കൊച്ചി: ലക്ഷദ്വീപിലെത്തിയ പാർലമെൻററി കമ്മിറ്റിക്ക് മുന്നിൽ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ വിശദീകരിച്ച് മുഹമ്മദ് ഫൈസൽ എം.പി. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബാലശൗരി വല്ലഭനേനി എം.പി ചെയർമാനായ സബോർഡിനേറ്റ് ലെജിസ്ലേറ്റിവ് പാർലമെൻററി കമ്മിറ്റിക്ക് മുന്നിലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷന്‍റെ ജനാധിപത്യവിരുദ്ധ പ്രവണതകളും നയങ്ങളിലെ ഭരണഘടന വിരുദ്ധതയും വ്യക്തമാക്കിയത്.
തുടർന്ന് അഡ്മിനിസ്ട്രേഷന്‍റെ കീഴിൽ ഇറങ്ങിയ ഉത്തരവുകൾ, നിയമങ്ങൾ, ഉപനിയമങ്ങൾ, നിയമചട്ടങ്ങൾ എന്നീ ഭരണ നിർവഹണ പ്രക്രിയകളെ കുറിച്ച് പാർലമെൻററി കമ്മിറ്റി വിശകലനം ചെയ്തു. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേഷൻ മറുപടി നൽകണം. തുടർന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം തുടർനടപടികൾ സ്വീകരിക്കും.
കവരത്തി സെക്രട്ടേറിയറ്റിൽ നടന്ന പ്രത്യേക യോഗത്തിൽ പാർലമെൻററി കമ്മിറ്റി അംഗമായി കേരളത്തിൽനിന്നുള്ള എം.പി എൻ.കെ. പ്രേമചന്ദ്രനുമുണ്ടായിരുന്നു. ജനങ്ങളുടെ അഭിപ്രായം മാനിക്കാതെയും ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെയും അഡ്മിനിസ്ട്രേറ്റർ തന്‍റെ ഇഷ്ടപ്രകാരം തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതിലെ ഭരണഘടന വിരുദ്ധത മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി. പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.