കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലടക്കമുള്ള നാലുപ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി വിചാരണ വിധിച്ച 10 വർഷം തടവുശിക്ഷയാണ് മരവിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ കുറ്റവാളിയാണെന്ന് കീഴ്ക്കോടതി കണ്ടെത്തിയത് തള്ളണമെന്ന എം.പിയുടെ അപേക്ഷ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് നിരസിച്ചു.
2009ലെ രാഷ്ട്രീയസംഘർഷത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിൽ ഈവർഷം ജനുവരി 11 ന് കവരത്തി സെഷൻസ് കോടതി ഫൈസലും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. നാല് പ്രതികൾക്കും 10 വർഷത്തെ കഠിന തടവും വിധിച്ചു. കോടതി ശിക്ഷിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫൈസൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു.
തുടർന്ന് നാല് പ്രതികളും ജനുവരി 12ന് ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചു. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജനുവരി 25ന് ഹൈകോടതി ശിക്ഷ സസ്പെൻഡ് ചെയ്തതോടെ അയോഗ്യത നീങ്ങി. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും സുപ്രീംകോടതിയിൽ ഹരജി നൽകി. ഹൈകോടതി ഉത്തരവ് റദ്ദാക്കി അപ്പീൽ വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് കേസ് പരിഗണിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്തത്.
ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ എം.പിയുടെ ശിക്ഷ സസ്പെൻഡ് ചെയ്ത നടപടി നിയമപരമല്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. ഫൈസലിനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ കപിൽ സിബിലാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.