് മടങ്ങാൻ ശ്രമിക്കുന്നതിനിടെ അയാൾ എെൻറ ദേഹത്ത് സൈക്കിൾ മുട്ടിച്ചു വീണ്ടും വിലങ്ങിട്ടു. വഴി മുടക്കി നിർത്തിയതോെട എനിക്ക് ദേഷ്യം വന്നു. എങ്കിലും അവഗണിച്ച് പോകാൻ ഒരുങ്ങവെ ഒരു വനിത ഉൾപ്പെടെ രണ്ടാളുകൾ കൂടി സൈക്കിളിലെത്തി വട്ടമിട്ടു ലോക്ക് ചെയ്തു. ചിരിച്ചുകൊണ്ട് അവർ എെൻറ പേരും നാടുമൊക്കെ ചോദിക്കാൻ തുടങ്ങി. എന്തോ പന്തികേടുണ്ടെന്ന് ചോദ്യം കേട്ടപ്പോൾ മനസ്സിലായി. മഫ്തിയിലെത്തിയ വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായിരുന്നു. ഞാൻ ചാനൽ എം.ഡി ആണെന്നും ഇന്ത്യയിൽനിന്നാണെന്നും പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ല... ഐഡി കാർഡ് കാണിക്കാൻ പറഞ്ഞതോടെ ഞാൻ ൈകയിലുള്ള വിസിറ്റിങ് കാർഡ് നീട്ടി.
'സന്തോഷ് ജോർജ് കുളങ്ങര, എം.ഡി, സഫാരി ടി.വി, കേരള, ഇന്ത്യ... വായിച്ചതോടെ അവർ പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി. ഞാനാകെ വെപ്രാളത്താൽ വിയർത്തുകുളിച്ചിരുന്നു. 'ചാനലിെൻറ എം.ഡിയാണോ നിങ്ങൾ എന്ന് അവർ... അതെ എന്നും വെബ്സൈറ്റ് പരിശോധിച്ചോളൂ എന്ന് ഞാനും. വിയർത്ത് മുഷിഞ്ഞ എെൻറ വേഷമൊക്കെ കണ്ടിട്ട് അവർക്ക് ഒരു ചാനലിെൻറ മുതലാളിയാണെന്നൊന്നും തോന്നിയില്ല. സത്യത്തിൽ അവരെയും പറഞ്ഞിട്ട് കാര്യമില്ല..
ബാഗ് തുറക്കാൻ പറഞ്ഞു. ബാഗിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന പേടിയോടെയാണ് അവരുടെ പെരുമാറ്റം. കാമറയും ബാഗും മെമ്മറി കാർഡും വിശദമായി പരിശോധിച്ചു. 'വെബ്സൈറ്റിലുള്ളത് അനുസരിച്ച് നിങ്ങൾ പറഞ്ഞത് ശരിയാണ്, പക്ഷേ, എന്തിന് വൈറ്റ് ഹൗസിെൻറ മുക്കും മൂലയും സൂക്ഷ്മതയോടെ റെക്കോഡ് ചെയ്തു എന്നായി അവർ. ഞാൻ അറിയാവുന്ന രീതിയിൽ അവരോട് കാര്യം പറഞ്ഞു. സഫാരി ചാനലിനെക്കുറിച്ചും കാമറമാനും പ്രൊഡ്യൂസറും എല്ലാം ഞാനാണെന്നും മറ്റും... അതിനിടെ എന്നെ കാണാതായതോടെ അന്വേഷിച്ച് ടൂർ ഓപറേറ്ററും അവിടെ എത്തി. ഞാൻ ഇന്ത്യയിൽനിന്നുള്ള ടൂറിസ്റ്റാണെന്ന് പറഞ്ഞെങ്കിലും അയാളെ ഉദ്യോഗസ്ഥർ മാറ്റി നിർത്തി... അവസാനം വിമാനത്താവളത്തിലേക്കും എംബസിയിലേക്കും വരെ വിളിച്ചന്വേഷിച്ചു. 45 മിനിറ്റോളം ചോദ്യംചെയ്യൽ നീണ്ടു. ഒടുവിൽ കാര്യങ്ങൾ മനസ്സിലായതോടെ സോറി പറഞ്ഞ് എന്നെ വിടുകയായിരുന്നു.
വൈറ്റ്ഹൗസ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രസിഡൻറിെൻറ പവർപോലെയാണ് വൈറ്റ്ഹൗസും. ഒരു ഉദ്യോഗസ്ഥരെപ്പോലും പുറമെ കാണാൻ ഇല്ലെങ്കിലും അവിടെയെത്തുന്ന എല്ലാ സന്ദർശകരുടെയും നീക്കങ്ങൾ അവർ വീക്ഷിക്കുന്നു. എെൻറ നീക്കങ്ങളും അവർ സസൂക്ഷ്മം നിരീക്ഷിച്ചു മനസ്സിലാക്കി. ●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.